‘ഗംഗുബായി കത്തിയവാടിയായി’ ആലിയ ഭട്ട്; സഞ്ജയ് ലീല ബന്‍സാലി ചിത്രം, ടീസര്‍ പുറത്ത്

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഗംഗുബായി കത്തിയവാടി’യുടെ ടീസര്‍ റിലീസ് ചെയ്തു. പദ്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗംഗുബായി കത്തിയവാടി. ആലിയ ഭട്ടിന്റെ ആദ്യത്തെ ബന്‍സാലി ചിത്രമാണിത്. സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആലിയ ഭട്ടിന്റെ സിനിമ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഗംഗുബായി എന്ന കഥാപാത്രം. ആരേയും ഭയമില്ലാത്ത, സ്വതന്ത്രയായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ ആലിയ ചെയ്യുന്നത്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ പ്രമുഖ സ്ത്രീയാണ് ഗംഗു. ഗംഗുബായി എന്ന കാമാത്തിപുരയിലെ മാഫിയ ക്വീന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്.

2021 ജൂലൈ 30ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ റിലീസിന് മുന്നെ അറിയിച്ചിരുന്നു. ആലിയ ഭട്ട് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്ററും, ടീസറും പങ്കുവെച്ചിട്ടുണ്ട്.

അതേസമയം യഥാര്‍ത്ഥ ഗംഗുബായിയുടെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന ബാബുജി റവായി ഷാ ചിത്രത്തിന്റെ റിലീസിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ബന്‍സാലി, ആലിയ ഭട്ട്, ഹുസ്സൈന്‍ സൈദി എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഹുസൈനിന്റെ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ അമ്മയായ ഗംഗുബായിയെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകത്തില്‍ പറയുന്നത് പോലെ അവര്‍ ഒരു മാഫിയ ക്വീനോ, വേശ്യാലയം നോക്കി നടത്തുന്ന സ്ത്രീയോ ആയിരുന്നില്ലെന്നാണ് മകന്റെ വാദം.

സെപ്റ്റംബര്‍ 2020ലാണ് ചിത്രം ആദ്യം പുറത്തിറങ്ങാനിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ് തിയറ്ററുകള്‍ വീണ്ടും തുറന്നതിന് ശേഷമാണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.

Latest News