Top

‘ഭീകരവാദികള്‍ക്കുമുന്നില്‍ നട്ടെല്ല് വളയ്ക്കുന്നു’; സൗമ്യയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച പോസ്റ്റ് മുഖ്യമന്ത്രി നീക്കിയെന്ന് സന്ദീപ് വാര്യര്‍

മതഭീകരതയെ മുഖ്യമന്ത്രി തന്നെ ഇങ്ങനെ ഭയന്നാല്‍ അദ്ദേഹത്തെ വിശ്വസിച്ച് വോട്ട് ചെയ്ത അസംഘടിത ഭൂരിപക്ഷത്തിന് എന്ത് സുരക്ഷയാണുള്ളതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

12 May 2021 9:25 AM GMT

‘ഭീകരവാദികള്‍ക്കുമുന്നില്‍ നട്ടെല്ല് വളയ്ക്കുന്നു’; സൗമ്യയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച പോസ്റ്റ് മുഖ്യമന്ത്രി നീക്കിയെന്ന് സന്ദീപ് വാര്യര്‍
X

ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി നീക്കം ചെയ്‌തെന്ന ആരോപണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. ഭീകരവാദ ശക്തികള്‍ക്കുമുന്നില്‍ നട്ടെല്ല് വളയ്ക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ജനങ്ങള്‍ മനസിലാക്കിയെന്ന് സന്ദീപ് വാര്യര്‍ ആക്ഷേപിച്ചു. മതഭീകരതയെ മുഖ്യമന്ത്രി തന്നെ ഇങ്ങനെ ഭയന്നാല്‍ അദ്ദേഹത്തെ വിശ്വസിച്ച് വോട്ട് ചെയ്ത അസംഘടിത ഭൂരിപക്ഷത്തിന് എന്ത് സുരക്ഷയാണുള്ളതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

നഴ്‌സസ് ദിനത്തില്‍ ആശംസകള്‍ അറിയിക്കുന്ന അതേ പോസ്റ്റിലൂടെ മുഖ്യമന്ത്രി സൗമ്യയ്ക്ക് ആദ്യം ആദരാഞ്ജലി അര്‍പ്പിച്ചതായാണ് സന്ദീപ് വാര്യര്‍ പറയുന്നത്. പിന്നീട് ആ ഭാഗം നീക്കം ചെയ്ത് മുഖ്യമന്ത്രി മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് ആരോപണം. ഒരു സ്‌ക്രീന്‍ ഷോട്ട് കൂടി ഉള്‍പ്പെടുത്തിയാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

സന്ദീപ് വാര്യര്‍ പറയുന്നത് ഇങ്ങനെ:

മുഖ്യമന്ത്രി , താങ്കൾ ആരെയാണ് ഭയക്കുന്നത് ? സംഘടിത മതഭീകരതയുടെ മുന്നിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി ഭയന്നാൽ താങ്കളെ വിശ്വസിച്ച് വോട്ട് ചെയ്ത അസംഘടിത ഭൂരിപക്ഷത്തിന് എന്ത് സുരക്ഷയാണുള്ളത്?

പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം തെരഞ്ഞെടുപ്പിൽ താങ്കളെ പിന്തുണച്ച എസ്ഡിപിഐ തരുന്നില്ലേ ?

പിണറായി വിജയൻ രാഷ്ട്രീയ വിയോജിപ്പുള്ള വ്യക്തിയായിരുന്നെങ്കിലും പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്ന ആളാണെന്നൊരു തോന്നൽ ഉണ്ടായിരുന്നു. പാലസ്തീൻ തീവ്രവാദികൾ കൊന്നുകളഞ്ഞ നമ്മുടെ പ്രിയ സോദരി സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ച പോസ്റ്റ് താങ്കൾ പിൻവലിച്ചതോടെ , ആ തോന്നൽ മാറിക്കിട്ടി. സംഘടിത ന്യൂനപക്ഷ വോട്ടിനു വേണ്ടി എന്ത് വിട്ടുവീഴ്ചയും വിധേയത്വവും കാണിക്കാൻ തയ്യാറുള്ള വെറുമൊരു രാഷ്ട്രീയ ഭിക്ഷാംദേഹി മാത്രമാണ് താങ്കൾ എന്ന് ബോധ്യപ്പെടുന്നു.

മതഭീകരവാദ ശക്തികളുടെ തിട്ടൂരത്തിനു മുന്നിൽ നട്ടെല്ല് വളയ്ക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് എന്ന വസ്തുത ജനങ്ങൾക്ക് മനസ്സിലാവുകയാണ്.

Next Story