Top

മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം; മാനനഷ്ടത്തിന് കേസുകൊടുത്ത് സരിത എസ് നായര്‍, പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടിക്കൊരുങ്ങി സോളാര്‍ കമ്പനിയുടെ സംരംഭക സരിത എസ് നായര്‍. മുല്ലപ്പള്ളിക്കെതിരെ സരിതയുടെ മാനനഷ്ടതത്തിന് പരാതി നല്‍കി. വഞ്ചിയൂര്‍ കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. സോളാര്‍ കേസിന്റെ അന്വേഷണം പുനരാരംഭിച്ച പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിലാണ് കേസ്. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെയെന്നും […]

20 Nov 2020 1:36 AM GMT

മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം; മാനനഷ്ടത്തിന് കേസുകൊടുത്ത് സരിത എസ് നായര്‍, പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം
X

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടിക്കൊരുങ്ങി സോളാര്‍ കമ്പനിയുടെ സംരംഭക സരിത എസ് നായര്‍. മുല്ലപ്പള്ളിക്കെതിരെ സരിതയുടെ മാനനഷ്ടതത്തിന് പരാതി നല്‍കി. വഞ്ചിയൂര്‍ കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

സോളാര്‍ കേസിന്റെ അന്വേഷണം പുനരാരംഭിച്ച പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിലാണ് കേസ്. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെയെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്നെ ബലാല്‍സംഗം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യു ഡി എഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പരാമര്‍ശം നടത്തി. പെണ്ണിനെ ഇറക്കി നാണം കെട്ട കളിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

പരാമര്‍ശം വിവാദമായതിന് പിന്നാലെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പരാമര്‍ശം ചില കേന്ദ്രങ്ങളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമായി ദുഷ്പ്രചാരണം നടക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ വിവാദം ഉണ്ടാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്യേശമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

എന്നാല്‍ മുല്ലപ്പള്ളിയുടെ ഖേദ പ്രകടനം സ്വീകരിക്കുന്നില്ലെന്നായിരുന്നു സരിത പ്രതികരിച്ചത്. ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മഹത്യ ചെയ്യണം എന്നു പറഞ്ഞ രാമചന്ദ്രന്റെ പാര്‍ട്ടി നേതാക്കളില്‍ നിന്നാണ് തനിക്ക് ദുരനുഭവങ്ങളുണ്ടായിട്ടുള്ളത്. അത് ഉറക്കെ പറഞ്ഞതുകൊണ്ടാണോ അപമാനിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയണം. പീഡനത്തിന് ഇരയായ സ്ത്രീ അല്ല അത് ചെയ്യുന്നവരാണ് രണ്ടാമത് സാഹചര്യമുണ്ടാകാതിരിക്കേണ്ടത്. മുല്ലപ്പള്ളിക്ക് അപമാനം തോന്നേണ്ടത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്‍മാരെ ഓര്‍ത്താണെന്നും സരിത ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലായിരുന്നു സരിതയുടെ പ്രതികരണം.

സരിത പറഞ്ഞത്

”മുല്ലപ്പള്ളിയുടെ പരാമര്‍ശം കണ്ടിരുന്നു. അത്രയും തരംതാണ മറുപടി പറയാന്‍ മനസ് അനുവദിക്കുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നത് ആദ്യമായിട്ടല്ല. ഇതിന് മുമ്പ് സമുന്നതരായ പല വനിതാ നേതാക്കളേയും മോശമായ രീതിയില്‍ അദ്ദേഹം അപമാനിച്ചിട്ടുണ്ട്. നിര്‍വ്യാജം ഖേദിക്കുന്നു എന്ന് പറയുന്നു. ആരെയെങ്കിലും ഒരു കുത്തിയിട്ട് അറിയാതെ കുത്തിയതാണെന്ന് പറഞ്ഞ് ഇനി അതിനേക്കുറിച്ച് സംസാരിക്കേണ്ട എന്ന് പറയുന്നതുപോലെയാണിത്.

എന്നെ വളരെ മോശമായ ഒരു വാക്ക് ഉപയോഗിച്ചാണ് അദ്ദേഹം എന്നെ വിളിച്ചത്. ആ വാക്ക് ഞാന്‍ വീണ്ടും ഉപയോഗിക്കുന്നില്ല. അങ്ങനുള്ള സ്ത്രീകള്‍ക്ക് പ്രത്യേക മാനദണ്ഡം നിശ്ചയിക്കാന്‍ അദ്ദേഹത്തിന് എന്തെങ്കിലും മുന്‍ അനുഭവങ്ങളോ പരിചയങ്ങളോ അനുഭവസമ്പത്തോ കൈമുതലായുണ്ടോ? അങ്ങനുള്ള സ്ത്രീകളെ ഗ്രേഡ് ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി എന്താണെന്ന് പറഞ്ഞുമനസിലാക്കിയാല്‍ നന്നായിരുന്നു.

ഒരു പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞുപോയതെന്ന് പറയുന്നു. എന്താണ് സ്ത്രീകളെ അധിക്ഷേപിക്കാനുള്ള പ്രത്യേക സാഹചര്യം? അവരുടെ നേതാക്കന്‍മാര്‍ ഒരുപാട് കേസുകളില്‍ പ്രതിയാണ്. അതില്‍ ചിലത് റേപ്പ് കേസുകളുണ്ട്. ഈ റേപ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഒരു ദുര്‍ബലയായ സ്ത്രീയുടെ മേലേക്ക് ബലവനായ ഒരു പുരുഷന്‍ ശാരീരികമായി നടത്തുന്ന കടന്നുകയറ്റത്തെയാണ് റേപ്പ് എന്ന് പറയുന്നത്. അത് ആ സ്ത്രീക്ക് തടുക്കാന്‍ സാധിച്ചില്ല എന്നതുകൊണ്ട് ഒരു കുറ്റകൃത്യമായിട്ട് വരുകയും ആ സ്ത്രീ അത് സമ്മതിക്കാത്തതുകൊണ്ട് അതി ഭീകരമായ ഒരു പ്രവൃത്തിയാകുന്നു. അങ്ങനെയുള്ള സ്ത്രീകളെല്ലാം മരിക്കണം ആത്മഹത്യ ചെയ്യണം എന്ന് പറയുന്ന പാര്‍ട്ടിയുടെ നേതാക്കന്‍മാരില്‍ നിന്നാണ് ഒരു പ്രൊജ്ക്ടുമായി വന്നപ്പോള്‍ ദുരനുഭവങ്ങളുണ്ടായിട്ടുള്ളത്. അത് ഉറക്കെ സംസാരിച്ചതുകൊണ്ട് മാത്രമാണോ ആ മ്ലേച്ഛമായ വാക്കുപയോഗിച്ച് എന്നെ കുറ്റപ്പെടുത്തിയത്. എന്നെഅപമാനിച്ചത്. ഞാന്‍ അങ്ങനെയുള്ള ഒരു സ്ത്രീയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ തക്ക വിധത്തിലുള്ള എന്തെങ്കിലും ഒരു തെളിവ് കൊണ്ടുവരാന്‍ സാധിക്കുമോ? മുല്ലപ്പള്ളി രാമചന്ദ്രന് ഉമ്മന്‍ ചാണ്ടിയേയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ള കെ സി വേണുഗോപാലോ, ഹൈബി ഈഡനോ അനില്‍കുമാറോ ആരെയെങ്കിലും കൊണ്ട് എന്നെ ആ മോശം വാക്ക് ഒരു പ്രാവശ്യം വിളിപ്പിക്കാന്‍ സാധിക്കുമോ? അല്ലെങ്കില്‍ അവര്‍ ആരെങ്കിലും അത് വിളിക്കുമോ?

സമുന്നതമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് കേരളത്തിലെ സ്ത്രീകളെ ഒന്നടങ്കം, ദുര്‍ബലരായ ഒരു വിഭാഗത്തെ, ഇങ്ങിനെ ഇരയാക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലേക്ക് അദ്ദേഹം അധപതിച്ച് പോയോ എന്ന് മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്. ഇതിന്റെയെല്ലാം ഉത്തരം പറയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയായതുകൊണ്ട് അവിടെ നിന്ന് ഒരു നടപടിയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം ഏറ്റവും കൂടുതല്‍ സ്ത്രീകളെ അപമാനിച്ചിട്ടുള്ള സംഘടനയാണ് കോണ്‍ഗ്രസ്. എനിക്കതില്‍ പുതുമ തോന്നുന്നില്ല.

പീഡനത്തിനെതിരെ പരാതിയുമായി മുന്നോട്ടുപോകുന്ന ഒരു സ്ത്രീ രണ്ടാമതൊരു സാഹചര്യമുണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്ന് പറഞ്ഞു. അത് എന്നെയല്ല പഠിപ്പിക്കേണ്ടത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ പെട്ട, പണവും അധികാരവും കൈയില്‍ വരുമ്പോള്‍ അവരുടെ മുന്നില്‍ വരുന്ന സാധാരണക്കാരായ സ്ത്രീകളെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി കടിച്ചുകീറാന്‍ നില്‍ക്കുന്ന അവരുടെ നേതാക്കന്‍മാരെയാണ് അത് പഠിപ്പിക്കേണ്ടത്. എന്നെപ്പോലുള്ള സാധാരണ സ്ത്രീ ജനങ്ങളെയല്ല ഇത് പറഞ്ഞുപഠിപ്പിക്കേണ്ടത്. അപമാനം തോന്നേണ്ടത് സ്വന്തം നേതാക്കന്‍മാരെ ഓര്‍ത്താണ്. അവരുടെ മുഖത്തേക്കാണ് കാര്‍ക്കിച്ച് തുപ്പേണ്ടത്. അതിനുള്ള ധൈര്യം മുല്ലപ്പള്ളിക്കില്ല എന്ന് വേണം കരുതാന്‍.

മുല്ലപ്പള്ളി പറഞ്ഞ വാക്കുകളില്‍ നിര്‍വ്യാജം ഖേദിച്ചാലും ഖേദിച്ചില്ലെങ്കിലും ഇത് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് കാത്തിരുന്ന് കാണാം. തീര്‍ച്ചയായും നിയമനടപടികളുമായി മുന്നോട്ട് പോകും. നാക്കുപിഴയെന്നാണ് പറഞ്ഞത്. എന്താണ് നാക്കുപിഴ എന്ന് പോലും അറിയാത്തയാളാണോ വലിയ പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്നത്. അത് കാണുമ്പോള്‍ നമുക്ക് തന്നെ ഒരു ലജ്ജ തോന്നുന്നില്ലെ? എത്രയോ വനിതാ പ്രവര്‍ത്തകരുള്ള സംഘടനയാണ്. അവരുടെ പാര്‍ട്ടിയിലുള്ള സ്ത്രീകള്‍ക്ക് പോലും എന്ത് സ്ഥാനമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറയാതെ പറയുകയാണ് ചെയ്തത്. എന്റെ മാത്രമല്ല, ഇനിയൊരു സ്ത്രീയേയും അപമാനിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാവ് പൊങ്ങരുത്. എന്തൊക്കെ കാര്യങ്ങള്‍ നിയമത്തിന് ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്യാന്‍ തന്നെയാണ് എന്റെ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കും.”

Next Story