ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള റെയ്ഡിനെ വെല്ലുവിളിച്ച് സാബു ജേക്കബ്; ‘വിമര്‍ശകര്‍ പാഴ്ജന്മങ്ങള്‍, 15,000 പേര്‍ക്ക് ജോലി കൊടുത്തിട്ട് വാചകം അടിക്ക്’
കിറ്റെക്‌സ് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും നടത്തിയ റെയ്ഡുകളെ പരിഹസിച്ച് സാബു എം ജേക്കബ്. നിരവധി ഉദ്യോഗസ്ഥരാണ് കിറ്റെക്‌സില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയത്. ആര്‍ക്കും നെഞ്ചത്ത് കയറിയിരുന്ന് നിരങ്ങാവുന്ന ഒരു വര്‍ഗമാണ് വ്യവസായികളെന്നും വിമര്‍ശിക്കുന്നവര്‍ ഒരു വ്യവസായം തുടങ്ങി 15,000 പേര്‍ക്ക് തൊഴില്‍ നല്‍കി കാണിക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു. കിറ്റെക്‌സിലെ തൊഴിലാളികളെ കുറിച്ച് നോക്കലാണ് സോഷ്യല്‍മീഡിയയിലെ ചിലരുടെ പണിയെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തുന്നു. കിറ്റെക്‌സിലെ തൊഴിലാളികളെ കുറിച്ച് ഇവര്‍ക്ക് ഭയങ്കര ജാഗ്രതയാണ്. എന്നാല്‍ […]
12 Jun 2021 4:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിറ്റെക്‌സ് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും നടത്തിയ റെയ്ഡുകളെ പരിഹസിച്ച് സാബു എം ജേക്കബ്. നിരവധി ഉദ്യോഗസ്ഥരാണ് കിറ്റെക്‌സില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയത്. ആര്‍ക്കും നെഞ്ചത്ത് കയറിയിരുന്ന് നിരങ്ങാവുന്ന ഒരു വര്‍ഗമാണ് വ്യവസായികളെന്നും വിമര്‍ശിക്കുന്നവര്‍ ഒരു വ്യവസായം തുടങ്ങി 15,000 പേര്‍ക്ക് തൊഴില്‍ നല്‍കി കാണിക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.
കിറ്റെക്‌സിലെ തൊഴിലാളികളെ കുറിച്ച് നോക്കലാണ് സോഷ്യല്‍മീഡിയയിലെ ചിലരുടെ പണിയെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തുന്നു. കിറ്റെക്‌സിലെ തൊഴിലാളികളെ കുറിച്ച് ഇവര്‍ക്ക് ഭയങ്കര ജാഗ്രതയാണ്. എന്നാല്‍ സ്വന്തം വീട്ടിലുള്ളവരുടെ കാര്യത്തില്‍ ഇത്ര ശുഷ്‌കാന്തി ഉണ്ടാകില്ലെന്നും സാബു പരിഹസിച്ചു. ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ഒരാള്‍ക്കെങ്കിലും ഒരു ദിവസത്തെ തൊഴില്‍ കൊടുത്തിട്ടുണ്ടോ? ഇവര്‍ സ്വന്തമായി വ്യവസായം ആരംഭിച്ച് പത്ത് പേര്‍ക്കെങ്കിലും തൊഴിലും താമസവും ഭക്ഷണവും താമസവും ഒക്കെ നല്‍കട്ടെ എന്നിട്ടാകാം വാചകമടി എന്നും സാബു പരിഹസിക്കുന്നു.

അതേസമയം, സാബുവിന്റെ പരിഹാസത്തിനെതിരെ വിമര്‍ശനവുമായി കിഴക്കമ്പലത്തെ നിവാസികളില്‍ ചിലര്‍ രംഗത്തെത്തി. യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമങ്ങളാണ് സാബു നടത്തുന്നത്. 15000 പേര്‍ക്ക് ജോലി കൊടുക്കുന്നത് ഔദാര്യമായി കാണുന്ന സാബു, ഈ 15000 പേരുടെ വിയര്‍പ്പിന്റെ വിലയാണ് താന്‍ അനുഭവിക്കുന്ന സുഖസൗകര്യങ്ങളെന്ന് മനസിലാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശപകാരമാണ് ഉദ്യോഗസ്ഥര്‍ കിറ്റെക്‌സ് ലയങ്ങളില്‍ പരിശോധന നടത്തിയത്. കോടതി നിര്‍ദ്ദേശപ്രകാരം പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയടക്കം പാഴ്ജന്മങ്ങള്‍ എന്ന് വിളിച്ചു ജനങ്ങള്‍ക്ക് മുന്നില്‍ ഇകഴ്ത്തികാണിച്ച സാബു മാപ്പ് പറയണമെന്നും സമീപവാസികള്‍ പറഞ്ഞു.
കിറ്റെക്‌സ് തൊഴിലാളി ലയങ്ങളിലെ മനുഷ്യത്വരഹിത, തൊഴിലാളിവിരുദ്ധ സമീപനത്തെ കുറിച്ച് ജൂണ്‍ അഞ്ചിനായിരുന്നു റിപ്പോര്‍ട്ടര്‍ ലൈവ് വാര്‍ത്ത നല്‍കിയത്. മലയാളികളും അതിഥി തൊഴിലാളികളും താമസിക്കുന്ന ഷെല്‍ട്ടറിന്റെ ചിത്രങ്ങള്‍ കമ്പനിയുടെ തൊഴിലാളി വിരുദ്ധതയുടെയും മനുഷ്യത്വമില്ലായ്മയുടേയും നേര്‍കാഴ്ച്ചയാണ്. തൊഴിലാളികള്‍ പകര്‍ത്തിയെന്ന് അവകാശപ്പെടുന്ന ചിത്രം പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത ഒരു പ്രദേശവാസിയാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് കൈമാറിയത്. 1500 ലധികം തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ലയത്തില്‍ മലിനജലം പോലും കൃത്യമായ രീതീയില്‍ ഒഴുക്കിവിടുന്നതിന് കൃത്യമായ സൗകര്യങ്ങളില്ലെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്.
ALSO READ: കിറ്റെക്‌സ് തൊഴിലാളികളെ പാര്‍പ്പിക്കുന്നത് പന്നിഫാമിന് സമാനമായ ക്യാമ്പില്‍
റിപ്പോര്‍ട്ടര്‍ ലൈവിന്റെ ഈ വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ലേബര്‍ ഓഫീസര്‍മാരുടേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സംഘം കിറ്റെക്‌സ് ലയങ്ങളില്‍ പരിശോധന നടത്തിയത്. അനാരോഗ്യകരമായ സാഹചര്യത്തിലാണ് ലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ലേബര്‍ വിഭാഗം റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ചെറിയ മുറിയില്‍ 10 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ തിങ്ങി ഞെരുങ്ങിയാണ് താമസിക്കുന്നത്്. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതും കക്കൂസ് അടക്കം വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കണമെന്നും കാണിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കി. 10046 പേര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ 6000 പേരാണ് പരിശോധന സമയത്ത് ജോലി ചെയ്തിരുന്നത്. മറ്റുള്ളവര്‍ വീട്ടിലാണെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിശോധന നടത്താണ് തൊഴില്‍ വകുപ്പിന്റെ തീരുമാനം.