സല ലിവര്‍പൂള്‍ വിടുന്നു? തുടരാന്‍ നിര്‍ബന്ധിക്കില്ലെന്ന് ക്ലോപ്പ്

ലിവര്‍പൂള്‍ സൂപ്പര്‍താരം മൊഹമ്മദ് സല ക്ലബ്ബ് വിടുന്നു എന്ന വാര്‍ത്തകള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായി ആഴ്ചകളായി. സ്പാനിഷ് പത്രത്തിന് റയല്‍ മാഡ്രിഡിനോടും, ബാഴ്‌സലോണയോടും ഉള്ള താത്പര്യം സല വെളിപ്പെടുത്തിയതോടെയാണ് കൂടുമാറ്റം ചൂടുപിടിച്ചത്. എന്നാല്‍ ലിവര്‍പൂള്‍ പരിശീലകന്‍ യോര്‍ഗന്‍ ക്ലോപിന് താരത്തിന്റെ മനം മാറ്റത്തിന്റെ കാരണങ്ങള്‍ എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. സലക്ക് ക്ലബ്ബ് വിടണമെങ്കില്‍ തുടരാന്‍ നിര്‍ബന്ധിക്കില്ല എന്നാണ് ക്ലോപ്പിന്റെ പക്ഷം.

‘ലിവര്‍പൂള്‍ വിടാന്‍ സലക്ക് ആകെ പറയാന്‍ പറ്റുന്ന ഒരു കാരണം നിലവിലത്തെ കാലാവസ്ഥ മാത്രമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബാണ് ലിവര്‍പൂള്‍. നല്ല സ്റ്റേഡിയവും മികച്ച ആരാധകരും ഉണ്ട്. നല്ല രീതിയില്‍ പ്രതിഫലവും നല്‍കുന്നുണ്ട്,’ ക്ലോപ് വ്യക്തമക്കി.

പിന്നീടാണ് ക്ലോപ്പ് ക്ലബ്ബ് വിടാന്‍ താത്പര്യം ഉള്ളവരെ തടയില്ല എന്ന നിലപാട് എടുത്തത്. ‘നമുക്ക് ആരേയും നിര്‍ബന്ധിക്കാനാകില്ല. ആര്‍ക്കെങ്കിലും പുതിയ തീരുമാനങ്ങള്‍ എടുക്കണമെങ്കില്‍, വേണ്ട മാറ്റങ്ങളും താരങ്ങളേയും ക്ലബ്ബിലേക്ക് കൊണ്ടുവരും. അല്ലാതെ ആരേയും തടഞ്ഞ് നിര്‍ത്താന്‍ താല്‍പര്യപ്പെടുന്നില്ല,’ ക്ലോപ് കൂട്ടിച്ചേര്‍ത്തു.

മിജിലാന്റിനെതിരെ ഈ മാസം ഗോള്‍ നേടിയതോടെ സല ചാമ്പ്യന്‍സ് ലീഗിലെ ലിവര്‍പൂളിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു. സ്പാനിഷ് മാധ്യമത്തിനോടുള്ള സലയുടെ തുറന്ന് പറച്ചിലിനോടും പരിശീലകന്‍ പ്രതികരിച്ചു. ബാഴസക്കും റയലിനുമായി കളിക്കാന്‍ ആഗ്രഹമുണ്ടൊ എന്ന് ഒരു കളിക്കാരനോട് ചോദിച്ചാല്‍, ആരെങ്കിലും താല്‍പര്യം ഇല്ല എന്ന് പറയുമൊ എന്നായിരുന്നു ക്ലോപിന്റെ ചോദ്യം.