Football latest

സന്ദേശ് ജിങ്കന്‍ ഫുട്ബോളര്‍ ഓഫ്ദ ഇയര്‍; എമര്‍ജിങ് പ്ലേയര്‍ ആയി സുരേഷ് വാങ്ജാം

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരവും ഇന്ത്യന്‍ ടീമംഗവുമായ സന്ദേശ് ജിങ്കനെ തെരഞ്ഞെടുത്തു. മികച്ച യുവതാരമായി മിഡ്ഫീല്‍ഡര്‍ സുരേഷ് സിങ് വാങ്ജാമും തെരഞ്ഞെടുക്കപ്പെട്ടു.

2014 ല്‍ എമര്‍ജിങ്് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജിങ്കന്‍ നേടിയിരുന്നു. ഇതാദ്യമായാണ് ജിങ്കന് പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിക്കുന്നത്. മികച്ച പ്രകടനം നടത്താനുള്ള പ്രചോദനമായാണ് ഞാന്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നതെന്നും ഫുട്‌ബോളിനോടുള്ള അഭിനിവേശം പിന്തുടരാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഈ നേട്ടം സഹായിക്കുമെന്നും ജിങ്കന്‍ പറഞ്ഞു.

2015 ല്‍ ഗുവാഹത്തിയില്‍ വെച്ചാണ് ജിങ്കന്‍ സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം 40 മത്സരങ്ങളില്‍ ഇന്ത്യക്കായി ബൂട്ട് കെട്ടിയ ജിങ്കന്‍ നാലു ഗോളുകളും നേടിയിട്ടുണ്ട്. 2018 ല്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.മാര്‍ച്ചില്‍ ദുമാനില്‍ ഒമാനിനെതിരായ രാജ്യാന്തര സൗഹൃദ മത്സരമാണ് ജിങ്കന്‍ ക്യാപ്റ്റനായിറങ്ങിയ അവസാന മത്സരം.

ഇന്ത്യന്‍ ആരോസില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതിനാണ് യുവതാരമായ സുരേഷ് വാങ്ജാം അവാര്‍ഡിന് അര്‍ഹനായത്. ‘അവാര്‍ഡ് ലഭിച്ചവര്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഭാവിയില്‍ അവര്‍ കൂടുതല്‍ ശക്തരായി മുന്നോട്ട് പോകുമെന്നും അവരുടെ പ്രകടനങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും പ്രചോദനം തുടരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, ‘എ.ഐ.എഫ്.എഫ്. പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Covid 19 updates

Latest News