Top

‘സ്റ്റാന്‍ സ്വാമിയുടേത് ജുഡീഷ്യല്‍ കൊലപാതകം’; വിഷയം സജീവമായി നിര്‍ത്തുന്നതില്‍ കത്തോലിക്ക സഭ പരാജയപ്പെട്ടെന്ന വിമര്‍ശനവുമായി സത്യദീപം

കേന്ദ്രസര്‍ക്കാരിന് നേരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് സത്യദീപത്തിന്റെ എഡിറ്റോറിയല്‍.

8 July 2021 7:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സ്റ്റാന്‍ സ്വാമിയുടേത് ജുഡീഷ്യല്‍ കൊലപാതകം’; വിഷയം സജീവമായി നിര്‍ത്തുന്നതില്‍ കത്തോലിക്ക സഭ പരാജയപ്പെട്ടെന്ന വിമര്‍ശനവുമായി സത്യദീപം
X

ഭീമാ കൊറേഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയവേയുണ്ടായ ഫാ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതിഷേധമറിയിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. വിഷയം സജീവമായി നിലനിര്‍ത്തുന്നതില്‍ കത്തോലിക്ക സഭ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സത്യദീപം സഭയെ കുറ്റപ്പെടുത്തുന്നുണ്ട്. സ്റ്റാന്‍ സ്വാമിയുടെ മരണം ജുഡീഷ്യല്‍ കൊലപാതകമാണെന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍. സ്റ്റാന്‍ സ്വാമി മരിച്ചുവെന്നത് സാങ്കേതികമായ കാര്യം മാത്രമാണെന്നും അദ്ദേഹത്തിന്റേത് ജുഡീഷ്യല്‍ കൊലപാതകം കൂടിയാണെന്നും സത്യദീപം എഡിറ്റോറിയല്‍ പറയുന്നു. കത്തോലിക്ക സഭയുടെ നിലപാടുകള്‍ വെറും പ്രസ്താവനകളില്‍ ഒതുങ്ങി. സ്റ്റാന്‍ സ്വാമിക്കായി മെത്രാന്‍ സമിതികള്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ലെന്നും സത്യദീപം കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന് നേരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് സത്യദീപത്തിന്റെ എഡിറ്റോറിയല്‍. സ്റ്റാന്‍ സ്വാമിയെക്കൂടാതെ വരവരറാവു അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെക്കൊണ്ട് ജയില്‍ നിറയുമ്പോള്‍ സ്വതന്ത്ര ഇന്ത്യയെന്ന മേല്‍വിലാസം ഭാരതത്തിന് നഷ്ടമാകുകയാണ്. പാര്‍ക്കിന്‍സണ്‍ രോഗതീവ്രതയും പ്രായവും പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതി കേള്‍ക്കണമെന്ന ആ വയോവൃദ്ധന്റെ ദയനീയ വിലാപം അവഗണിച്ച കോടതി ജാമ്യാപേക്ഷയിന്മേലുള്ള തീര്‍പ്പ് അനന്തമായി നീട്ടിക്കൊണ്ട് പോയെന്നും സത്യദീപം വിമര്‍ശിച്ചു. ഫാസിസത്തിന്റെ വധക്രമം എന്ന തലക്കെട്ടോടെയായിരുന്നു എഡിറ്റോറിയല്‍.

മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യ നില മോശമാവുകയും ചെയ്യുകയായിരുന്നു. മരണം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കോടതി സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം.

2018 ജനുവരി 1നാണ് പുനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. ജയിലില്‍ തുടരുന്നതിനിടെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാനും കോടതി അനുവദിച്ചിരുന്നു. ഇതിനിടെയാണ് ആരോഗ്യ നില മോശമായതും മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യം നല്‍കിയില്ലെങ്കില്‍ താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്ന് നേരത്തെ സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.

Next Story