എലൈറ്റ് പട്ടികയില്‍ ഇടം നേടി സഞ്ജു; പ്രകടനത്തിന് അഭിനന്ദനപ്രവാഹം

നായക അരങ്ങേറ്റത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച സഞ്ജു സാംസണിനെ തേടി നിരവധി റെക്കോര്‍ഡുകളും. പോരാട്ടത്തിലെ സെഞ്ച്വറിയോടെ സഞ്ജു എലൈറ്റ് പട്ടികയിലാണ് ഇടം നേടിയത്.

ഐപിഎല്ലില്‍ മൂന്നോ, അതിലധികമോ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയാണ് എലൈറ്റ് പട്ടിക. ആറ് സെഞ്ച്വറി നേടി പഞ്ചാബിന്റെ ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ ഒന്നാമന്‍. അഞ്ച് സെഞ്ച്വറിയുമായി റോയല്‍ ചലഞ്ചേഴ്‌സിന്റെ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തും വിവിധ ടീമുകളില്‍ കളിച്ച ഷെയ്ന്‍ വാട്‌സണ്‍, സണ്‍റൈസേഴ്‌സിന്റെ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ നാല് സെഞ്ച്വറികളുമായി മൂന്നാം സ്ഥാനത്തുണ്ട്. ആര്‍സിബിയുടെ ഡിവില്ലിയേഴ്‌സിനൊപ്പം നാലാം സ്ഥാനത്താണ് സഞ്ജു ഇടം പിടിച്ചത്. മാത്രമല്ല, ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ നേടുന്ന ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡും സഞ്ജുവിനാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് സഞ്ജു തകര്‍ത്തത്.

അതേസമയം, സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രമുഖ താരങ്ങളും രംഗത്തെത്തി. സഞ്ജുവിന്റൈ പ്രകടനത്തില്‍ വളരെ സന്തോഷം, മികച്ചത്, ടോപ് ക്ലാസ് എന്നാണ് ജസ്പ്രീത് ബുംറ പ്രതികരിച്ചത്. മനോഹരമായ പ്രകടനമെന്നാണ് യുവരാജ് സിംഗ് പ്രതികരിച്ചത്. മൂന്നാം ഐപിഎല്‍ സെഞ്ച്വറി അടിച്ചെടുത്ത സഞ്ജു ഗംഭീരം എന്നാണ് വീരേന്ദ്ര സെവാഗ് അഭിപ്രായപ്പെട്ടത്. സഞ്ജുവിന് വലിയൊരു അഭിനന്ദനം നല്‍കൂ എന്നാണ് ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്. ടൂര്‍ണമെന്റില്‍ മൊത്തം ഈ ഫോം നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിക്കട്ടെയെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്.

റോയല്‍സിന് വേണ്ടി അവിസ്മരണീയ പ്രകടനമാണ് ഇന്നലെ നായകന്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്. 63 പന്ത് നേരിട്ട സഞ്ജു 119 റണ്‍സെടുത്തു. 7 സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ തലനാരിഴക്കാണ് പഞ്ചാബ് വിജയിച്ചത്.

ആദ്യ ഓവറില്‍ ബെന്‍ സ്‌റ്റോക്‌സിനെ പുറത്താക്കിയ മുഹമ്മദ് ഷമി പഞ്ചാബിന് മികച്ച തുടക്കം നല്‍കി. അധികം വൈകാതെ മനാന്‍ വോഹ്‌റ അര്‍ഷദീപിന് മുന്നില്‍ വീണു. പിന്നീടെത്തിയ ജോസ് ബട്‌ലറുമായി ചേര്‍ന്ന് സഞ്ജു റോയല്‍സ് സ്‌കോര്‍ മുന്നോട്ടുനയിച്ചു. മോശം പന്തുകളെ ശിക്ഷിച്ച് മുന്നേറിയ ഇരുവരും ശ്രദ്ധയോടെ ബാറ്റുവീശി. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 25ല്‍ നില്‍ക്കെ റിച്ചാര്‍ഡ്‌സണ്‍ ബട്‌ലറിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. പിന്നാലെയെത്തിയ ശിവം ദൂംബെയുമായി ചേര്‍ന്ന് സഞ്ജു മികച്ച കൂട്ടുക്കെട്ടുയര്‍ത്താനുള്ള ശ്രമം നടത്തി. ഇടയില്‍ നായകന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. റോയല്‍സ് സ്‌കോര്‍ 123ലെത്തിയതിന് പിന്നാലെ ദുംബെ വീണു. അര്‍ഷദീപിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ ദീപക് ഹുഡയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. അഞ്ചാം വിക്കറ്റില്‍ റയാന്‍ പരാഗിനൊപ്പം സഞ്ജു വീണ്ടും മികച്ച കൂട്ടുക്കെട്ടുയര്‍ത്തി. 11 പന്തില്‍ 25 റണ്‍സെടുത്ത പരാഗ് പുറത്തായതോടെ റോയല്‍സിന്റെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

മുഹമ്മദ് ഷമി എറിഞ്ഞ 17ാം ഓവര്‍ മത്സരത്തില്‍ നിര്‍ണായകമായി. ഈ ഓവറില്‍ ഒരു വിക്കറ്റെടുത്ത ഷമി എട്ട് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഇതോടെ റോയല്‍സിന്റെ വിജയിക്കാന്‍ 18 പന്തില്‍ 40 റണ്‍സ് എന്ന നിലയിലായി. റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ 18ാമത്തെ ഓവറില്‍ ആദ്യ മൂന്ന് പന്തില്‍ രണ്ട് ബൗണ്ടറിയും സിക്‌സും പറത്തി സഞ്ജു സാസംണ്‍ സെഞ്ച്വറി തികച്ചു. ഐപിഎല്ലിന്റെ ചരിത്രത്തിലെ നായകന്‍ തന്റെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയടിക്കുന്നത് ആദ്യമായിട്ടാണ്. നായകനെന്ന നിലയില്‍ ഐപിഎല്ലിലെ മികച്ച സ്‌കോര്‍ കൂടിയാണിത്.

അവസാന രണ്ട് ഓവറില്‍ റോയല്‍സിന് വിജയിക്കാന്‍ 21 റണ്‍സാണ് വേണ്ടിയിരുന്നത്. 19ാം ഓവറില്‍ ആദ്യ പന്തില്‍ തെവാട്ടിയ പുറത്തായി. പിന്നീടുള്ള പന്തുകള്‍ കടുപ്പിച്ചെറിഞ്ഞ റിച്ചാര്‍ഡ്‌സന്‍ മികവ് പുലര്‍ത്തി. എന്നാല്‍ ഈ ഓവറില്‍ ഒരു സിക്‌സടിച്ച് സഞ്ജു വിജയത്തിലേക്ക് ടീമിനെ നയിച്ചു. 20ാം അവസാന ഓവറില്‍ ഒരു സിക്‌സടിച്ച് വിജയ പ്രതീക്ഷ സഞ്ജു നിലനിര്‍ത്തിയെങ്കിലും അവസാന പന്തില്‍ ബൗണ്ടറിക്കരികില്‍ നിന്ന് ക്യാച്ചെടുത്ത ദീപക് ഹുഡ റോയല്‍സിന്റെ ഹൃദയം തകര്‍ത്തു.

Covid 19 updates

Latest News