Top

ബൗളര്‍മാരെ അസ്വസ്ഥരാക്കിയ ആ ഐതിഹാസിക ഷോട്ട് പിറന്നതിങ്ങനെ; വെളിപ്പെടുത്തലുമായി സച്ചിന്‍

ആ അപ്പര്‍ക്കട്ട് ഷോട്ടിനുവേണ്ടി പരിശീലനം നടത്തിയിട്ടില്ലെന്നും മത്സരത്തിനിടെ അപ്രതീക്ഷിതമായി മനസിലേക്ക് വന്നത് ഗ്രൗണ്ടില്‍ പരീക്ഷിക്കുകയായിരുന്നെന്ന് സച്ചിന്‍ പറയുന്നു.

8 Nov 2020 12:21 PM GMT

ബൗളര്‍മാരെ അസ്വസ്ഥരാക്കിയ ആ ഐതിഹാസിക ഷോട്ട് പിറന്നതിങ്ങനെ; വെളിപ്പെടുത്തലുമായി സച്ചിന്‍
X

ഡോട്ട് ബോളുകളാകേണ്ട പന്തുകളെ ബൗണ്ടറിലേക്ക് പറത്തി ബൗളര്‍മാരെ അസ്വസ്ഥരാക്കിയിരുന്ന തന്റെ ഐതിഹാസിക ഷോട്ടിനെക്കുറിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
ആരാധകരെ അവേശത്തിലാക്കിയ ആ അപ്പര്‍ക്കട്ട് ഷോട്ടിനുവേണ്ടി താന്‍ പരിശീലനം നടത്തിയിട്ടില്ലെന്നും മത്സരത്തിനിടെ അപ്രതീക്ഷിതമായി മനസിലേക്ക് വന്നത് ഗ്രൗണ്ടില്‍ പരീക്ഷിക്കുകയായിരുന്നെന്നും സച്ചിന്‍ പറയുന്നു. ആരാധകനുമായുള്ള ആസ്‌ക് സച്ചിന്‍ എന്ന ചോദ്യോത്തര വേളയിലായിരുന്നു സച്ചിന്റെ വെളിപ്പെടുത്തല്‍.

2002ലെ ദക്ഷിണാഫ്രിക്കന്‍ ടൂറിനിടെ നടന്ന ഒരു സംഭവത്തിലൂടെയാണ് താന്‍ ആ ഷോട്ട് കണ്ടെത്തിയതെന്നും മുന്‍കൂട്ടി അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും താരം പറയുന്നു.

‘അത് സംഭവിച്ചത് 2002ലെ ബ്ലൂംഫോണ്ടെയ്‌നിലെ ടെസ്റ്റിനിടയിലായിരുന്നു. ആദ്യം ബാറ്റിംഗിനിറങ്ങിയത് നമ്മളാണ്. ബൗളര്‍ മഖായ എന്‍ടിനി തന്റെ പതിവ്
ഷോര്‍ട്ട് ഓഫ് ലെങ്ത്ത് രീതി വിട്ട് ഓഫ് സ്റ്റംപിലായിരുന്നു ബൗളിംഗ് നടത്തിയത്. ബൗളര്‍ നീണ്ട ഓട്ടത്തിന് ശേഷം ക്രീസിലെത്തുന്നതിനാല്‍ എനിക്ക് പന്ത് വരുന്ന ലൈന്‍ കാണാമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ നല്ല ബൗണ്‍സായതിനാല്‍ തന്നെ പന്തിനെ മുകളില്‍ നിന്ന് നേരിടാനായിരുന്നു സ്വാഭാവികമായി തോന്നിയത്. എന്റെ ഉയരമുള്ള ഒരാളെ സംബന്ധിച്ച് പന്ത് പതിവിലധികം ബൗണ്‍സുചെയ്യാനും സാധ്യതയുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് മുകളില്‍ നിന്ന് നേരിട്ട് ആക്രമണം തുടര്‍ന്നുകൂടാ എന്നാണ് അപ്പോള്‍ ചിന്തിച്ചത്’, സച്ചിന്‍ പറഞ്ഞു.

പന്തിനെ മുകളില്‍ നിന്ന് നേരിട്ട് ഗ്രൗണ്ടിലൂടെ മുന്നേറാന്‍ ശ്രമിക്കാതെ പേസ് ഉപയോഗിച്ച് താഴെനിന്ന് പന്തിനെ നേരിട്ട് തേര്‍ഡ് മാനിലൂടെ ബൗണ്ടറിയാക്കാനായിരുന്നു ശ്രമം. അത് അപ്പോള്‍ തോന്നിയതാണ്. തനിക്കത്‌ ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞിരുന്നതിനാല്‍ തന്നെ ആ ഷോട്ട് പല ബൗളര്‍മാരെയും അസ്വസ്ഥരാക്കിയിരുന്നെന്നും മുന്‍ ഇന്ത്യന്‍ സ്‌കിപ്പര്‍ കൂട്ടിച്ചേര്‍ത്തു.

‘ആ ഷോട്ട് നിരവധി ഫാസ്റ്റ് ബൗളര്‍മാരെ അസ്വസ്ഥരാക്കി, കാരണം അവര്‍ ഒരു ഡോട്ട് ബോളിനായി ബൗണ്‍സറുകളെറിഞ്ഞപ്പോള്‍ ഞാന്‍ അവയെ ബൗണ്ടറികളാക്കി മാറ്റി. അത് യഥാര്‍ത്ഥത്തില്‍ ആസൂത്രണം ചെയ്ത് നടത്തുന്നതല്ല. ചിലപ്പോള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് സ്വാഭാവികമായി വരുന്നതിനെ ഏറ്റെടുക്കാന്‍ അനുവദിക്കേണ്ടതുണ്ട്. അതാണ് ഞാന്‍ ചെയ്തത്’,സച്ചിന്‍ പറഞ്ഞു.

Next Story

Popular Stories