ഫക്രിസാദെയുടെ കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സൗദിയില്‍ ഇസ്രയേല്‍ വിമാനം; റിപ്പോര്‍ട്ടുകള്‍ തള്ളി സൗദി
റിയാദ്: ഇറാന്റെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി സൗദി അറേബ്യ. ഫക്രിസാദെ കൊലപ്പെടുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി എന്നിവര്‍ കൂടിക്കാഴ്ച നടത്തിയെന്ന മാധ്യമറിപ്പോര്‍ട്ടാണ് സൗദി അറേബ്യ തള്ളിയത്. വാര്‍ത്തകള്‍ തെറ്റാണെന്നും അത്തരമൊരു ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സൗദി വിദേശകാര്യ സഹമന്ത്രി അറിയിച്ചു. ഇറാനില്‍ എന്തെങ്കിലും പ്രതികൂല സംഭവമുണ്ടായാല്‍ സൗദിയെ കുറ്റപ്പെടുത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അടുത്ത ഭൂകമ്പത്തിനോ വെള്ളപ്പൊക്കത്തിനോ […]

റിയാദ്: ഇറാന്റെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി സൗദി അറേബ്യ.
ഫക്രിസാദെ കൊലപ്പെടുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി എന്നിവര്‍ കൂടിക്കാഴ്ച നടത്തിയെന്ന മാധ്യമറിപ്പോര്‍ട്ടാണ് സൗദി അറേബ്യ തള്ളിയത്. വാര്‍ത്തകള്‍ തെറ്റാണെന്നും അത്തരമൊരു ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സൗദി വിദേശകാര്യ സഹമന്ത്രി അറിയിച്ചു.
ഇറാനില്‍ എന്തെങ്കിലും പ്രതികൂല സംഭവമുണ്ടായാല്‍ സൗദിയെ കുറ്റപ്പെടുത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അടുത്ത ഭൂകമ്പത്തിനോ വെള്ളപ്പൊക്കത്തിനോ അദ്ദേഹം തങ്ങളെ കുറ്റപ്പെടുത്തുമോയെന്നും സൗദി ചോദിച്ചു. കൊലപാതകങ്ങളില്‍ ഏര്‍പ്പെടുന്നത് സൗദി അറേബ്യയുടെ നയമല്ലെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
ഫക്രിസാദെയുടെ വധത്തില്‍ റിയാദിന് പങ്കുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റും ചെയ്തിരുന്നു. സൗദിയില്‍ നടന്ന രഹസ്യ കൂടിക്കാഴ്ചയിലാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്നുെം ഇറാന്‍ ആരോപിച്ചിരുന്നു. ഇസ്രയേലിലെ ചില മന്ത്രിമാരും മാധ്യമങ്ങളും കൂടിക്കാഴ്ച നടന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍ 22ന് രാത്രി സൗദി അറേബ്യയിലെ നിയോമില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആരോപണം.
വര്‍ഷങ്ങളായി ഇസ്രയേലില്‍ നിന്ന് സൗദിയിലേക്ക് വിമാനസര്‍വ്വീസുകള്‍ നടത്തുന്നില്ല. സൗദിയുടെ വ്യോമപാതയും ഇസ്രയേല്‍ വിമാനങ്ങള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ അടുത്തിടെ യുഎഇയിലേക്കുള്ള യാത്രക്കിടെ ഇസ്രയേല്‍ വിമാനം സൗദിക്കു മുകളിലൂടെ പറന്നിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രിയും മൊസാദ് തലവനും ടെല്‍ അവീവില്‍ നിന്ന് രഹസ്യമായി നിയോമിലേക്ക് പറന്നുവെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ ഔദ്യോഗികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫക്രിസാദെയുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന ഇറാനിയന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ആസൂത്രിത കൊലപാതകമാണ് നടന്നത്. റിമോര്‍ട്ട് നിയന്ത്രിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി പറഞ്ഞതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തിന് പിന്നില്‍ ഇസ്രയേലും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദുമാണെന്ന് സംശയമില്ലെന്നും ഷംഖാനി പറഞ്ഞു.
”കഴിഞ്ഞ 20 വര്‍ഷമായി ഇസ്രയേലിന്റെ ആവശ്യമായിരുന്നു ഫക്രിസാദെയെ കൊല്ലുക എന്നത്. ഇത്തവണ അവര്‍ അത് കൃത്യമായ ആസൂത്രണത്തോടെ, പുതിയ മാര്‍ഗങ്ങളിലൂടെ നടപ്പാക്കുകയായിരുന്നു. അത് വിജയിക്കുകയും ചെയ്തു.”- അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മുജാഹിദ്ദീന്‍ ഇ ഖല്‍ക്ക് എന്ന ഇറാനിയന്‍ സംഘത്തിന്റെ പങ്കാളിത്തവും ഷംഖാനി സൂചിപ്പിച്ചു. മുജാഹിദ്ദീന്‍ ഇ ഖല്‍ക്കിനെ ഭീകരവാദ സംഘമായാണ് ഇറാന്‍ കണക്കാക്കുന്നത്.
വിദൂര നിയന്ത്രിത മെഷീന്‍ ഗണ്‍ ആണ് കൊലപാതകം നടത്താന്‍ ഉപയോഗിച്ചതെന്ന് ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞദിവസമാണ് ഫക്രിസാദെ കൊല്ലപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച കാറിന് സമീപം ഒരു ട്രക്കില്‍ ഒളിപ്പിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചെന്നും തുടര്‍ന്ന് ഒരുസംഘമാളുകള്‍ വെടിവയ്ക്കുകയായിരുന്നു എന്നാണ് കൊലപാതകം സംബന്ധിച്ച് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
സ്ഥലത്ത് നിന്ന് ലഭിച്ച ആയുധത്തില്‍ ഇസ്രയേലി സേനാ വ്യവസായത്തിന്റെ അടയാളമുണ്ടെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപഗ്രഹത്താല്‍ നിയന്ത്രിക്കപ്പെട്ട ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് അറബിക് ചാനല്‍ അല്‍ ആലമും അര്‍ധ ഔദ്യോഗിക ഫാര്‍സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്റെ ‘അമാദ്’, ‘ഹോപ്’ പദ്ധതികളെ നയിച്ചിരുന്നത് ഫക്രിസാദെയായിരുന്നു. മൊസാദും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയും ഫക്രിസാദെയെ 2006 മുതല്‍ നിരീക്ഷിക്കുന്നുണ്ട്.