Top

‘സാഹചര്യങ്ങള്‍ വോട്ടാക്കുന്നതില്‍ സമാനതകളില്ലാത്ത വീഴ്ച’; യുഡിഎഫിനെതിരെ അതിരൂപത മുഖമാസിക

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖമാസിക സത്യദീപം. വിത്ത് കുത്തി വിഴുങ്ങുന്ന തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെയോ, ഉപദേശകവൃന്ദങ്ങളുടെ നടുവിലും പാളിപ്പോകുന്ന ഭരണ സംവിധാനങ്ങളെയോ പൊതുജനമദ്ധ്യേയവതരിപ്പിച്ച് വോട്ടാക്കി മാറ്റുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടെന്ന് സത്യദീപം മുഖപ്രസംഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമാക്കിയ മറ്റ് ഘടകങ്ങളും പരിഗണനാവിഷയമാകണം. ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം, ജോസ് കെ. മാണി പക്ഷത്തിന്റെ നിലപാടു മാറ്റത്തിലൂടെ മാത്രം സംഭവിച്ചതെന്ന വിലയിരുത്തല്‍, ശരിയാണെന്ന് ഇടതുമുന്നണി പോലും കരുതുന്നുണ്ടാകില്ലെന്നും മുഖപ്രസംഗത്തില്‍ […]

3 Jan 2021 10:34 PM GMT

‘സാഹചര്യങ്ങള്‍ വോട്ടാക്കുന്നതില്‍ സമാനതകളില്ലാത്ത വീഴ്ച’; യുഡിഎഫിനെതിരെ അതിരൂപത മുഖമാസിക
X

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖമാസിക സത്യദീപം. വിത്ത് കുത്തി വിഴുങ്ങുന്ന തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെയോ, ഉപദേശകവൃന്ദങ്ങളുടെ നടുവിലും പാളിപ്പോകുന്ന ഭരണ സംവിധാനങ്ങളെയോ പൊതുജനമദ്ധ്യേയവതരിപ്പിച്ച് വോട്ടാക്കി മാറ്റുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടെന്ന് സത്യദീപം മുഖപ്രസംഗത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമാക്കിയ മറ്റ് ഘടകങ്ങളും പരിഗണനാവിഷയമാകണം. ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം, ജോസ് കെ. മാണി പക്ഷത്തിന്റെ നിലപാടു മാറ്റത്തിലൂടെ മാത്രം സംഭവിച്ചതെന്ന വിലയിരുത്തല്‍, ശരിയാണെന്ന് ഇടതുമുന്നണി പോലും കരുതുന്നുണ്ടാകില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

‘ലൗജിഹാദ്’, ന്യൂനപക്ഷ ക്ഷേമാവകാശ വിതരണത്തിലെ 80:20 അസന്തുലിത തുടങ്ങിയ വിഷയങ്ങളില്‍, സഭാ നേതൃത്വം തന്നെ നിലപാട് പരസ്യ മാക്കിയ സന്ദര്‍ഭത്തില്‍, യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിലൂടെ, കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നലും, മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കിയെന്നത് വാസ്തവമാണ്.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും അപ്രകാരമുള്ള അടവുനയങ്ങളോടെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും, ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍, കോണ്‍ ഗ്രസ്സ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങിയെന്ന ഇടതു പ്രചാരണം ഫലം കണ്ടത്, അവര്‍ക്ക് നേട്ടമായി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യുഡിഎഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതു തന്നെയെന്നും മുഖപ്രസംഗത്തിലുണ്ട്.

ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത് അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. ഓര്‍ത്തഡോക്‌സ്‌യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നതും, ന്യൂനപക്ഷ ക്ഷേമ വിതരണ തര്‍ക്കങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലിനെ കത്തോലിക്കാ സഭാ നേതൃത്വം തന്നെ സ്വാഗതം ചെയ്യുന്നതും ഇരുമുന്നണികള്‍ക്കും സമ്മര്‍ദ്ദവിഷയമാകുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഭരണം നിലനിര്‍ത്തിയ പാലക്കാട് നഗര സഭാ ആസ്ഥാനത്ത് ‘ജയ്ശ്രീറാം’ ബാനറുയര്‍ത്തി തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടയെ ഒരിക്കല്‍ക്കൂടി പരസ്യപ്പെടുത്തിയതിലൂടെ, കേരളത്തിലെ ബി.ജെ.പിയുടെ മതേതര മമത വെറും കാപട്യമാണെന്ന് തെളിഞ്ഞുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Next Story