Top

സനൂപ് വധം: മുഖ്യപ്രതി നന്ദന്‍ പിടിയില്‍

ചിറ്റിലങ്ങാട് സ്വദേശികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രീരാഗ്, സതീഷ്, അഭയ് രാജ് എന്നിവര്‍ക്കുവേണ്ടി് പൊലീസ് തിരച്ചില്‍ തുടരുകയാണ്.

6 Oct 2020 4:21 AM GMT

സനൂപ് വധം: മുഖ്യപ്രതി നന്ദന്‍ പിടിയില്‍
X

തൃശൂര്‍ കുന്നംകുളത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടരിയെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നന്ദന്‍ പൊലീസിന്റെ പിടിയിലായി. തൃശൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. നന്ദന്റെ പാസ്‌പോര്‍ട്ടും രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. പ്രതികളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ സഹായിച്ച ചിറ്റിലങ്ങാട് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. ചിറ്റിലങ്ങാട് സ്വദേശികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രീരാഗ്, സതീഷ്, അഭയ് രാജ് എന്നിവര്‍ക്കുവേണ്ടി് പൊലീസ് തിരച്ചില്‍ തുടരുകയാണ്.

കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കേസിലെ എല്ലാ പ്രതികളെയും പിടികൂടാന്‍ സമഗ്ര അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുതുശേരി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ ചൊവ്വന്നൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സനൂപ് ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിതരണത്തിനുള്ള പൊതിച്ചോറ് വീടുകളില്‍ പറഞ്ഞുറപ്പിച്ചശേഷം സുഹൃത്തിനോടൊപ്പം മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ നന്ദനന്‍, അരണംകോട്ട് വീട്ടില്‍ അഭയ്ജിത്ത്, മരിയോന്‍ എന്ന കരിമ്പനയ്ക്കല്‍ സതീഷ്, ആവേന്‍ വീട്ടില്‍ ശ്രീരാഗ് എന്നിവരെ പൊലീസ് തിരയുകയാണ്. സിപിഐഎം പ്രവര്‍ത്തകരായ വിപിന്‍ (28), മുട്ടില്‍ ജിതിന്‍ (25), അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. വിപിന്റെ പരിക്ക് ഗുരുതരമാണ്.

സനൂപിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എല്ലാ ബ്രാഞ്ചുകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റ് അഭ്യര്‍ത്ഥിച്ചു. കായംകുളത്തും വെഞ്ഞാറമൂടും കോണ്‍ഗ്രസ്സാണ് കൊലപാതകത്തിനു നേതൃത്വം നല്‍കിയതെങ്കില്‍ ഇവിടെ ബിജെപിയാണ് പ്രതിസ്ഥാനത്തുള്ളതെന്ന് സിപിഐഎം ആരോപിച്ചു. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചന ഈ സംഭവങ്ങളുടെ പുറകിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുടര്‍ച്ചയായി പാര്‍ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനാണ് ഈ സംഘം ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞ് സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം. കൊലപാതകികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

Next Story