Top

‘ദീദിയില്ലാതെ പറ്റില്ലെന്ന് സൊനാലി, തെറ്റായിപ്പോയെന്ന് സരള’; ബിജെപിയിലേക്ക് കൂടുമാറിയവര്‍ കൂട്ടത്തോടെ തൃണമൂലിലേക്ക് തിരികെയെത്തുന്നു

ബിജെപിയിലേക്ക് പോകാനുള്ള തന്റെ തീരുമാനം തെറ്റായി പോയെന്നും ദീദി മാപ്പ് തരണമെന്നും അഭ്യര്‍ത്ഥിച്ച് സൊനാലി മമത ബാനര്‍ജിക്ക് കത്തയക്കുകയും ചെയ്തു.

24 May 2021 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ദീദിയില്ലാതെ പറ്റില്ലെന്ന് സൊനാലി, തെറ്റായിപ്പോയെന്ന് സരള’; ബിജെപിയിലേക്ക് കൂടുമാറിയവര്‍ കൂട്ടത്തോടെ തൃണമൂലിലേക്ക് തിരികെയെത്തുന്നു
X

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് കൂടുമാറിയ തൃണമൂല്‍ നേതാക്കള്‍ കൂട്ടത്തോടെ തിരികെയെത്തുന്നു. തൃണമൂല്‍ എംഎല്‍എയായ ശേഷം ബിജെപിയിലേക്ക് കൂടുമാറിയ സൊനാലി ഗുഹയാണ് ആദ്യം തിരികെയെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നത്. ‘ദീദിയില്ലാതെ എനിക്ക് ജീവിക്കാനാവില്ലെന്ന്” സൊനാലി കഴിഞ്ഞ ദിവസം പറഞ്ഞു. ബിജെപിയിലേക്ക് പോകാനുള്ള തന്റെ തീരുമാനം തെറ്റായി പോയെന്നും ദീദി മാപ്പ് തരണമെന്നും അഭ്യര്‍ത്ഥിച്ച് സൊനാലി മമത ബാനര്‍ജിക്ക് കത്തയക്കുകയും ചെയ്തു. വിഷയത്തില്‍ തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

സൊനാലിക്ക് പിന്നാലെ സരള മൂര്‍മുവും സമാന പ്രസ്താവനയുമായി രംഗത്തുവന്നു. ബിജെപിയിലേക്ക് പോകാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്നാണ് സരള പ്രസ്താവിച്ചത്. ബിജെപി സരളയ്ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയില്ലെന്ന് നേരത്തെ വിമര്‍ശനങ്ങളുണ്ടായിരുന്നു. പിന്നാലെയാണ് പ്രഖ്യാപനം. തോല്‍വി ഉറപ്പിച്ച മണ്ഡലത്തിലാണ് സരളയ്ക്ക് ബിജെപി സീറ്റ് നല്‍കിയതെന്നാണ് പ്രധാന വിമര്‍ശനം. കൂടുമാറിയ സമയത്ത് നല്‍കിയ വാഗ്ദാനങ്ങളെല്ലാം ബിജെപി ലംഘച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്. നേരത്തെ തൃണമൂല്‍ എം.എല്‍.എമാര്‍ കൂട്ടത്തോടെ ബിജെപിയിലെത്തുമെന്ന് കേന്ദ്ര നേതൃത്വവും നരേന്ദ്ര മോദിയും അവകാശവാദം ഉന്നയിച്ചിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് ബംഗാളില്‍ ജനപിന്തുണ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

അതേസമയം ഇരുവരെയും മമത ബാനര്‍ജി സ്വീകരിക്കുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം സ്വന്തമാക്കിയ മമത, സംസ്ഥാനത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോകുന്ന എം.എല്‍.എമാര്‍ ദാരുണമായി പരാജയപ്പെടുമെന്ന് പ്രഖ്യാപിച്ചാണ് ഇത്തവണ മമതയും സംഘവും തെരഞ്ഞെടുപ്പ് ഗോഥയിലിറങ്ങിയത്. മമത തോറ്റെങ്കിലും മിക്ക മണ്ഡലങ്ങളിലും ഈ വെല്ലുവിളി ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Next Story