Top

സഞ്ജുവിന്റെ പരുക്ക് ഗുരുതരമോ? ഏകദിന പരമ്പര നഷ്ടമായേക്കുമെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോഴും ആശങ്കയായി സഞ്ജു സാംസണിന്റെ പരുക്ക്. ഇന്നലെ ടോസിന് മുമ്പ് വരെ സഞ്ജുവിന് ആദ്യ ഇലവനില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടോസിനെത്തിയ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ പുതുമുഖങ്ങളായി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും അരങ്ങേറുമെന്നറിയിച്ചതോടെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശയായി. പിന്നീട് സഞ്ജുവിനെ എന്തിനാണ് ഒഴിവാക്കിയതെന്നായി അന്വേഷണം. ഇംഗ്ലണ്ട് പര്യടനത്തിനായി ലണ്ടനിലുള്ള സീനിയര്‍ ടീം നായകന്‍ വിരാട് കോഹ്ലിയുടെയും കോച്ച് രവിശാസ്ത്രിയുടെയും ഇടപെടലാണ് സഞ്ജുവിന്റെ ഒഴിവാക്കലിലേക്കു […]

18 July 2021 8:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഞ്ജുവിന്റെ പരുക്ക് ഗുരുതരമോ? ഏകദിന പരമ്പര നഷ്ടമായേക്കുമെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍
X

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോഴും ആശങ്കയായി സഞ്ജു സാംസണിന്റെ പരുക്ക്. ഇന്നലെ ടോസിന് മുമ്പ് വരെ സഞ്ജുവിന് ആദ്യ ഇലവനില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടോസിനെത്തിയ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ പുതുമുഖങ്ങളായി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും അരങ്ങേറുമെന്നറിയിച്ചതോടെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശയായി.

പിന്നീട് സഞ്ജുവിനെ എന്തിനാണ് ഒഴിവാക്കിയതെന്നായി അന്വേഷണം. ഇംഗ്ലണ്ട് പര്യടനത്തിനായി ലണ്ടനിലുള്ള സീനിയര്‍ ടീം നായകന്‍ വിരാട് കോഹ്ലിയുടെയും കോച്ച് രവിശാസ്ത്രിയുടെയും ഇടപെടലാണ് സഞ്ജുവിന്റെ ഒഴിവാക്കലിലേക്കു നയിച്ചതെന്നു വരെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഏറെ വൈകാതെ ബി.സി.സി.ഐയുടെ ഔദ്യോഗിക വിശദീകരണം വന്നു.

കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരുക്കാണ് സഞ്ജുവിനെ ഒഴിവാക്കാന്‍ കാരണം എന്നാണ് ബി.സി.സി.ഐ. വ്യക്തമാക്കിയത്. പരിശീലനത്തിനിടെയാണ് സഞ്ജുവിന് പരുക്കേറ്റത്. പരമ്പരയ്ക്കു മുമ്പായുള്ള ആദ്യ രണ്ടു സന്നാഹ മത്സരങ്ങളിലും സഞ്ജു കളിക്കാഞ്ഞതും ഈ പരുക്ക് കാരണമാണത്രേ.

എന്നാല്‍ അവസാന സന്നാഹ മത്സരത്തില്‍ കളിച്ച സഞ്ജു മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്തിരുന്നു. പക്ഷേ അവസാന സന്നാഹ മത്സരത്തിനിടെ സഞ്ജുവിന് വീണ്ടും കാല്‍മുട്ടിന് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് വിശ്രമം അനുവദിക്കുകയായിരുന്നു.

സഞ്ജുവിന്റെ പരുക്ക് അല്‍പം ഗുരുതര സ്വഭാവമുള്ളതാണെന്നാണ് ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിഗമെന്റിനേറ്റ പരുക്കായതിനാല്‍ ആവശ്യമായ വിശ്രമം ലഭിച്ചില്ലെങ്കില്‍ പരുക്ക് വഷളാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സഞ്ജുവിനെ അടുത്ത രണ്ടു മത്സരങ്ങളില്‍ക്കൂടി പുറത്തിരുത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അങ്ങനെ വന്നാല്‍ സഞ്ജുവിന് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമാകും. ട്വന്റി 20 പരമ്പരയ്ക്കു മുമ്പായി സഞ്ജു ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ഏകദിന പരമ്പരയില്‍ ഇഷാന്‍ കിഷനും ട്വന്റി 20 പരമ്പരയില്‍ സഞ്ജുവിനും അവസരം നല്‍കാനാണ് തീരുമാനം. പക്ഷേ ഈ തീരുമാനങ്ങള്‍ സഞ്ജുവിന്റെ ഫിറ്റ്‌നെസിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Next Story

Popular Stories