സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ 87 ശതമാനം കുറവ്; പക്ഷെ,

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷ വിധിക്കുന്നതില്‍ വന്‍ കുറവ്. 2020 ല്‍ 27 വധശിക്ഷകള്‍ മാത്രമാണ് രാജ്യത്ത് നടപ്പാക്കിയത്. 87 ശതമാനം കുറവാണ് മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ല്‍ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കു പ്രകാരം 2019 ല്‍ 184 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ വര്‍ഷമായിരുന്നു 2019 എന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്.

ഈ വര്‍ഷം വധശിക്ഷ കുറയാനുള്ള കാരണങ്ങള്‍

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരെ സൗദിയില്‍ മുന്‍വര്‍ഷങ്ങളില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ പിടിയിലാവുന്നവരെ റിഹാബിലേഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും മയക്കുമരുന്ന് കടത്ത് തടയാനുള്ള വഴികളുമാണ് വധശിക്ഷയ്ക്ക് പകരം സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൗദി സര്‍ക്കാരിന് കീഴിലുള്ള മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്. ഇതിനു പുറമെ അക്രമകുറ്റകൃതൃങ്ങളല്ലാത്ത കുറ്റങ്ങള്‍ക്ക് വധശിക്ഷ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

ആശ്വസിക്കാന്‍ വകയുണ്ടോ?

2020 ല്‍ സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുറഞ്ഞെങ്കിലും 2021 ല്‍ ഇവയുടെ എണ്ണം കൂടുമെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ റിപ്രപൈവ് പറയുന്നത്. ഇതിനുള്ള കാരണങ്ങളും ഇവര്‍ നിരത്തുന്നു.

കണക്കുകള്‍ പ്രകാരം 27 വധശിക്ഷ മാത്രമേ സൗദിയില്‍ 2020 ല്‍ നടന്നിട്ടുള്ളൂ. പക്ഷെ സര്‍ക്കാര്‍ ഉത്തരവിട്ട മൂന്നിലൊന്ന് വധശിക്ഷകളും നടപ്പിലാക്കിയത് 2020 ഡിസംബറിലാണ്.

കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ രാജ്യത്ത് ഇത്തവണ പരിമിതികളുണ്ടായിരുന്നു. കൊവിഡ് നിയന്ത്രണ വിധേയമായതോടെ ഡിസംബറില്‍ വധശിക്ഷകളുടെ എണ്ണം കൂടിയത് 2021 ല്‍ ഈ എണ്ണം കൂടുമെന്നാണ് സൂചിപ്പിക്കുന്നതെന്ന് റിപ്രൈവ് പറയുന്നു.

അതേസമയം വധശിക്ഷ പോലുള്ള ശിക്ഷാ നടപടികളുടെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ നേരിടുന്ന സൗദിക്ക് നേരെ വിമര്‍ശനം ഉയരുന്നതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ വധശിക്ഷകളുടെ എണ്ണം കുറയ്ക്കണമെന്നത് പരിഗണനയിലുണ്ട്.

കഴിഞ്ഞ വര്‍ഷം കോടതി ഉചത്തരവ് പ്രകാരം നടപ്പാക്കുന്ന മറ്റൊരു ശിക്ഷാ രീതിയായ ചാട്ടവാറടി സൗദിയില്‍ നിരോധിച്ചിരുന്നു. ഒപ്പം 18 വയസ്സിനു താഴെയുള്ളവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനുമുണ്ടായിരുന്നു.

Latest News