Top

സംഘടനയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചതായി ആരോപണം: മായിന്‍ ഹാജിക്കെതിരെ സമസ്ത അന്വേഷണ കമ്മീഷന്‍ ഉടന്‍ നടപടിയെടുത്തേക്കും

സമസ്ത യുവജനവിഭാഗത്തിലേയും വിദ്യാര്‍ഥിസംഘടനിലേയും പ്രമുഖ നേതാക്കള്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ മായിന്‍ ഹാജിയ്ക്കും കൂട്ടര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.

30 Jan 2021 10:55 PM GMT

സംഘടനയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചതായി ആരോപണം: മായിന്‍ ഹാജിക്കെതിരെ സമസ്ത അന്വേഷണ കമ്മീഷന്‍ ഉടന്‍ നടപടിയെടുത്തേക്കും
X

സമസ്തയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ച ഐയുഎംഎല്‍ നേതാവ് എംസി മായിന്‍ ഹാജിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സമസ്ത അന്വേഷണകമ്മീഷനുമേല്‍ കടുത്ത സമ്മര്‍ദ്ദം. മായിന്‍ ഹാജിയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമസ്ത യുവജനവിഭാഗം അന്വേഷണകമ്മീഷനുമുന്‍പാകെ പരാതി നല്‍കി. പരാതി പരിഹാരത്തിനായി രൂപം നല്‍കിയ അന്വേഷണകമ്മീഷന്‍ മായിന്‍ ഹാജിയ്‌ക്കെതിരെ ഉടന്‍ നടപടിയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമസ്ത യുവജനവിഭാഗത്തിലേയും വിദ്യാര്‍ഥിസംഘടനിലേയും പ്രമുഖ നേതാക്കള്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ മായിന്‍ ഹാജിയ്ക്കും കൂട്ടര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. സമസ്തയില്‍ പിളര്‍പ്പുണ്ടാക്കാനായി സംഘം ചേര്‍ന്നു, സമസ്തയുടെ മുതിര്‍ന്ന നേതാവായ ഉമര്‍ ഫൈസി മുക്കത്തെ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയിലൂടെ അപമാനിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം കൂടിയായ മായിന്‍ ഹാജി 2020 ഡിസംബര്‍ 20ന് കോഴിക്കോട് വിഭാഗീയ യോഗം വിളിച്ചതിന്റെ തെളിവുകളും യുവജനസംഘടന അന്വേഷണ കമ്മീഷനുമുന്നില്‍ നിരത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സമസ്ത മുഖപത്രമായ സുപ്രഭാതത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും മായിന്‍ ഹാജിയുടെ നേതൃത്വത്തില്‍ നടന്നതായും പരാതിയില്‍പ്പറയുന്നു. സുപ്രഭാതം പത്രം ക്യാംപെയ്ന്‍ ആരംഭിച്ച അതേസമയത്തുതന്നെ ചന്ദ്രികയും ക്യാംപെയ്ന്‍ ആരംഭിച്ചതായി പരാതിയില്‍ സൂചനയുണ്ട്. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടെന്നും അതിനാല്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്നും ഇവര്‍ പ്രചരിപ്പിച്ചതായും യുവജനവിഭാഗം ആരോപിക്കുന്നു. ഈ വിവാദവുമായി ബന്ധപ്പെട്ട് സമസ്തയുടെ കോഴിക്കോട് ജില്ലാ നേതാവ് അബൂബക്കര്‍ ഫൈസി മലയമ്മയെ സംഘടന സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Next Story