Top

‘എനിക്ക് അത്ര കോണ്‍ഫിഡന്‍സ് ഇല്ല’; നാടോടിക്കാറ്റ് നാലാം ഭാഗത്തേക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇപ്പോൾ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സത്യൻ അന്തിക്കാട്.

10 March 2021 10:41 AM GMT
Joel Stalin

‘എനിക്ക് അത്ര കോണ്‍ഫിഡന്‍സ് ഇല്ല’; നാടോടിക്കാറ്റ് നാലാം ഭാഗത്തേക്കുറിച്ച് സത്യന്‍ അന്തിക്കാട്
X

സത്യന്‍ അന്തിക്കാട് ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പുതിയ ചിത്രമൊരുക്കുന്ന എന്ന വാര്‍ത്തകള്‍ക്കിടെയാണ് സംവിധായകന്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രമെത്തിയിരിക്കുന്നത്. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നെന്ന വാര്‍ത്തകളും പിന്നാലെയെത്തി. സിനിമാലോകത്ത ചര്‍ച്ചകള്‍ക്കും പ്രേക്ഷകരുടെ സംശയങ്ങള്‍ക്കുമിടെ സത്യന്‍ അന്തിക്കാട് റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിക്കുന്നു.

താങ്കളും ഇക്‌ബാൽ കുറ്റിപ്പുറവും മോഹൻലാലും ഒന്നിച്ചുള്ള ഒരു സ്റ്റിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണല്ലോ. മോഹൻലാലുമായി ഒരു സിനിമ മനസ്സിലുണ്ടോ?

ഞാനും ഇക്‌ബാൽ കുറ്റിപ്പുറവും ഒന്നിച്ച് തൃശ്ശുരിൽ ഒരു ഹോട്ടലിൽ ഇരുന്ന് ഒരു സ്ക്രിപ്റ്റ് വർക്ക് ചെയ്യുകയായിരുന്നു. സെൻട്രൽ പിക്ചേഴ്സിന് വേണ്ടി ചെയ്യുന്നതാണ്. തൃശ്ശുർ വഴി മോഹൻലാൽ പോയപ്പോൾ എന്നെ കാണാനായി അദ്ദേഹം വന്ന് ഒരു ചായ കുടിച്ചു പോയത് മാത്രമാണ്. ഇപ്പോൾ നമ്മൾ ചെയ്യുന്നത് ഒരു ഫാമിലി സബ്ജക്റ്റ് ആണ്. അതിൽ സൂപ്പർ താരങ്ങളില്ല. അത് കഴിഞ്ഞ വർഷം പ്ലാൻ ചെയ്ത പ്രോജക്റ്റാണ്. ലാൽ എന്നെ വിളിച്ചപ്പോൾ ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ കാണാൻ കയറിയതാണ്. അദ്ദേഹം ഒരു സൗഹൃദ സന്ദർശനത്തിന് എത്തിയതായിരുന്നു. ഫേസ്ബുക്കിലെ ഈ ചിത്രം കണ്ട് നിരവധിപേർ വിളിക്കുന്നുണ്ട്. എന്നാൽ മോഹൻലാലുമായി ഒരു പ്രോജക്റ്റ് ഉണ്ടാകും. ഇപ്പോൾ പക്ഷേ സിനിമയുടെ ഡിസ്കഷന് വേണ്ടിയായിരുന്നില്ല ഈ കൂടിക്കാഴ്ച.

ഇപ്പോൾ ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ

ഇപ്പോൾ ഞാനും ഇക്ബാൽ കുറ്റിപ്പുറവും ചേർന്ന് സെൻട്രൽ പിക്ചേഴ്സിന് വേണ്ടി സിനിമ ചെയ്യുകയാണ്. അതിന്റെ കടലാസുപണികളിലാണ് ഞങ്ങൾ ജൂൺ അവസാനത്തോടെ മാത്രമേ അതിന്റെ ഷൂട്ടിംഗ് തുടങ്ങുകയുള്ളു. അത് എന്റെ സിനിമകളായ അച്ചുവിന്റെ അമ്മയും വീണ്ടും ചില വീട്ടുകാര്യങ്ങളും പോലെ ഒരു കുടുംബ ചിത്രമായിരിക്കും. അതിന്റെ കാസ്റ്റിങ്ങ് അന്നൗൻസ് ചെയ്യാറായിട്ടില്ല. അതിൽ മോഹൻലാൽ ആയിരിക്കില്ല നായകൻ.

മമ്മൂട്ടി സിനിമ ഉടൻ ഉണ്ടാകുമോ?

മമ്മൂട്ടിയുടെ പ്രോജക്റ്റ് നമ്മൾ ചെയ്യുന്നുണ്ട്. കൊവിഡ് വരുന്നതിന് മുൻപ് മമ്മൂട്ടിയുമായി ഒരു സിനിമ തുടങ്ങാറായതായിരുന്നു. ആ സമയത്താണ് ലോക്ക്ഡൗൺ വന്നതും അങ്ങനെ ഞാൻ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞു ആ പ്രോജക്റ്റ് നമുക്ക് പിന്നെ ചെയ്യാമെന്ന്. മമ്മൂട്ടിയ്ക്ക് നിരവധി പ്രോജക്റ്റുകൾ ഉണ്ട്. അപ്പോൾ മമ്മൂട്ടിയുടെ ഡേറ്റ് ഞാനൊരിക്കലും ബ്ലോക്ക് ചെയ്തു വെക്കുന്നില്ല. ആ പ്രോജക്റ്റ് തൽകാലം മാറ്റിവെച്ചിട്ടു ഇപ്പോൾ മറ്റൊരു പ്രോജക്റ്റ് ചെയ്യുന്നു.

മലയാളികൾ ഏറെ ഇഷ്ടപെടുന്ന കഥാപാത്രങ്ങളാണല്ലോ ദാസനും വിജയനും. നാടോടിക്കാറ്റിന് ഒരു നാലാം ഭാഗം പ്രതീക്ഷിക്കാമോ ?

മോഹൻലാലും ശ്രീനിവാസനും വർഷങ്ങൾക്ക് മുന്നേ തന്നെ നാടോടിക്കാറ്റിന് ഒരു നാലാം ഭാഗം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. അവരുടെ പ്രായത്തിന് പറ്റുന്ന തരത്തിൽ ശ്രീനി പല സ്ക്രിപ്റ്റുകളും ചെയ്തിരുന്നു. നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിൽ എനിക്ക് അത്ര കോൺഫിഡൻസ് ഇല്ല. അതുകൊണ്ടു തന്നെ തൽകാലം അങ്ങനെ ഒരു പ്രോജക്റ്റ് ഉണ്ടാകില്ല.

Next Story

Popular Stories