‘ക്യാമറയ്ക്ക് പുറകിൽ സംവിധായകൻ മോഹൻലാൽ’; ബറോസ് പുതിയ ചിത്രങ്ങള്‍

നടനിൽ നിന്ന് സംവിധായകന്റെ റോളിലെത്തിയ മോഹന്‍ലാലിന്റെ ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനുമായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോൾ ക്യാമറയ്ക്ക് പുറകിൽ നിന്ന് നിർദേശം കൊടുക്കുന്ന താരത്തിന്റെ ചിത്രവുമായി സന്തോഷ് ശിവൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് ശിവൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘ത്രീഡി ബറോസ്’ എന്ന കുറിപ്പോടെയാണ് സന്തോഷ് ശിവൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന് തൊട്ടടുത്തായി തന്നെ സന്തോഷ് ശിവനെയും കാണാം. ബറോസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

3D Barroz

Posted by Santosh Sivan ASC ISC on Saturday, March 27, 2021

ബറോസ് ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹന്‍ലാല്‍ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു. ഈ ഒരു ചിത്രം ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കുകയാണ്’, താരം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. പൃഥ്വിരാജും
ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Covid 19 updates

Latest News