അനുനയത്തിലേക്കെന്ന് സൗദിയും; ഖത്തര്‍-സൗദി സൗഹൃദ പാതയ്ക്ക് വഴി തുറക്കുന്നു

റിയാദ്: ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നറിയിച്ച് സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്. ഇറ്റലിയിലെ ആനുവല്‍ മെഡിറ്ററേനിയന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യമന്ത്രി.
‘ഈ പുരോഗതി അന്തിമധാരണയിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും തൃപ്തികരമാവുന്ന തരത്തില്‍ തര്‍ക്കത്തിലുള്ള എല്ലാ രാജ്യങ്ങളുമായി ധാരണയിലെത്താനാവുമെന്നതില് ശുഭാപ്തി വിശ്വാസമുണ്ട്,’ സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.
അതേസമയം ഖത്തറുമായി ഉപരോധത്തിലുള്ള മറ്റ് അറബ് രാജ്യങ്ങളായ ബഹ്റിന്, ഈജിപ്ത്, യുഎഇ എന്നിവ ഇപ്പോഴത്തെ ചര്‍ച്ചയുടെ ഭാഗമായിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഖത്തറുമായുള്ള സമവായപാതയിലേക്ക് യുഎഇയെ അടുപ്പിക്കുക ഇപ്പോഴും എളുപ്പമല്ലെന്നാണ് ഔദ്യോഗിക സൂചനകള്‍.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാരദ് കുഷ്നറും ഔദ്യോഗിക സംഘവും സൗദിയും ഖത്തറുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തര്‍ക്കം അയയുന്നത്. കുവൈറ്റിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് അല്‍ താനി കുവൈറ്റിന് നന്ദി അറിയിച്ചിട്ടുണ്ട്.
‘കുവൈറ്റ് സ്റ്റേറ്റിന്റെ മധ്യസ്ഥതയ്ക്കും അമേരിക്കയുടെ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ നന്ദി അറിയിക്കുന്നു,’ അല്‍ താനി ട്വിറ്ററില്‍ കുറിച്ചു.
2017 ലാണ് തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നെന്നും ഇറാന് രഹസ്യ സൈനിക സഹായം നല്‍കുന്നെന്നും ആരോപിച്ച് യുഎഇ, സൗദി അറേബ്യ, ഈജിപ്ത്. ബഹ്റിന് എന്നീ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അധികാരത്തിലേറുന്നതിനു മുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ നയങ്ങള്‍ നടപ്പാക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍.