നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് തളര്‍ന്നുറങ്ങി; ഉണര്‍ന്നത് കോടീശ്വരനായി; യുഎഇയില്‍ നറുക്കെടുപ്പില്‍ ഏഴ് കോടി നേടി കണ്ണൂര്‍ സ്വദേശിയായ യുവാവ്

ദുബായ് ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് കണ്ണൂര്‍ സ്വദേശിയായ 26 കാരന്‍. മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറാണ് ( ഏഴുകോടി.ിലേറെ രൂപ) ശരത് കുന്നുമ്മല്‍ എന്ന യുവാവ് സ്വന്തമാക്കിയത്. ഒമ്പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്. ഇവരുമായി ശരത് തുക പങ്കുവെക്കും.

ഏഴുമണി മുതല്‍ പകല്‍ നാല് മണി വരെയുള്ള രാത്രി ഷിഫ്റ്റ് കഴിഞ്ഞ് തളര്‍ന്നുറങ്ങുകയായിരുന്നു ശരത്. ബുധനാഴ്ച വൈകുന്നേരം ആറു മണിക്കാണ് ശരത് ഈ സന്തോഷവാര്‍ത്ത അറിഞ്ഞത്. ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ആര്‍ക്കും ശരതിനെ വിളിച്ച് വിവരമറിയിക്കാനായില്ല.

‘ ഞാന്‍ പാട്ട് കേട്ട് ഉറങ്ങിപ്പോയി, കുറച്ചു സമയം കഴിഞ്ഞ് എന്റെ ഫോണ്‍ ഓഫായി. ആര്‍ക്കും എന്നെ വിളിച്ചിട്ടു കിട്ടിയില്ല,’ ശരത് കുന്നുമ്മല്‍ ഖലീജ് ടൈംസിനോട് പറഞ്ഞു. ആദ്യമായിട്ടാണ് ശരത്തും സുഹൃത്തുക്കളും ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നത്.

അഞ്ച് വര്‍ഷം മുമ്പാണ് ശരത് ദുബായില്‍ പ്രവാസിയായെത്തുന്നത്. നാട്ടില്‍ വീടു പണി നടക്കുന്ന സമയത്ത് ലഭിച്ച സമ്മാനം വലിയ ആശ്വാസമാണെന്ന് ശരത് പറയുന്നു. പ്രായമായ മാതാപിതാക്കളുടെ ഏകമകനാണ് ശരത്. ഇനി ജോലിയില്‍ നിന്ന് അവധിയെടുത്ത് കുറച്ചു കാലം നാട്ടില്‍ നില്‍ക്കാമെന്ന സന്തോഷവും ശരത് പങ്കുവെക്കുന്നു.

Covid 19 updates

Latest News