Top

ഉടന്‍ കേരളം വിടാന്‍ ഉറപ്പിച്ച് കഴിഞ്ഞോ?; സാബു ജേക്കബിന്റെ മറുപടി

സ്വന്തം നാടിനോടുള്ള സ്‌നേഹമാണ് തന്നെ ഇവിടെത്തന്നെ ബിസിനസ് നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് സാബു പറയുന്നു.

4 July 2021 11:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉടന്‍ കേരളം വിടാന്‍ ഉറപ്പിച്ച് കഴിഞ്ഞോ?; സാബു ജേക്കബിന്റെ മറുപടി
X

സംസ്ഥാനസര്‍ക്കാര്‍ തന്നെ മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബ്. തനിക്ക് ബിസിനസ് നടത്താന്‍ 40 ശതമാനം സബ്‌സിഡി അനുവദിക്കാമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് സാബു അറിയിച്ചു. എന്നാല്‍ ഈ സര്‍ക്കാര്‍ തനിക്ക് ഒരു പൈസയുടെ പോലും സഹായം തരാതെ തന്നെ വേട്ടയാടുകയാണെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു. കേരളം വിടാന്‍ തീരുമാനിച്ച് ഉറപ്പിച്ച് കഴിഞ്ഞോ എന്ന ചോദ്യത്തോടും സാബു പ്രതികരിച്ചു. ആലോചന നടന്നുവരികയാണെന്നും ഇക്കാര്യത്തില്‍ വളരെ പെട്ടെന്ന് തീരുമാനത്തിലേക്കെത്താനാകില്ലെന്നുമാണ് കിറ്റെക്‌സ് എംഡിയുടെ മറുപടി. ന്യൂസ് 18 ടിവിയുടെ പ്രത്യേക ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം.

സ്വന്തം നാടിനോടുള്ള സ്‌നേഹമാണ് തന്നെ ഇവിടെത്തന്നെ ബിസിനസ് നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് സാബു പറയുന്നു. നിരവധി സംസ്ഥാനങ്ങളാണ് ബിസിനസ് നടത്താനായി ക്ഷണിക്കുന്നത്. പണ്ട് ജോലിക്കായി തമിഴ്‌നാട്ടുകാര്‍ എത്തിയിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം. ഇന്ന് അങ്ങനെ തമിഴന്മാര്‍ എത്തുന്നുണ്ടോ? ജയലളിത ആ സംസ്ഥാനത്ത് വരുത്തിത്തീര്‍ത്ത മാറ്റങ്ങളാണ് ഇതിന് കാരണം. എല്ലാവരും ജയലളിതയെ കണ്ടുപഠിക്കേണ്ടതാണ്. വ്യവസായികള്‍ക്ക് മനസമാധാനം തരാത്ത കേരളം എന്ത് വ്യവസായ സൗഹൃദസംസ്ഥാനമാണെന്നാണ് പറയുന്നതെന്നും സാബു ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ള ഏത് ഉദ്യോഗസ്ഥന്‍ വിളിച്ചാലും താന്‍ ചര്‍ച്ചയ്ക്ക് പോകാന്‍ തയ്യാറാണെന്നും സാബു പറഞ്ഞു. കിറ്റെക്‌സ് എംഡിയ്ക്ക് ഈഗോയാണെന്ന വിമര്‍ശനത്തെത്തള്ളിക്കൊണ്ടായിരുന്നു പ്രതികരണം.

ജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദസംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. എല്‍ഡിഎഫ് ഇപ്പോഴത്തെ നയം തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയുടെ ട്വീറ്റിനെ ഉയര്‍ത്തികാട്ടിയാണ് പിണറായി വിജയന്റെ ട്വീറ്റ്.

Next Story