‘യൂത്ത് കോണ്‍ഗ്രസിന് വിയര്‍പ്പിന്റെ അസുഖം, അവര്‍ ലിസ്റ്റ് കൊടുത്തില്ല, കുത്തിത്തിരിപ്പുണ്ടാക്കുന്നു’; സേവാഭാരതി വിവാദത്തില്‍ സന്ദീപ് വാര്യര്‍
സേവാഭാരതിയുടെ പരിശോധനയ്‌ക്കെതിരെ ആദ്യം രൂക്ഷമായി വിമര്‍ശനമുന്നയിച്ച ടി സിദ്ധിഖ് എംഎല്‍എയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം യൂണിഫോം ധരിച്ചെത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ വാഹന പരിശോധന നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പൊലീസിനെ സഹായിക്കാന്‍ സേവാഭാരതി, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ഡിവൈഎഫ്‌ഐ എന്നീ സംഘടനകളില്‍ നിന്ന് ചില പ്രവര്‍ത്തകരെ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പരിശോധന നടത്തിയതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ ലിസ്റ്റ് നല്‍കാന്‍ തയ്യാറാകാതിരുന്ന യൂത്ത് കോണ്‍ഗ്രസ് പിന്നീട് കുത്തിത്തിരിപ്പുണ്ടാക്കുകയായിരുന്നെന്നും സന്ദീപ് ആഞ്ഞടിച്ചു. സേവാഭാരതിയുടെ പരിശോധനയ്‌ക്കെതിരെ ആദ്യം രൂക്ഷമായി വിമര്‍ശനമുന്നയിച്ച ടി സിദ്ധിഖ് എംഎല്‍എയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:
പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ.ഇ.കൃഷ്ണദാസിനെ വിളിച്ച് പോലീസിനെ സഹായിക്കാൻ കുറച്ച് വളണ്ടിയേഴ്സിനെ വേണം എന്ന് ആവശ്യപ്പെടുന്നു. വൈസ് ചെയർമാൻ സേവാഭാരതി, ഡിവൈഎഫ്ഐ, യുവമോർച്ച, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകളുടെ പാലക്കാട് നഗരത്തിലെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളെ വിളിക്കുന്നു.
തുടർന്ന് ഡിവൈഎഫ്ഐ 10 പേരുടെ ലിസ്റ്റ് നൽകുന്നു . യുവമോർച്ച 10 പേരുടെ ലിസ്റ്റ് നൽകുന്നു. സേവാഭാരതി 20 പേരുടെ ലിസ്റ്റ് നൽകുന്നു . എല്ലാം പോലീസിന് കൈമാറുന്നു യൂത്ത് കോൺഗ്രസ് ലിസ്റ്റ് ലഭിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ വീണ്ടും വൈസ് ചെയർമാൻ വിളിക്കുന്നു . ലഭിക്കുന്നില്ല .കാള പെറ്റു എന്ന് കേട്ടതോടെ ടി.സിദ്ദീഖ് കയറെടുക്കുന്നു . പുറകെ ചില മാധ്യമങ്ങളും.
നാട്ടിലിറങ്ങി നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ വിയർപ്പിൻ്റെ അസുഖമുള്ളവരാണ് സിദ്ദീഖിൻ്റെ യൂത്ത് കോൺഗ്രസുകാർ . നാട്ടുകാർക്ക് ഒരു ഉപയോഗവും ഇല്ലെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാൻ കോൺഗ്രസുകാർ മുന്നിലുണ്ടാവും.