Top

‘ലൗ ജിഹാദ് നിയമത്തെ ശക്തിയുക്തം എതിര്‍ക്കും’; യോഗി സര്‍ക്കാരിനെ വെല്ലുവിളിച്ച് അഖിലേഷ് യാദവ്

മതംമാറ്റം ലക്ഷ്യംവെച്ചുള്ള വിവാഹവും വിവാഹത്തിനായുള്ള മതംമാറ്റവും അസാധുവാക്കാന്‍ കോടതിയ്ക്ക് അനുമതി നല്‍കുന്നതാണ് യുപിയിലെ പുതിയ നിയമം.

28 Nov 2020 8:05 PM GMT

‘ലൗ ജിഹാദ് നിയമത്തെ ശക്തിയുക്തം എതിര്‍ക്കും’; യോഗി സര്‍ക്കാരിനെ വെല്ലുവിളിച്ച് അഖിലേഷ് യാദവ്
X

വിവാഹവുമായി ബന്ധപ്പെട്ട നിര്‍ബന്ധിത മതംമാറ്റം നിരോധിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഓര്‍ഡിനന്‍സ് അസംബ്ലിയിലെത്തുമ്പോള്‍ തന്റെ പാര്‍ട്ടി അതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി പൂര്‍ണ്ണമായും ബില്ലിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുമ്പോഴും ഇത്തരം നിയമങ്ങള്‍ സമൂഹത്തില്‍ വെറുപ്പ് പരത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തടവുശിക്ഷ അനുശാസിക്കുന്ന നിയമത്തിന് ശനിയാഴ്ച്ച യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയിരുന്നു. 24-ാം തീയതിയാണ് യുപി മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.

മതംമാറ്റം നിയമവിരുദ്ധവും ജാമ്യമില്ലാത്ത കുറ്റവുമാണെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമപ്രകാരം കുറ്റക്കാരെ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാമെന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. സംഘമായുള്ള മതംമാറ്റത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് 10 വര്‍ഷം തടവും 50,000 രൂപ പിഴയും നല്‍കാനാണ് നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നത്. മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് 5 ലക്ഷംരൂപ വരെ നഷ്ടപരിഹാരം നല്‍കാനും കോടതിയ്ക്ക് നിര്‍ദേശിക്കാം.


ലൗ ജിഹാദ് തടയാനാണ് ശക്തമായ നിയമനിര്‍മ്മാണം നടത്തുന്നതെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വാദം. ഉത്തര്‍പ്രദേശിന് മുന്‍പ് മധ്യപ്രദേശും ഹരിയാനയും മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. മതംമാറ്റം ലക്ഷ്യംവെച്ചുള്ള വിവാഹവും വിവാഹത്തിനായുള്ള മതംമാറ്റവും അസാധുവാക്കാന്‍ കോടതിയ്ക്ക് അനുമതി നല്‍കുന്നതാണ് യുപിയിലെ പുതിയ നിയമം.

Next Story