‘കോഹ്ലി, ധോനിയുമല്ല ഗ്യാലറി ഇളകി മറിഞ്ഞത് നീ ഇറങ്ങിയപ്പോഴാണ്’; മലയാളികളുടെ പിന്തുണയെക്കുറിച്ച് സഞ്ജു അന്ന് പറഞ്ഞത്

രാജസ്ഥാന് റോയല്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും വൈറലായി മലയാളികളുടെ സ്നേഹത്തെക്കുറിച്ചുള്ള സഞ്ജു സാംസണിന്റെ പ്രതികരണം. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനുമായിട്ടുള്ള അഭിമുഖത്തിലായിരുന്നു സഞ്ജു മനസുതുറന്നത്. തിരുവനന്തപുരത്ത് മഹേന്ദ്ര സിംഗ് ധോനിയും വിരാട് കോഹ്ലിയും ഇറങ്ങിയ സമയത്ത് മിണ്ടാതിരുന്ന കാണികള്‍ സഞ്ജുവിനെ കണ്ടപ്പോള്‍ ഇളകി മറിഞ്ഞു. ഇതിന്റെ കാരണമെന്താണ് എന്നായിരുന്നു അശ്വിന്റെ ചോദ്യം.
”എന്റെ ജീവിതത്തില്‍ ഇത്രയും വലിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവില്ല. എങ്ങനെ പ്രതികരിക്കണമെന്ന് ആദ്യം മനസിലായില്ല. സ്വപ്നലോകത്ത് എത്തിയ പോലെയായിരുന്നു. അവസാനം മതി, നിങ്ങളൊന്ന് നിര്ത്തു എന്ന് അഭ്യര്‍ത്ഥിക്കാനാണ് എനിക്ക് തോന്നിയത്. അത് വേറെ ലെവല്‍ അനുഭവമാണ്. എന്റെ കരിയറിലെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ജന്മനാട്ടില് നിന്ന് ലഭിക്കുന്ന പിന്തുണ ചെറുതല്ല. നന്നായി കളിച്ചില്ലെങ്കിലും അവര്‍ ചീത്ത പറയില്ല. നിനക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്ന് ഓര്‍മ്മിക്കും. ഒരുപാട് പിന്തുണ നല്‍കും. കരിയറിയിലെ ഒരു മുതല്‍ക്കൂട്ടാണ് സ്വന്തം നാട്ടുകാരുടെ പിന്തുണ”.
സഞ്ജു സാംസണ്
കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം സഞ്ജുവിന് കഴിഞ്ഞിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 3 അര്‍ധസെഞ്ച്വറികളുമായി 375 റണ്‍സാണ് സഞ്ജു നേടിയത്. 85 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. 2019ലെ സെഞ്ച്വറി നേട്ടം ആവര്‍ത്തിക്കാന്‍ ഇത്തവണ കഴിഞ്ഞില്ല. 26 സിക്സറുകളാണ് സഞ്ജു ഇത്തവണ ഗ്യാലറിയിലേക്ക് പായിച്ചത്. 158.89 ശരാശറി സ്ട്രൈക് റേറ്റ്. സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചവരുടെ പട്ടികയില്‍ 16ാം സ്ഥാനത്താണ് സഞ്ജു. റോയല്‍സിന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഇത്.
ഒരു ഐപിഎല്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി കൂടിയാണ് സഞ്ജു. മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഇത്തവണ രാജസ്ഥാന് റോയല്‍സിനെ കിരീടത്തിലെത്തിക്കാന്‍ സഞ്ജുവിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.