‘കറുത്തനിറം കാരണം ഡാന്‍സ് ടീച്ചര്‍ മാറ്റി നിര്‍ത്തി’; സയനോര

ജീവിതത്തില്‍ പലപ്പോഴും നിറത്തിന്റെ പേരില്‍ തഴയപ്പെട്ടിട്ടുണ്ടെന്ന് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്രിസ്മസ് പരിപാടിയില്‍ സംസാരിക്കവെയാണ് സയനോര ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂളില്‍ തുടങ്ങി ഗായിക എന്ന നിലയിലും പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുണ്ട്. പല വലിയ ഷോകളില്‍ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിനാല്‍ അത് പലര്‍ക്കും പ്രചോദനമായിട്ടുണ്ടെന്നും സയനോര പറഞ്ഞു.

‘മാറ്റി നിര്‍ത്തപ്പെട്ടതാണോ എന്നെനിക്കറിയില്ല. പക്ഷെ തഴയപ്പെട്ടതായി തോന്നിയിട്ടുണ്ട്. വലിയ ഷോകള്‍ നടക്കുമ്പോള്‍ എന്നെ വിളിക്കാറില്ല. അത് എന്തുകൊണ്ടാണെന്ന് നമ്മള്‍ തീര്‍ച്ചയായും നോക്കിക്കാണേണ്ടതാണ്. പക്ഷെ അതൊക്കെ സമൂഹത്തിന്റെ തന്നെ പ്രശ്‌നങ്ങളാണ്. നമ്മള്‍ വളര്‍ന്ന് വരുമ്പോള്‍ പഠിച്ച ചില പാഠങ്ങള്‍, കാലങ്ങളായി അറിഞ്ഞ് വരുന്ന കാര്യങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്ന ചോദ്യം ചോദിക്കാനുള്ള തിരിച്ചറിവ് എല്ലാവരിലും ഉണ്ടാവണം. അത് തെറ്റാണെങ്കില്‍ നമ്മള്‍ അത് മനസിലാക്കാനും പഠിക്കണം. അത്തരം ചെറിയ കാര്യങ്ങളാണ് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളത്. ഞാന്‍ അത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷെ അതിനനുസരിച്ച് അവര്‍ മാറിയോ എന്നെനിക്കറിയില്ല.’

സയനോര

ഇത്തരം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞതിന് പിന്നാലെ സയനോരയ്ക്ക് നിരവധി പേർ സന്ദേശങ്ങള്‍ അയച്ചിരുന്നു. താരം അവര്‍ക്കൊരു പ്രചോദനമാണെന്ന് ആരാധകര്‍ പറഞ്ഞിട്ടുണ്ടെന്നും സയനോര വ്യക്തമാക്കി. ജീവിതത്തില്‍ അവഗണിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാവും. താന്‍ തഴയപ്പെടേണ്ട വ്യക്തിയാണെന്ന് സ്വയം തോന്നുമ്പോഴാണ് പ്രശ്‌നം. അല്ലാതെ മാറ്റി നിര്‍ത്തുന്നവര്‍ ഒരു വിഷയമല്ല. സ്വന്തം കഴിവ് മനസിലാക്കാന്‍ കഴിഞ്ഞാല്‍ മുന്നോട്ട് തന്നെ പോവുക. വ്യക്തി എന്ന രീതിയില്‍ വളരാന്‍ സ്വയം പരിശ്രമിക്കണമെന്നും താരം പറഞ്ഞു.

Latest News