‘അനീതിയുടെ അഭയാപഹരണം’; വിധിക്കെതിരെ കത്തോലിക്കാ സഭാ മുഖപത്രം; ‘ലൈംഗീകക്കൊലയെന്ന ജനപ്രിയചേരുവ വിധിയിലും വിന്യസിക്കപ്പെട്ടോ?’
സിസ്റ്റര്‍ അഭയാക്കേസിലെ കോടതി വിധിക്കെതിരെ വിമര്‍ശനവുമായി കത്തോലിക്കാ സഭാ മുഖപത്രമായ സത്യദീപം. ലൈംഗികക്കൊലയെന്ന ജനപ്രിയ ചേരുവയിലെ വിവരങ്ങള്‍ അതേപടി വിധിയിലും വിന്യസിക്കപ്പെട്ടോ എന്നു സംശയിക്കുന്നവരുണ്ടെന്ന് സത്യദീപം എഡിറ്റോറിയലില്‍ പറയുന്നു. ഒരു കേസിലെ അന്തിമതീര്‍പ്പില്‍ ചോദ്യങ്ങള്‍ക്കുള്ള പൂര്‍ണ്ണവിരാമമുണ്ടാകേണ്ടതാണെന്നും എന്നാല്‍ ഇവിടെ ചോദ്യങ്ങള്‍ തുടരുക തന്നെയാണെന്നും സത്യദീപം പറയുന്നു. അഭയയ്ക്ക് നീതി കൊടുക്കാനുള്ള ശ്രമം മറ്റുള്ളവര്‍ക്ക് നീതി നിഷേധത്തിനിടയാക്കി. കേസന്വേഷണത്തിന്റെ നാള്‍വഴികള്‍ മറ്റൊരു സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നുവെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. അഭയനീതി പൂര്‍ത്തിയാക്കപ്പെട്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം ലഭിക്കേണ്ടത് മേല്‍ക്കോടതിയില്‍ നിന്നാണെന്നും […]

സിസ്റ്റര്‍ അഭയാക്കേസിലെ കോടതി വിധിക്കെതിരെ വിമര്‍ശനവുമായി കത്തോലിക്കാ സഭാ മുഖപത്രമായ സത്യദീപം. ലൈംഗികക്കൊലയെന്ന ജനപ്രിയ ചേരുവയിലെ വിവരങ്ങള്‍ അതേപടി വിധിയിലും വിന്യസിക്കപ്പെട്ടോ എന്നു സംശയിക്കുന്നവരുണ്ടെന്ന് സത്യദീപം എഡിറ്റോറിയലില്‍ പറയുന്നു. ഒരു കേസിലെ അന്തിമതീര്‍പ്പില്‍ ചോദ്യങ്ങള്‍ക്കുള്ള പൂര്‍ണ്ണവിരാമമുണ്ടാകേണ്ടതാണെന്നും എന്നാല്‍ ഇവിടെ ചോദ്യങ്ങള്‍ തുടരുക തന്നെയാണെന്നും സത്യദീപം പറയുന്നു.
അഭയയ്ക്ക് നീതി കൊടുക്കാനുള്ള ശ്രമം മറ്റുള്ളവര്‍ക്ക് നീതി നിഷേധത്തിനിടയാക്കി. കേസന്വേഷണത്തിന്റെ നാള്‍വഴികള്‍ മറ്റൊരു സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നുവെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. അഭയനീതി പൂര്‍ത്തിയാക്കപ്പെട്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം ലഭിക്കേണ്ടത് മേല്‍ക്കോടതിയില്‍ നിന്നാണെന്നും ജനകീയ സമ്മര്‍ദ്ദങ്ങളെയും പ്രതികളെ പിടിച്ചു കൊടുക്കുന്ന മാധ്യമ വിചാരണയേയും അതിജീവിച്ച് നീതി ജലം പോലെ ഒഴുകട്ടെയെന്നും എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം പറയുന്നു.
അഭയയുടെ കൊലപാതവും തുടര്‍ന്നു വന്ന കോടതി വിധിയേയും കുറിച്ചുള്ള സത്യദീപത്തിന്റെ മുഖപ്രസംഗത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ കടന്നു കൂടിയിരിക്കുന്നത്. സിസ്റ്റര്‍ അഭയയോടൊപ്പം നീര്‍ച്ചുഴില്‍ നിലവിളിച്ചൊടുങ്ങിയത് സുവിശേഷ നീതിയാണ്. അതിനാല്‍ മൂന്നാം ദിവസത്തെ ഉയര്‍പ്പിന് അവള്‍ക്ക് അവകാശമുണ്ടെന്നു പറയുന്ന മുഖപ്രസംഗം എന്നാല്‍ കോടതി വിധിയിലൂടെ ഇപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റത് പൂര്‍ണ സത്യമാണോ എന്ന സംശയം പ്രകടിപ്പിക്കുന്നു. കാലവും കാത്തിരുപ്പും ഒരുമിച്ചൊരുക്കിയ പൊതുബോധ നിര്‍മ്മിത കഥയായ ലൈംഗീക കൊലയെന്ന ജനപ്രിയ ചേരുവയിലെ വിവരങ്ങള്‍ അതേപടി വിധിയിലും വിന്യസിക്കപ്പെട്ടുവെന്നു മുഖപ്രസംഗം ആരോപിക്കുന്നു.
മൂന്നു ദശാബ്ദത്തിലേറെ നീണ്ട അഭയ കേസിന്റെ കുറ്റാന്വേഷണ വിചാരണരീതികളെ അസാധാരണമാംവിധം സങ്കീര്‍ണ്ണമാക്കിയതില്‍ ആരോപണപ്രത്യാരോപണങ്ങളുടെ മുള്‍മുനകളുണ്ടായിരുന്നുവെന്നാണ് സത്യദീപം കുറ്റപ്പെടുത്തുന്നത്. അപകീര്‍ത്തി പ്രയോഗങ്ങളുടെ നിര്‍ദ്ദയമുറകളും തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിന്റെ നിസ്സഹായതയും, അട്ടിമറിക്കപ്പെടുന്ന അന്വേഷണദിശകളെക്കുറിച്ചുള്ള അങ്കലാപ്പുമായിരുന്നു സഭ മുമ്പോട്ടു വച്ചത്. ശരിയായ അന്വേഷണത്തില്‍ ശാസ്ത്രീയമായി കണ്ടെത്തുന്ന തെളിവുകള്‍ വസ്തുതകളോട് പൊരുത്തപ്പെടുന്ന മുറയ്ക്ക് മാത്രം തെളിയേണ്ടതാണ് നീതിന്യായ കോടതിയില്‍ ഉറപ്പിക്കപ്പെടുന്ന സത്യം. എന്നാല്‍ അതിനു മുന്‍പെ ചില അല്പസത്യങ്ങ ളും അര്‍ദ്ധസത്യങ്ങളും തെരുവ് മാധ്യമങ്ങളില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയപ്പെടുത്തിയെന്നുള്ളത് സി. അഭയയ്ക്ക് നീതിനേടിക്കൊടുക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റുള്ളവര്‍ക്ക് നീതിനിഷേധത്തിനിടയാക്കിയോ എന്ന സംശയത്തെ ഗൗരവമാക്കുന്നുണ്ടെന്നും സത്യദീപം പറയുന്നു. കേസന്വേഷണത്തിന്റെ നാള്‍വഴികള്‍ മറ്റൊരു സ്ത്രീത്വത്തിന്റെ അപമാനീകരണ വഴികള്‍ കൂടിയായിരുന്നുവെന്നത് സാംസ്‌കാരിക കേരളത്തിന്റെ അപചയവൈകൃതം തന്നെയാണെന്നും സി. സെഫിയുടെ പേരു പറയാതെ സത്യദീപം വ്യക്തമാക്കുന്നു. അഭയക്കേസില്‍ വന്നത് വിചാരണ തീരുംമുമ്പേ വന്ന വിധിയാണ്. മുഖമൊളിപ്പിക്കാവുന്ന മുഖപുസ്തകത്തിലെ പിതൃത്വമേറ്റെടുക്കേണ്ടതില്ലാത്ത പൊളിയെഴുത്തുകാരുടെ സംഘം ചേരലിലൂടെയാണ് വിധി വന്നതെന്നും സത്യദീപം പറയുന്നു. ഒറ്റക്ക് നില്‍ക്കുമ്പോള്‍ ഉച്ചത്തില്‍ പറയാനാകാത്തത് ഒരുമിച്ചു ചേരുമ്പോള്‍ ഉറപ്പിച്ചു പറയുന്നതിന് പുറകില്‍ ആള്‍ക്കൂട്ട മനസിന്റെ സംഘബോധമാണെന്ന ആരോപണമാണ് കേസിലെ സാക്ഷികളെ കുറിച്ച് സത്യദീപം ആക്ഷേപിക്കുന്നത്.
ഒരു കേസിലെ അന്തിമതീര്‍പ്പില്‍ ചോദ്യങ്ങള്‍ക്കുള്ള പൂര്‍ണ്ണവിരാമമുണ്ടാകേണ്ടതാണ്. എന്നാല്‍ ഇവിടെ ചോദ്യങ്ങള്‍ തുടരുക തന്നെയാണ്. വൈകുന്ന നീതി അനീതിതന്നെയാകയാല്‍ അഭയയുടെ നീതി വൈകുന്നതിന്റെ കാരണങ്ങളില്‍ നീതിന്യായ വ്യവസ്ഥയിലെ അവ്യവസ്ഥകള്‍ മാത്രമാണോ എന്ന ചോദ്യം പ്രസക്തമാണ്. ചില ഉന്നത കേന്ദ്രങ്ങളുടെ അനധികൃത ഇടപെടലുകളെ ന്യായീകരിക്കുന്ന പുതിയ വെളി പ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. വൈകിവന്ന വിധിയില്‍ ‘അഭയനീതി’ പൂര്‍ത്തീയാക്കപ്പെട്ടുവോ എന്ന ചോദ്യത്തിന്റെ ഉത്തരം മേല്‍ക്കോടതിയിലാണ്. പൊതുജനാഭിപ്രായമെന്ന ജനകീയ സമ്മര്‍ദ്ദത്തെ അതിജീവിച്ചും പ്രതികളെ ‘പിടിച്ചുകൊടുക്കുന്ന’ മാധ്യമവിചാരണയെ അതിജയിച്ചും ‘നീതി ജലം പോലെ ഒഴുകട്ടെ.’ നീതിന്യായകോടതിയിലും, പിന്നെ ദൈവത്തിന്റെ കോടതിയിലും എന്നു പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്. കേസില്‍ പ്രതികളാക്കപ്പെട്ട സി സെഫിക്കും ഫാ. തോമസ് കോട്ടൂരിനും മേല്‍ക്കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഈ വരികളിലൂടെ സത്യദീപം പങ്കുവയ്ക്കുന്നത്.
സത്യദീപം എഡിറ്റോറിയല്‍ പൂര്‍ണരൂപം:
ഒടുവില്‍ കോടതി വ്യക്തമായിത്തന്നെപ്പറഞ്ഞു, സി. അഭയ കൊല്ലപ്പെട്ടതാണ്. ഫാ. തോമസ് കോട്ടൂര്‍, സി. സെഫി എന്നിവരാണ് പ്രതികള്‍!
സന്യാസാര്‍പ്പണത്തിന്റെ ആദ്യചുവടുകളില്‍ മാത്രമായിരുന്ന സി. അഭയ എന്ന കലാലയ വിദ്യാര്‍ത്ഥിനി 1992 മാര്‍ച്ച് 27-ന് കോട്ടയത്തെ പയസ് ടെന്‍ത് ഹോസ്റ്റലിലെ കിണറ്റില്‍ അസ്വഭാവിക കാരണങ്ങളാല്‍ മരിച്ച നിലയില്‍ കാണപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ഒടുവില്‍ സി.ബി.ഐ.യും അന്വേഷിച്ചാണ് കുറ്റകൃത്യ നിര്‍ണ്ണയത്തിലെത്തിയത്.
ആത്മഹത്യയായും കൊലപാതകമായും സഭാധികാരികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമ ലോകത്തിന്റെയും വിവിധ കോടതികളുടെയും നോട്ടത്തിലും മേല്‍നോട്ടത്തിലും അന്വേഷിച്ചും, പുനരന്വേഷിച്ചും സി.ബി.ഐ. പ്രത്യേക കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ വൈദികനും കന്യാസ്ത്രീക്കും ജീവപര്യന്തം തടവും പിഴയും നിശ്ചയിച്ച് കേസ് അവസാനിപ്പിക്കുമ്പോള്‍ 28 വര്‍ഷം നീണ്ട നിശ്ചയ ദാര്‍ഢ്യത്തിന്റെയും നിരന്തരമായ നിലപാടുകളുടെയും ചിരസ്മരണയായി കോടതി വ്യവഹാരം മാറിത്തീരുകയാണ്.
മൂന്നു ദശാബ്ദത്തിലേറെ നീണ്ട അഭയ കേസിന്റെ കുറ്റാന്വേഷണ വിചാരണരീതികളെ അസാധാരണമാംവിധം സങ്കീര്‍ണ്ണമാക്കിയതില്‍ ആരോപണപ്രത്യാരോപണങ്ങളുടെ മുള്‍മുനകളുണ്ടായിരുന്നു; അപകീര്‍ത്തി പ്രയോഗങ്ങളുടെ നിര്‍ദ്ദയമുറകളുണ്ടായിരുന്നു; തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിന്റെ നിസ്സഹായതയും, അട്ടിമറിക്ക പ്പെടുന്ന അന്വേഷണദിശകളെക്കുറിച്ചുള്ള അങ്കലാപ്പുമുണ്ടായിരുന്നു. ‘സംഘങ്ങളില്‍ ചെന്നുപ്പെടരുത്; അത് ഹിംസയുടെ വയലുകളാണ്’ എന്ന സച്ചിദാനന്ദന്റെ കവി വാക്യം ഓര്‍മ്മ വരുന്നുണ്ട്. കാരണം, നീതിയുടെ അഭയവഴികളെ തെളിവുകള്‍ നശിപ്പിച്ച് കൊട്ടിയടച്ച ആസൂത്രിതകരങ്ങളില്‍ ഈ സംഘചോദനയുടെ ചോരമണം ഉണങ്ങാതെയുണ്ട്.
ശരിയായ അന്വേഷണത്തില്‍ ശാസ്ത്രീയമായി കണ്ടെത്തുന്ന തെളിവുകള്‍ വസ്തുതകളോട് പൊരുത്തപ്പെടുന്ന മുറയ്ക്ക് മാത്രം തെളിയേണ്ടതാണ് നീതിന്യായ കോടതിയില്‍ ഉറപ്പിക്കപ്പെടുന്ന സത്യം. എന്നാല്‍ അതിനു മുന്‍പെ ചില അല്പസത്യങ്ങ ളും അര്‍ദ്ധസത്യങ്ങളും തെരുവ് മാധ്യമങ്ങളില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയപ്പെടുത്തിയെന്നുള്ളത് സി. അഭയയ്ക്ക് നീതിനേടിക്കൊടുക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റുള്ളവര്‍ക്ക് നീതിനിഷേധത്തിനിടയാക്കിയോ എന്ന സംശയത്തെ ഗൗരവമാക്കുന്നുണ്ട്. കേസന്വേഷണത്തിന്റെ നാള്‍വഴികള്‍ സ്ത്രീത്വത്തിന്റെ അപമാനീകരണ വഴികള്‍ കൂടിയായിരുന്നുവെന്നത് സാംസ്‌കാരിക കേരളത്തിന്റെ അപചയവൈകൃതം തന്നെയാണ്.
അന്വേഷണം ശരിയായ ദിശയിലാകണമെന്നും, സത്യം പുറത്തുവരണമെന്നും ആദ്യം മുതലെ സഭ ഔദ്യോഗികമായി നിലപാട് വ്യക്തിമാക്കിയിരുന്നെങ്കിലും ഈ വിഷയത്തിലുടനീളം സഭാ സമീപനത്തിന്റെ സുതാര്യതയെ നിരന്തരം നിലനിര്‍ത്താനും, അനിഷേധ്യമായതവതരിപ്പിക്കാനും കഴിയാതെ പോയ ഇടങ്ങളിലൊക്കെ സംശയത്തിന്റെ നിഴല്‍പ്പാട് നീണ്ട് കിടന്നുവെന്നത് വാസ്തവമാണ്.
സംഘനീതിയുടെ നിഷേധാത്മക ചിത്രം കൂടിയാണ് അഭയാപഹരണത്തിന്റെ ചരിത്രവിധി. ”സംഘം ചേര്‍ന്ന മനുഷ്യര്‍ ഹിംസയാണ്,” എന്ന കണ്ടെത്തല്‍ മലയാളിയുടെ അസ്തിത്വപ്രശ്നങ്ങളെ സാഹിത്യാത്മകമായി സമീപിച്ച എക്കാലത്തെയും വിശ്രുത എഴുത്തുകാരന്‍ ഒ.വി. വിജയന്റേതാണ്. ചരിത്രത്തിലുടനീളം കൂട്ടം ചേര്‍ന്ന ക്രൂരതയുടെ ചോരപ്പാടുകളില്‍ മനുഷ്യജീവജാതിയുടെ സംഘാത്മകതയുണ്ട്. വേട്ടയ്ക്കായുള്ള സംഘം ചേരലായിരുന്നു, ആദ്യം. ഗോത്രങ്ങളായുള്ള തിരിച്ചറിവില്‍ ശത്രുപക്ഷത്ത് മറ്റ് കൂട്ടങ്ങളെ ഉറപ്പിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നീട് ന്യായീകരണം കണ്ടെത്തി.
ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഉച്ചത്തില്‍പ്പറയാനാകാത്തത് ഒരുമിച്ച് ചേരുമ്പോള്‍ ഉറപ്പിച്ച് പറയുന്നതിന്റെ പുറകില്‍ ആള്‍ക്കൂട്ടമനസ്സിന്റെ സംഘബോധബലമാണ്. മുഖമില്ലാത്ത മനുഷ്യരുടെ മൊഴിയേറ്റെടുത്ത് ഒരു കാലഘട്ടത്തെ മുഴുവന്‍ ഇരുട്ടിലേയ്ക്കുന്തിയ ഹിറ്റ്ലറെപ്പോലുള്ള ഫാസിസ്റ്റ് നേതൃത്വങ്ങള്‍ ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തിയവരാണ്. ആള്‍ക്കൂട്ടത്തിന്റെ അന്ധനീതിയില്‍ അമര്‍ന്നു പോയ അനേകായിരങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെ നിശബ്ദനിലവിളികളായി ഇന്നും തുടരുന്നുണ്ട്.
മുഖമൊളിപ്പിക്കാവുന്ന മുഖപുസ്തകത്തിലെ, കര്‍തൃത്വമേറ്റെടുക്കേണ്ടതില്ലാത്ത പൊളിയെഴുത്തുകല്‍ൂടെ അനധികൃത സംഘംചേരലിന്റെ ആധുനിക അവസരങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ അരങ്ങൊരുക്കുമ്പോള്‍, സംഘാതനീതിയുടെ നിര്‍ദ്ദയനിലപാടുകള്‍ ഇന്നും നിര്‍ണ്ണായകമാകുന്നുണ്ട്. അഭയകേസില്‍, വിചാരണവേളയിലും ഇപ്പോഴും അത് തുടരുന്നുമുണ്ട്. ഒപ്പം വിചാരണതീരും മുമ്പേ വിധി ‘വന്നു’വെന്ന വൈരുദ്ധ്യവും.
സി. അഭയോടൊപ്പം നീര്‍ച്ചൂഴിയില്‍ നിലവിളിച്ചൊടുങ്ങിയത് സുവിശേഷ നീതികൂടിയാകയാല്‍ മൂന്നാംപക്കത്തിന്റെ ഉയിര്‍പ്പിന് സത്യമായും അവള്‍ക്ക് അവകാശമുണ്ട്. ഈ അവകാശത്തിനൊപ്പം പ്രാഥമികമായി സഭയും പിന്നെ സമൂഹവും നില്‍ക്കുകയും വേണം. അപ്പോഴും കോടതിവിധിയിലൂടെ ഇപ്പോള്‍ ഉത്ഥിതമായത് സമ്പൂര്‍ണ്ണ സത്യമാണോ എന്ന സംശയമുണ്ട്. കാലവും കാത്തിരിപ്പും ഒരുമിച്ചൊരുക്കിയ പൊതുബോധ നിര്‍മ്മിത കഥയായ ലൈംഗികക്കൊലയെന്ന ജനപ്രിയ ചേരുവയിലെ വിവരങ്ങള്‍ അതേപടി വിധിയിലും വിന്യസിക്കപ്പെട്ടോ എന്നു സംശയിക്കുന്നവരുണ്ട്. ഒരു കേസിലെ അന്തിമതീര്‍പ്പില്‍ ചോദ്യങ്ങള്‍ക്കുള്ള പൂര്‍ണ്ണവിരാമമുണ്ടാകേണ്ടതാണ്. എന്നാല്‍ ഇവിടെ ചോദ്യങ്ങള്‍ തുടരുക തന്നെയാണ്. വൈകുന്ന നീതി അനീതിതന്നെയാകയാല്‍ അഭയയുടെ നീതി വൈകുന്നതിന്റെ കാരണങ്ങളില്‍ നീതിന്യായ വ്യവസ്ഥയിലെ അവ്യവസ്ഥകള്‍ മാത്രമാണോ എന്ന ചോദ്യം പ്രസക്തമാണ്. ചില ഉന്നത കേന്ദ്രങ്ങളുടെ അനധികൃത ഇടപെടലുകളെ ന്യായീകരിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
വൈകിവന്ന വിധിയില്‍ ‘അഭയനീതി’ പൂര്‍ത്തീയാക്കപ്പെട്ടുവോ എന്ന ചോദ്യത്തിന്റെ ഉത്തരം മേല്‍ക്കോടതിയിലാണ്. പൊതുജനാഭിപ്രായമെന്ന ജനകീയ സമ്മര്‍ദ്ദത്തെ അതിജീവിച്ചും പ്രതികളെ ‘പിടിച്ചുകൊടുക്കുന്ന’ മാധ്യമവിചാരണയെ അതിജയിച്ചും ‘നീതി ജലം പോലെ ഒഴുകട്ടെ.’ നീതിന്യായകോടതിയിലും, പിന്നെ ദൈവത്തിന്റെ കോടതിയിലും.