‘ജാനകിയുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കണം..’; വൈറല്‍ ഡാന്‍സേഴ്‌സിനെതിരെ വിദ്വേഷപ്രചരണവുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍
റാ..റാ റാസ്പുടിന്‍ ഡാന്‍സിലൂടെ ശ്രദ്ധേയരായ നവീനും ജാനകിക്കുമെതിരെ വിദ്വേഷപ്രചരണവുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍. നവീന്റെ പേരിനൊപ്പമുള്ള റസാഖ് ചൂണ്ടിക്കാട്ടി, മതം പറഞ്ഞാണ് സംഘപരിവാര്‍ സോഷ്യല്‍മീഡിയയിലൂടെ വിദ്വേഷപ്രചരണങ്ങള്‍ നടത്തുന്നത്. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണ് നിമിഷയുടെ അമ്മ തെളിയിക്കുന്നതെന്നാണ് സംഭവത്തില്‍ അഭിഭാഷകനായ കൃഷ്ണ രാജ് പറഞ്ഞത്. കൃഷ്ണ രാജിന്റെ പരാമര്‍ശം ഇങ്ങനെ: ”ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും […]

റാ..റാ റാസ്പുടിന്‍ ഡാന്‍സിലൂടെ ശ്രദ്ധേയരായ നവീനും ജാനകിക്കുമെതിരെ വിദ്വേഷപ്രചരണവുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍. നവീന്റെ പേരിനൊപ്പമുള്ള റസാഖ് ചൂണ്ടിക്കാട്ടി, മതം പറഞ്ഞാണ് സംഘപരിവാര്‍ സോഷ്യല്‍മീഡിയയിലൂടെ വിദ്വേഷപ്രചരണങ്ങള്‍ നടത്തുന്നത്.
ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണ് നിമിഷയുടെ അമ്മ തെളിയിക്കുന്നതെന്നാണ് സംഭവത്തില്‍ അഭിഭാഷകനായ കൃഷ്ണ രാജ് പറഞ്ഞത്.
കൃഷ്ണ രാജിന്റെ പരാമര്‍ശം ഇങ്ങനെ: ”ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.”

കേളേജുകള്‍ കേന്ദ്രീകരിച്ചും മതംമാറ്റം നടക്കുന്നുണ്ട്. നവീനുമായുള്ള സൗഹൃദത്തിലൂടെ ജാനകി സിറിയയിലെത്തുമെന്നാണ് കൃഷ്ണ രാജിന്റെ പരാമര്‍ശത്തെ പിന്തുണച്ച് മറ്റുള്ളവര്‍ കമന്റ് രേഖപ്പെടുത്തുന്നത്. ആ വീഡിയോ എടുത്തതും വൈറലാക്കിയതും ഒരു മുസ്ലീം ആണെന്നാണ് കെആര്‍ ഇന്ദിര എന്ന സ്ത്രീയുട പരാമര്‍ശം. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷപരാമര്‍ശം നടത്തുന്നവര്‍ക്കെതിരെയും നിരവധി പേരാണ് രംഗത്തെത്തിയത്.
കൃഷ്ണ രാജിന്റെ പരാമര്‍ശത്തില്‍ ഷിംന അസീസ് പറഞ്ഞത് ഇങ്ങനെ: ”ഉളുപ്പില്ലേ മിസ്റ്റര്‍? എന്ത് തരം വക്കീലാണ് നിങ്ങള്‍? രണ്ട് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് നൃത്തം ചെയ്താല്‍ എന്ത് തേഞ്ഞ് പോകുമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?? അച്ഛന്റെ പേരും ജാതകവും നോക്കി കൂട്ട് കൂടാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല. ഇങ്ങനെ വിഷം ഛര്‍ദ്ദിക്കാന്‍ എങ്ങനെ കഴിയുന്നു?”
കിരണ്‍ എന്ന യുവാവ് പറഞ്ഞത് ഇങ്ങനെ: ”മുപ്പതിനായിരം പേര് ഫോളോ ചെയ്യുന്ന മുന്തിയ വക്കീലായാലും വകതിരിവ് വട്ടപ്പൂജ്യം..! രണ്ടു മനുഷ്യരാണ് സാറേ ജാനകിയും നവീനും. നിങ്ങളെപ്പോലെ നെറികെട്ട മനസ്സുള്ളവര്‍ കെട്ടിപ്പൊക്കിയ മതത്തിന്റെ മതിലുകളൊന്നും ബാധിക്കാനൊരു സാധ്യതയുമില്ലാത്ത രണ്ട് മനുഷ്യര്‍. ആണും പെണ്ണും ഒന്നിച്ചു നടന്നാലോ ചിരിച്ചാലോ നൃത്തം ചെയ്താലോ വീര്‍ത്തു പഴുത്തു ചലം നിറഞ്ഞു പൊട്ടുന്ന ഏത് സദാചാരക്കുമിളയാണ് നിങ്ങള്‍ക്കുള്ളത്??
ആ ഡാന്‍സ് കണ്ട നൂറില്‍ തൊണ്ണൂറ്റൊമ്പത് പേരും അവരെ രണ്ട് പ്രതിഭയുള്ള മനുഷ്യരായി മാത്രമേ കണ്ടിട്ടുള്ളൂ, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളായിട്ടു മാത്രമേ കണ്ടിട്ടുള്ളൂ. അതിനപ്പുറം അവരുടെ മുഴുവന്‍ പേരിലെ മതമോ രാഷ്ട്രീയമോ കുലമോ കുടുംബമഹിമയോ ഇതെല്ലാം ചേര്‍ത്തുവെച്ചാല്‍ ചില ഇരുകാലികളുടെ വെറിപൂണ്ട മനസ്സിലുണ്ടാകുന്ന വര്‍ഗീയതയോ കണ്ടിട്ടില്ല.
ബാക്കിയുള്ള ഒരു ശതമാനം കീടാണു വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന കുമിള പൊട്ടി പോസ്റ്റിട്ടവനോടും, അതിനു താഴെ ഐക്യപ്പെട്ട ജാതിവാല്‍ തൂക്കിയ ‘മുന്തിയ’ ഹിന്ദുക്കളോടും ഒരൊറ്റ കാര്യമേ പറയാനുള്ളൂ. രണ്ട് മനുഷ്യര്‍. ഒരാണും പെണ്ണും. ഇവരല്ല, ആരുമായിക്കോട്ടെ. അവര്‍ ഒന്നിച്ചു ചിരിക്കും, തോളില്‍ കൈയിട്ട് നടക്കും, നൃത്തം ചെയ്യും, സിനിമക്ക് പോകും, ഏറ്റവും നല്ല കൂട്ടുകാരാവും, ചെലപ്പോ പ്രണയിക്കും, ചെലപ്പോ പിരിയും, ഒന്നിച്ചോ അല്ലാതെയോ ജീവിക്കും. ആ ജീവിതത്തിന്റെ താക്കോല്‍പ്പഴുതില്‍ എത്തിനോക്കാനോ നെടുവീര്‍പ്പിടാനോ സദാചാരമുപദേശിക്കുന്ന അഭ്യുദയകാംക്ഷി കളിക്കാനോ മതത്തിന്റെ പേരിലിവിടെ ഊഞ്ഞാലാട്ടം നടത്താനോ ഒരുമ്പെട്ടേക്കരുത്. വക്കീലന്മാര്‍ ചുരുങ്ങിയപക്ഷം അറിഞ്ഞിരിക്കേണ്ട ഭരണഘടനയനുസരിച്ചാണ് നാട്ടിലെ നിയമം, അല്ലാണ്ട് നിങ്ങളുടെ പുഴുവരിച്ച ജനിതകഘടനയനുസരിച്ചല്ല..”
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ ജാനകിയുടെയും നവീന്റെയും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഡാന്‍സ് വീഡിയോ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. റാ. റാ റാസ്പുടിന്‍.. ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനാണ് ഇരുവരും ചുവട് വച്ചത്. മെഡിക്കല്‍ കോളേജിലെ വരാന്തയില്‍ വച്ചാണ് ഡാന്‍സ് ചിത്രീകരിച്ചത്. ചുരുങ്ങിയ ദിവസം കൊണ്ടാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. നിരവധി സെലിബ്രിറ്റികള്‍ അടക്കം ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വയനാട് സ്വദേശിയാണ് നവീന്‍. ജാനകി തിരുവനന്തപുരം സ്വദേശിയും.