ജൂതവിരുദ്ധതയില്ല, സ്ത്രീ വിരുദ്ധതയില്ല; സൗദിയില്‍ സ്‌കൂള്‍ പാഠഭാഗങ്ങള്‍ മാറുന്നു

സൗദി അറേബ്യയിലെ സ്‌കൂളുകളിലെ പാഠഭാഗങ്ങളിലെ വിവാദ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പല തവണ വിവാദത്തിലായതാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍, ജൂതവിരുദ്ധത, വര്‍ഗീയ പരാമര്‍ശം എന്നിവ കുട്ടികള്‍ക്കുള്ള പാഠഭാഗങ്ങളില്‍ ഉണ്ടെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു.

എന്നാല്‍ ഇത്തരം പാഠഭാഗങ്ങള്‍ നീക്കം ചെയ്തു വരികയാണ് രാജ്യത്തെ വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍. ക്രിസ്ത്യന്‍ വിഭാഗക്കാര്‍, ജൂതര്‍, ഷിയ മുസ്‌ലിം എന്നിവര്‍ക്കെതിരെയുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്യുകയോ മയപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലായി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടന്നു വരികയാണ്. 2019 ല്‍ പുറത്തിറക്കിയ പാഠപുസ്തകത്തില്‍ നിന്നും ജൂതര്‍ ലോകത്തിന്റെ ആധിപത്യത്തിനായി ശ്രമിക്കുകയാണെന്ന് പറയുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.

ഇത്തരം പാഠഭാഗങ്ങള്‍ക്ക് പകരമായി സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി എന്നിവയെക്കുറിച്ച് പറയുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ ക്ലാസിലെ കുട്ടികള്‍ക്കു വരെ ഇത്തരം പാഠഭാഗങ്ങള്‍ പഠിക്കാനുണ്ട്. ഇതിനു പുറമെ സ്വവര്‍ഗ രതിയിലേര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ ലഭിക്കും എന്ന് പറയുന്ന പാഠഭാഗവും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചില പാഠപുസ്തകങ്ങളില്‍ ഇപ്പോഴും പൂര്‍ണമായും മാറ്റം വന്നിട്ടില്ല. ജൂതരെ മോശമായി ചിത്രീകരിക്കുന്ന ചില പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് ഇപ്പോഴുമുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

Latest News