Top

'സംഘപരിവാറിന് കീഴടങ്ങാത്ത കേരളത്തെ വേട്ടയാടാന്‍ അവസരമൊരുക്കുകയാണ് സാബു'; കളിയറിയാവുന്ന രാഷ്ട്രീയക്കാരന്‍

10 July 2021 12:58 AM GMT
അൻഷിഫ് ആസ്യ മജീദ്

സംഘപരിവാറിന് കീഴടങ്ങാത്ത കേരളത്തെ വേട്ടയാടാന്‍ അവസരമൊരുക്കുകയാണ് സാബു; കളിയറിയാവുന്ന രാഷ്ട്രീയക്കാരന്‍
X

ആരാണ് ഉത്തമ വ്യവസായി? മാതൃക കാണിക്കാന്‍ ആരുമില്ലാതാവുന്ന പൂര്‍ണമായും മുതലാളിക്ക് കീഴടങ്ങുന്ന സംസ്‌കാരത്തിലേക്കാണ് ആധുനിക ലോകം നീങ്ങുന്നത്. അപകടരമായ ഈ സാഹചര്യം പക്ഷേ പ്രത്യക്ഷത്തില്‍ സാമ്പത്തിക വളര്‍ച്ചയാണെന്ന പ്രതീതിയുണ്ടാക്കാന്‍ സാധിക്കും. സമ്പത്ത് ഒരാളിലേക്ക് കുമിഞ്ഞു കൂടുന്നതിന് രാജ്യത്തിന്റെ വളര്‍ച്ചയായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കാന്‍ കാരണവും ഇതു തന്നെ. അംബാനി, അദാനി മുതല്‍ സാബു എം ജേക്കബ് വരെയുള്ള മുതലാളിയുടെ കീശ വീര്‍ത്താല്‍ 'പേപ്പറിലെ' സാമ്പത്തിക വളര്‍ച്ചയുടെ മൂല്യം വര്‍ദ്ധിക്കുമെന്ന് ചുരുക്കി വായിക്കാം. തൊഴിലാളിക്ക് പ്രധാന്യമില്ലാത്ത കമ്പനികളുടെ വളര്‍ച്ചയ്ക്ക് വളം നല്‍കുക വഴി വ്യവസായിക നഗരമായി വളരുക എളുപ്പമാണ്. കേരളത്തിന് ചരിത്രത്തിലുടനീളം നേരിടേണ്ടി വന്ന രാഷ്ട്രീയ പ്രതിസന്ധി കൂടിയാണിത്.

കേരളത്തിന്റേത് തൊഴിലാളി ഉന്നമനത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള വികസന സങ്കല്‍പ്പമാണെന്ന് പൂര്‍ണമായും അംഗീകരിക്കുക സാധ്യമല്ല. പക്ഷേ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ തൊഴിലാളികളുടെ സാന്പത്തിക ചുറ്റുപാട് മെച്ചപ്പെട്ടതാണ്. സമാന അവസ്ഥ മുതലാളി സൗഹൃദം മാത്രം മുഖമുദ്രയാക്കിയ ബിജെപി സംസ്ഥാനങ്ങള്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണെന്ന് പ്രത്യേകം ഓര്‍ക്കണം.

ആരാണ് നാടുകടത്തപ്പെട്ടുവെന്ന് സ്വയം വാദിക്കുന്ന സാബു എം ജേക്കബ്? കിറ്റെക്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥന്‍, ട്വന്റി-ട്വന്റി കിഴക്കമ്പലമെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍. നിലവില്‍ ചില പഞ്ചായത്തുകളില്‍ പ്രസ്തുത കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പാര്‍ട്ടി ഭരിക്കുന്നുണ്ട്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അമ്പേ പരാജയപ്പെട്ട ചരിത്രവും ഈയിടെ ട്വന്റി-ട്വന്റിക്ക് സ്വന്തമായി ലഭിച്ചു. വ്യവസായി മാത്രമായി ഒതുങ്ങാതെ കക്ഷി രാഷ്ട്രീയത്തില്‍ വിത്തെറിയാന്‍ നന്നായി അറിയുന്ന 'പഞ്ചായത്ത്' കിംഗ് മേക്കര്‍. പ്രസ്തുത പദവിയില്‍ നിന്ന് വളരാന്‍ സാബു നിയമസഭാ തെരഞ്ഞെടുപ്പില്‍ എറിഞ്ഞ അമ്പിന്റെ മുന കേരളം ഒടിച്ചെറിഞ്ഞത് നാം കണ്ടതാണ്. പഞ്ചായത്തില്‍ നിന്ന് നിയമസഭയിലേക്ക് എത്തുക എളുപ്പമല്ലെന്ന് സാബുവിനറിയാം. പ്രബലരായ രാഷ്ട്രീയ കക്ഷികള്‍ പിന്തുണയ്ക്കണം. മിനിമം ബിജെപിയെങ്കിലും.

കിറ്റെക്സുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ ഉന്നയിച്ചിരിക്കുന്നത് ഭരണപക്ഷം മാത്രമല്ല, അതില്‍ പ്രതിപക്ഷവുമുണ്ട്. ഇതൊരു രാഷ്ട്രീയ പ്രേരിതമായ കാര്യമാണെന്നാണ് സാബുവിന്റെ വാദം. ഇരുപക്ഷങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന്‍റെ ഭാഗമാണ് പിന്മാറ്റമെന്ന സൂചന ഈ വാദത്തിലുണ്ട്. ട്വന്റി-ട്വന്റി കിഴക്കമ്പലം കിറ്റെക്സിനെതിരായ 'നീതി നിഷേധത്തില്‍' നടത്തുന്ന അരാഷ്ട്രീയ പ്രചരണം കേരളത്തിന്റെ ഭരണ-പ്രതിപക്ഷങ്ങള്‍ക്കെതിരാണ്. പക്ഷേ പ്രത്യേകമായി നോക്കിയാല്‍ മനസിലാവും ഇതില്‍ ബിജെപി ഇല്ല. കിറ്റെക്സിനെതിരെ എന്തെങ്കിലും ആരോപണം ബിജെപിക്കും ഉന്നയിക്കാനില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിനെതിരെ ഇരു മുന്നണികളും യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ഒരു കരയിലിരുന്ന് സാബു കേന്ദ്രത്തിന് വേണ്ടി ചൂണ്ട നിര്‍മ്മിക്കുന്നത് കാണാമായിരുന്നു.

കേരളാ നിയമസഭയിലേക്ക് സാബുവിനെ കയറ്റി വിടാന്‍ ബിജെപിക്ക് സഹായിക്കാന്‍ കഴിഞ്ഞാലോ?

'ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞത് പോലെ കേരളം ഭരിക്കേണ്ടത് ആരെന്ന് ഞങ്ങള്‍ തീരുമാനിക്കും. അന്ന് ബിജെപി കണ്ട പകല്‍ കിനാവുകള്‍ സാബുവിലേക്കും പടര്‍ന്നിരിക്കാം.'

'നാടുകടത്തല്‍' നാടകം കേരളത്തിന് ഉണ്ടാക്കിയ ആഘാതം ചെറുതല്ല, ബിജെപിയോട് അടുക്കാന്‍ സാബു കണ്ടെത്തിയ മാര്‍ഗം സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ചൊടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ബിജെപിയോട് അടുക്കുകയെന്നാല്‍ പാര്‍ട്ടി അംഗത്വം എടുക്കുക മാത്രമല്ല, മറിച്ച് കേരളത്തെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഇന്ധനം നിര്‍മ്മിക്കുകയെന്ന് കൂടി അര്‍ത്ഥമുണ്ട്. കിറ്റെക്‌സ് ഇതര സംസ്ഥാനങ്ങളിലേക്ക് ഓടി നടക്കുമ്പോള്‍ കേരളത്തിനെതിരെ ബിജെപി ഉയര്‍ത്തിയ വാദങ്ങളാണ് ശക്തമാകുന്നത്. അത്തരത്തില്‍ പരിശോധിക്കുന്പോള്‍ സംഘപരിവാറിന് കീഴ്‌പ്പെടാന്‍ തയ്യാറെല്ലാത്ത ഒരു സംസ്ഥാനത്തെ വേട്ടയാടാന്‍ സാബു കളമൊരുക്കുകയാണ്.

ജന്മിയുടെ കഴുത്തിന് നേരെ അരിവാളുയര്‍ത്തിയ ഇടത് പാരമ്പര്യമുള്ള ഭൂമി കൂടിയാണ് കേരളത്തിന്റേത്. മൂലധവും അധികാരവും ആവോളം പോക്കറ്റിലുള്ള 'നാട്ടുരാജാക്കന്മാര്‍' കേരളത്തിന്റെ പടിയിറങ്ങുന്നതില്‍ ചിലരൊക്കെ ഖേദിക്കുമ്പോള്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്താതിരിക്കാനാവില്ല.

Next Story

Popular Stories