Top

‘ബിജെപിക്കെതിരെ ഒരുസംഘം മാധ്യമപ്രവർത്തകർ, മാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുത്’; ഏഷ്യാനെറ്റ് ഖേദം പ്രകടനത്തിന് പിന്നാലെ സന്ദീപ് വാര്യർ

ബംഗാളിലെ അക്രമം അർഹിക്കുന്ന പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തില്ലെന്ന് വിളിച്ചുപറഞ്ഞ കോട്ടയം സ്വദേശിനിയോട് ഈ വാർത്ത കൊടുക്കാൻ സൗകര്യമില്ലെന്ന് മാധ്യമപ്രവർത്തക പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

7 May 2021 4:04 AM GMT

‘ബിജെപിക്കെതിരെ ഒരുസംഘം മാധ്യമപ്രവർത്തകർ, മാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുത്’; ഏഷ്യാനെറ്റ് ഖേദം പ്രകടനത്തിന് പിന്നാലെ സന്ദീപ് വാര്യർ
X

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തക പ്രേക്ഷകനോട് അപക്വമായി സംസാരിച്ചുവെന്ന വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. മാധ്യമ പ്രവർത്തക പി.ആർ പ്രവീണയുടെ ഫോൺ സംഭാഷണം പുറത്തു വന്നതോടെ അക്കാര്യത്തിലുള്ള പ്രതിഷേധം ഏഷ്യാനെറ്റിലെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിരുന്നു. മാധ്യമ പ്രവർത്തകയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് ലഭിച്ചതെന്നും സന്ദീപ് വാര്യർ ഫെയിസ്ബുക്കിൽ കുറിച്ചു.

കേരളത്തിലെ ഒരുസംഘം മാധ്യമപ്രവർത്തകർ ബിജെപിക്ക് എതിരായി പ്രവർത്തിക്കുന്നുവെന്നും ബിജെപിക്ക് മാധ്യമങ്ങൾ കൂടുതൽ സ്പെയ്സ് കൊടുക്കരുതെന്നും സമരങ്ങൾക്ക് കൊടുക്കുന്ന കവറേജ് കൂടുതലാണെന്ന് മീഡിയ വണ്ണിലെ രാജീവ് ദേവരാജ് പറഞ്ഞുവെന്നും സന്ദീപ് ആരോപിച്ചു. അതേസമയം ഏഷ്യനെറ്റ് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സഹപ്രവർത്തകയുടെ പ്രതികരണം അപക്വമായിരുന്നെന്നും അനാവശ്യമായിരുന്നെന്നും പറഞ്ഞ് തള്ളിയ ഏഷ്യാനെറ്റ്, ഈ മാധ്യമപ്രവർത്തകയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുനമെന്നും അറിയിച്ചു.

ബംഗാളിലെ അക്രമം അർഹിക്കുന്ന പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തില്ലെന്ന് വിളിച്ചുപറഞ്ഞ കോട്ടയം സ്വദേശിനിയോട് ഈ വാർത്ത കൊടുക്കാൻ സൗകര്യമില്ലെന്ന് മാധ്യമപ്രവർത്തക പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പിന്നാലെ ചാനലിനും മാധ്യമപ്രവർത്തകയ്ക്കുമെതിരെ ആർഎസ്എസ് അനുകൂല പ്രൊഫൈലുകളിൽ നിന്നുൾപ്പെടെ കടുത്ത സൈബർ ആക്രമണമുണ്ടായി. പ്രകോപനപരമായി സംസാരിക്കുന്നതിനിടെ ബംഗാളിലുള്ളവർ ഇന്ത്യയിലല്ല, അവർ പാക്കിസ്ഥാനിലാണെന്ന് മാധ്യമപ്രവർത്തക പറഞ്ഞത് കൂടി ചൂണ്ടിയാണ് ആക്ഷേപങ്ങൾ.

സന്ദീപ് വാര്യരുടെ കുറിപ്പ്

ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തക പി.ആർ പ്രവീണയുടെ ഫോൺ സംഭാഷണം പുറത്തു വന്നതോടെ അക്കാര്യത്തിലുള്ള പ്രതിഷേധം ഏഷ്യാനെറ്റിലെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിരുന്നു. മാധ്യമ പ്രവർത്തകയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് ലഭിച്ചത്.

കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവർത്തകരുടെ ബിജെപി വിരുദ്ധത മറ നീക്കി പുറത്തു വരുന്നത് അടുത്ത ദിവസങ്ങളിൽ കണ്ടു. മീഡിയ വണ്ണിലെ രാജീവ് ദേവരാജ്, ബിജെപിക്ക് മാധ്യമങ്ങൾ കൂടുതൽ സ്പെയ്സ് കൊടുക്കരുതെന്നും സമരങ്ങൾക്ക് കൊടുക്കുന്ന കവറേജ് കൂടുതലാണെന്നുമൊക്കെ വിലപിക്കുന്നത് കണ്ടു. കിട്ടിയ വോട്ടിൻ്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇന്ത്യയിലെ ഇടതുപക്ഷത്തിന് രാജ്യത്ത് ഏതു മാധ്യമത്തിലാണ് ഇടം ലഭിക്കുക? ആളെണ്ണമല്ല, ആധാരമായ വിഷയമാണ് സമരത്തിൻ്റെ പ്രാധാന്യം നിശ്ചയിക്കുന്നതെന്ന് അറിയാത്തവനല്ല രാജീവ് ദേവരാജ്. അതു കൊണ്ടാണ് വാളയാറിലെ അമ്മയുടെ സമരം നമുക്ക് പ്രൈം ടൈമിൽ ചർച്ച ചെയ്യേണ്ടി വരുന്നത്. മാധ്യമ പ്രവർത്തനത്തിന് സമൂഹം കൽപ്പിച്ചിട്ടുള്ള മാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത് .

വിഷയത്തിൽ ഏഷ്യാനെറ്റ് മാധ്യമപ്രവർത്തക ആർ പ്രവീണയുടെ പ്രതികരണം

സുഹൃത്തുക്കളെ,

ബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റ് ഓഫീസിലേക്ക് വരുന്നുണ്ട്. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോർട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികൾക്ക് മറുപടി പറയേണ്ടി വന്നപ്പോൾ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയിട്ടുണ്ട്. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. അതിൽ നിർവ്യാജം ഖേദിക്കുന്നു .

സംഭവത്തില്‍ ഏഷ്യാനെറ്റിന്റെ പ്രതികരണം:

അറിയിപ്പ്:

ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകരോടുള്ള പെരുമാറ്റത്തില്‍ ഇത്തരം വീഴ്ചകള്‍ വരുത്തുന്നതിനോട് ഒട്ടും വിട്ടുവീഴ്ച പുലര്‍ത്താത്ത ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന്, ഒരു കാരണവശാലും ഇത് ആവര്‍ത്തിക്കില്ലെന്ന്, ഞങ്ങള്‍ക്ക് ഒപ്പം എന്നും നിന്നിട്ടുള്ള പ്രിയ പ്രേക്ഷക സമൂഹത്തിന് ഉറപ്പ് നല്‍കുന്നു.

എഡിറ്റർ

Next Story