Top

തടവ് കഴിഞ്ഞെങ്കിലും ചിന്നമ്മയ്ക്ക് കഷ്ടകാലം; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്; എഐഡിഎംകെയില്‍ തിരിച്ചുകയറാനുള്ള ശ്രമം തുടര്‍ന്ന് ശശികല

അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല ജയില്‍മോചിതയായതിന് പിന്നാലെ തമിഴ് രാഷ്ട്രീയത്തിലെ ചലനങ്ങള്‍ ഉറ്റുനോക്കുകയാണ് നിരീക്ഷകര്‍. ശശികലക്ക് വലിയ സ്വീകരണായിരുന്നു ചെന്നൈയില്‍ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ജയില്‍ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ ശശികലക്ക് 2027 വരെ നിയമസഭാ, പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. 2027 ജനുവരി 27 വരെയാണ് വിലക്ക് നിലനില്‍ക്കുന്നത്. അതേസമയം ഒരു രാഷ്ട്രീയപാര്‍ട്ടിയെ നയിക്കുന്നതില്‍ നിയമതടസങ്ങളുണ്ടാവില്ല. 1981 ലെ ജനപ്രാതിനിധ്യനിയമപ്രകാരമാണ് […]

2 Feb 2021 1:35 AM GMT

തടവ് കഴിഞ്ഞെങ്കിലും ചിന്നമ്മയ്ക്ക് കഷ്ടകാലം; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്; എഐഡിഎംകെയില്‍ തിരിച്ചുകയറാനുള്ള ശ്രമം തുടര്‍ന്ന് ശശികല
X

അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല ജയില്‍മോചിതയായതിന് പിന്നാലെ തമിഴ് രാഷ്ട്രീയത്തിലെ ചലനങ്ങള്‍ ഉറ്റുനോക്കുകയാണ് നിരീക്ഷകര്‍. ശശികലക്ക് വലിയ സ്വീകരണായിരുന്നു ചെന്നൈയില്‍ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ജയില്‍ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ ശശികലക്ക് 2027 വരെ നിയമസഭാ, പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. 2027 ജനുവരി 27 വരെയാണ് വിലക്ക് നിലനില്‍ക്കുന്നത്. അതേസമയം ഒരു രാഷ്ട്രീയപാര്‍ട്ടിയെ നയിക്കുന്നതില്‍ നിയമതടസങ്ങളുണ്ടാവില്ല.

1981 ലെ ജനപ്രാതിനിധ്യനിയമപ്രകാരമാണ് ശശികലക്ക് അയോഗ്യത നിലനില്‍ക്കുന്നത്. നിയമത്തിലെ വകുപ്പ് 8 പ്രകാരം ജയില്‍ശിക്ഷ നേരിട്ട ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് തുടരും. സെക്ഷന്‍ 8(1)(എം) അഴിമതി നിരോധന നിയമപ്രകാരമാണ് ശശികല അയോഗ്യത നേരിടുന്നത്. ശിക്ഷ ലഭിച്ച തീയതി മുതല്‍ ആറ് വര്‍ഷത്തേക്കാണ് അയോഗ്യത നിലനില്‍ക്കുക.
ഇതിന് പുറമേ ഭീകരവാദം, ബലാത്സംഗം, രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ദ്രുവീകരണമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കോടതിയില്‍ നിന്ന് പിഴ ചുമത്തിയിട്ടുണ്ടെങ്കിലും, വകുപ്പ് 8 (1) പ്രകാരം മത്സരിക്കാന്‍ കഴിയില്ല.

എന്നാല്‍ ഇതേ കുറ്റത്തിന് ജയില്‍ശിക്ഷ കൂടി അനുഭവിക്കുകയാണെങ്കില്‍ ശിക്ഷിക്കപ്പെട്ടത് മുതലുള്ള ആറ് വര്‍ഷത്തിന് പുറമേ അടുത്ത ആറ് വര്‍ഷം കൂടി അയോഗ്യത നിലനില്‍ക്കും.
അനധികൃത സ്വത്ത് സമ്പാദനത്തിന് 2017 ഫെബ്രുവരി 15 നായിരുന്നു ശശികല, ഇളവരസി, സുധാകരന്‍ എന്നിവരെ ജയിലിലടച്ചത്. വിചാരണ കോടതി ജഡ്ജി ജോണ്‍ മൈക്കല്‍ ആയിരുന്നു നാല് വര്‍ഷം തടവും 2014 സെപ്റ്റംബര്‍ 27 ന് 10 കോടി പിഴയും വിധിച്ചത്. അദ്ദേഹത്തിന്റെ വിധി 2017 ഫെബ്രുവരി 14 ന് സുപ്രീം കോടതി അംഗീകരിച്ചതിന്റെ അടുത്ത ദിവസം ശശികല ജയിലില്‍ പോയി.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ശശികല ആശുപത്രിവിട്ട് മടങ്ങിയത് അണ്ണാ ഡിഎംകെയുടെ കൊടി വെച്ച കാറിലാണെന്നതും ഇതിന്റെ സൂചനയാകാനാണ് സാധ്യത. ജയില്‍മോചിതയായ ശേഷവും ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശശികലക്ക് പുറത്ത് വലിയ സ്വീകരണമായിരുന്നു പ്രവര്‍ത്തകര്‍ നല്‍കിയത്. നിയമസഭ തെരഞ്ഞെടുപ്പടുത്തിരിക്കെ ജയില്‍ മോചിതയായി തിരിച്ചുവരുന്ന വി കെ ശശികലയുടെ രാഷ്ട്രീയ പ്രവേശനം ഇതിനകം വലിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചിട്ടുണ്ട്. ശശികലയുടെ മടങ്ങിവരവോടെ തമിഴ്നാട്ടില്‍ എന്ത് മാറ്റമാകും സംഭവിക്കാന്‍ പോകുന്നതെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

ശശികല ജയില്‍ മോചിതയാകുന്നതിന് തൊട്ടുമുന്‍പ് ജയലളിതയ്ക്ക് 79 കോടിയുടെ സ്മാരകം നിര്‍മ്മിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ ലെഗസിയില്‍ അവകാശവാദം ഉന്നയിച്ച് ആരും വരേണ്ടതില്ലെന്ന സൂചനകൂടി ഈ പ്രഖ്യാപനത്തിനുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയായി ഇ പളനിസ്വാമി അധികാരമേറ്റതിന് തൊട്ടുപിന്നാലെ തന്നെ ശശികലയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള വാതിലുകള്‍ക്കും അദ്ദേഹം പൂട്ടിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശശികലയെ പുറത്താക്കിയത്. അവരുടെ നേതൃത്വത്തെ എതിര്‍ത്തിരുന്ന ഒ പനീര്‍സെല്‍വം ഇന്ന് ഇപിഎസിനൊപ്പമാണെന്നതും ഇന്ന ഏറെ ശ്രദ്ധേയമാണ്.

ശശികലയുടെ അനന്തരവനായ ടിടിവി ദിനകരനെയും പാര്‍ട്ടി പുറത്താക്കിയിരുന്നു. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ സീറ്റില്‍ ദിനകരന് വിജയിക്കാന്‍ സാധിച്ചിരുന്നെങ്കിലും രണ്ടില ചിഹ്നമില്ലാതെ മത്സരിക്കുന്നത് ശശികല വിഭാഗത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് ശശികല തയ്യാറെടുക്കുന്നതെങ്കില്‍ എഐഎഡിഎംകെയിലെ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ശശികലയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ശശികല ക്ഷമാപണം നടത്തിയാല്‍ തിരിച്ചെടുക്കാമെന്ന് ഒരുവിഭാഗം വ്യക്തമാക്കി.

Next Story