Top

‘മിസ്റ്റർ പ്രധാനമന്ത്രി,ചർച്ചകൾ പുനഃരാരംഭിക്കാനുള്ള ബാധ്യത താങ്കൾക്കാണ്’, മെയ് 26ന് കരിദിനം ആചരിക്കാൻ കർഷകസംഘടനകൾ

ഇതു ജീവൻമരണ പോരാട്ടമാണ്. കൂടാതെ വരും തലമുറയുടെ ഭാവിയ്ക്കു കൂടി പ്രതിസന്ധിയുണ്ടാക്കുന്നതാണ് കർഷകരുടെ പ്രശ്‌നങ്ങളെന്ന് കർഷകസംഘടനകൾ പ്രധാനമന്ത്രിക്കുള്ള കത്തിൽ ചൂണ്ടിക്കാണിച്ചു.

22 May 2021 1:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മിസ്റ്റർ പ്രധാനമന്ത്രി,ചർച്ചകൾ പുനഃരാരംഭിക്കാനുള്ള ബാധ്യത താങ്കൾക്കാണ്’, മെയ് 26ന് കരിദിനം ആചരിക്കാൻ കർഷകസംഘടനകൾ
X

കർഷക സംഘടനകളുമായി ചർച്ചകൾ പുനരാരംഭിക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കെന്ന് വ്യക്തമാക്കി സംയുക്ത കിസാൻ മോർച്ച. ചർച്ചകൾ പുനാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് സംയുക്ത കിസാൻ മോർച്ച കത്തെഴുതിയത്.

‘മിസ്റ്റർ പ്രധാനമന്ത്രി, ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മേധാവിയെന്ന നിലയിൽ കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെടാനും ചർച്ച നടത്താനും താങ്കൾ ബാദ്ധ്യസ്ഥനാണ്’ എന്നാണ് കത്ത് തുടങ്ങുന്നത്. ഇതു ജീവൻമരണ പോരാട്ടമാണ്. കൂടാതെ വരും തലമുറയുടെ ഭാവിയ്ക്കു കൂടി പ്രതിസന്ധിയുണ്ടാക്കുന്നതാണ് കർഷകരുടെ പ്രശ്‌നങ്ങളെന്ന് കർഷകസംഘടനകൾ പ്രധാനമന്ത്രിക്കുള്ള കത്തിൽ ചൂണ്ടിക്കാണിച്ചു. ഏതൊരു ജനാധിപത്യസർക്കാരും കർഷകർ തിരസ്‌ക്കരിച്ച നിയമങ്ങൾ തള്ളിക്കളയുകയാണ് ചെയ്യുക.

കർഷക പ്രക്ഷോഭം തുടങ്ങി ആറുമാസം പിന്നീടുന്ന മെയ് 26ന് കറുത്ത ദിനമായി ആചരിക്കാൻ സംയ്ക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്യ്തിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും കറുത്ത പതാക ഉയർത്തി പ്രതിഷേധത്തിൽ പങ്കാളികളാവാനാണ് കർഷകരോട് സംഘടന ആവശ്യപ്പെടുന്നത്.

കർഷക സംഘടനകളുടെ പ്രക്ഷോഭത്തിനെ പൂർണമായും അവഗണിക്കുന്ന സർക്കാർ നിലപാടിനെ കത്തിൽ കർഷക സംഘടനാ നേതാക്കളായ ബൽബീർ സിംഹ് രാജ്വാലും ദർശൻ പാലും ശക്തമായി വിമർശിച്ചു. കൊവിഡ് സാഹചര്യത്തിൽ ആർക്കും അപകടാവസ്ഥ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അതേ സമയം പ്രക്ഷോഭത്തിൽ നിന്ന് പിൻമാറാൻ കർഷകർ തയ്യാറല്ല.

ആത്മാർത്ഥമായും താങ്കൾക്കാണ് ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ബാധ്യതയെന്ന് കർഷക സംഘടനാ നേതാക്കൾ കത്തിൽ വിശദീകരിച്ചു. സംയുക്ത കിസാൻ മോർച്ച സമാധാനപരമായ പ്രക്ഷോഭങ്ങളും ചർച്ചകളിലൂടെ ജനാധിപത്യ പരിഹാരങ്ങളുമാണ് എല്ലായ്പോഴും മുന്നോട്ടുവെക്കുന്നത്.

ജനുവരിയിൽ കർഷകരും സർക്കാരും നിരവധി തവണ കർഷകനിയമങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ജനുവരി 26 റെഡ് ഫോർട്ട് സംഭവത്തിന് ശേഷം സർക്കാർ കർഷക സംഘടനകളുമായുള്ള ചർച്ചകൾക്ക് പൂർണ്ണമായും വിസമ്മതിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ കർഷകപ്രക്ഷോഭം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയോട് ചർച്ചകൾ പുനാരംഭിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടത്. പ്രക്ഷോഭത്തിൽ ഏർപ്പെട്ട നാല്പ്പതോളം കർഷക സംഘടനകളുടെ സംയുക്ത സംഘടനയാണ് സംയുക്ത കിസാൻ മോർച്ച.

Next Story