Top

ഷൊർണ്ണൂരിന്റെ മുഖഛായ മാറ്റുമെന്ന് സന്ദീപ് വാര്യർ; വികസനം ചർച്ചയാക്കി എൻഡിഎ പ്രചാരണം

മണ്ഡലത്തിന്റെ ഓരം ചേർന്ന് ഒഴുകുന്ന നിളാ നദിയെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നാണ് സന്ദീപിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്.

3 April 2021 11:04 PM GMT

ഷൊർണ്ണൂരിന്റെ മുഖഛായ മാറ്റുമെന്ന് സന്ദീപ് വാര്യർ; വികസനം ചർച്ചയാക്കി എൻഡിഎ പ്രചാരണം
X

പാലക്കാട്: ഷൊർണ്ണൂർ നിയോജക മണ്ഡലത്തിൽ വികസനം ചർച്ചയാക്കിയാണ് എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് ജി വാര്യരുടെ പ്രചാരണം മുന്നേറുന്നത്. വിജയിച്ചാൽ മണ്ഡലത്തിന്റെ മുഖഛായ മാറ്റുമെന്ന് സന്ദീപ് വാര്യർ വാക്കു നൽകുന്നു. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ വ്യത്യസ്ത പ്രചാരണ രീതിയിലൂടെ സന്ദീപ് ശ്രദ്ധേയനായിട്ടുണ്ട്. ബിജെപിയുടെ ഇതുവരെ കാണാത്ത പ്രചാരണത്തിനാണ് ഈത്തവണ ഷൊർണൂർ സാക്ഷ്യം വഹിക്കുന്നത്. ഇതു വഴി ചരിത്രത്തിൽ ആദ്യമായി ഷൊർണ്ണൂർ ത്രികോണ മത്സരത്തിലേക്ക് നീങ്ങിയിരിക്കുന്നു.

കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിച്ച മണ്ഡലത്തിൽ അപ്രതീക്ഷിതമായി സന്ദീപ് വാര്യർ എത്തിയതോടെയാണ് മത്സര ചിത്രം മാറിയത്. പ്രചാരണത്തിൽ മുന്നേറിയതിന് പിന്നാലെ ചർച്ച വികസനത്തിലേക്ക് മാറ്റാൻ എൻഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മണ്ഡലത്തിന് നഷ്ടമായ 15 വർഷത്തെ കുറിച്ചാണ് സന്ദീപ് വോട്ടർമാരോട് സംസാരിക്കുന്നത്. വികസന മുരടിപ്പിന് പരിഹാരം കാണാൻ എൻഡിഎക്ക് കഴിയുമെന്ന് സന്ദീപ് വാര്യർ പറയുന്നു.

കേന്ദ്ര പദ്ധതികൾ ഉൾപ്പടെ മണ്ഡലത്തിൽ കൃത്യമായി നടപ്പിലാകണമെങ്കിൽ ബിജെപി പ്രതിനിധി വിജയിക്കണമെന്നും ചുണ്ടിക്കാട്ടുന്നു. മണ്ഡലത്തിന്റെ ഓരം ചേർന്ന് ഒഴുകുന്ന നിളാ നദിയെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നാണ് സന്ദീപിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കാൻ ചെറുകിട വ്യവസായ മേഖലയെ പരിപോഷിപ്പിക്കാൻ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യും. വിദ്യാഭ്യാസ മേഖലയിലടക്കം സമൂലമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. മുൻകാല ജനപ്രതിനിധികൾ ഈ കാര്യങ്ങൾ ഒട്ടും പരിഗണിച്ചിരുന്നില്ല എന്ന പക്ഷക്കാരനാണ് സന്ദീപ് വാര്യർ.

വീടു കയറി വോട്ടഭ്യർത്ഥിക്കുന്നതിന് ഒപ്പം വിദ്യാർത്ഥികളുമായും യുവാക്കളുമായും സന്ദീപ് കഴിഞ്ഞ ദിവസം സംവദിച്ചിരുന്നു. പ്രചാരണത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിക്കുവാനും എൻ.ഡി.എ നേതൃത്വം ശ്രമിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സ്വർണ്ണക്കടത്ത് ഉൾപ്പടെയുള്ള വിഷയങ്ങൾ മണ്ഡലത്തിൽ സജീവ ചർച്ചയല്ല എന്നതാണ് ശ്രദ്ധേയം. എൽഡിഎഫ് സ്ഥാനാർത്ഥി പി മമ്മിക്കുട്ടിയും യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് ബാബുവും ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തുമ്പോഴാണ് വികസനം മാത്രം പറഞ്ഞ് സന്ദീപ് വാര്യർ ശ്രദ്ധേയനാകുന്നത്.

Next Story

Popular Stories