Top

‘ചരമപ്പേജിലെ ഒറ്റക്കോളത്തിലേക്ക് പൊടുന്നനെ ഒട്ടിച്ചു പോകുമായിരുന്നോ?’; ഡൽഹിയിലെ കൊവിഡ് അനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ എ.എസ്​. സുരേഷ്​കുമാർ

ഒരു രാജ്യതലസ്ഥാനത്ത്, അധികാരത്തിൻറെ മൂക്കിനു താഴെ, ഇത്രയും ഭീതിദമായ ദുഃസ്ഥിതി ഉണ്ടാകുമെന്ന് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നു. പക്ഷെ, ഭരിക്കുന്നവരെത്തന്നെ കാണാനില്ലാതെ, ഭരണയന്ത്രം നിലച്ച സ്ഥിതിയായിരുന്നു സുരേഷ് കുമാർ

17 May 2021 7:47 AM GMT

‘ചരമപ്പേജിലെ ഒറ്റക്കോളത്തിലേക്ക് പൊടുന്നനെ ഒട്ടിച്ചു പോകുമായിരുന്നോ?’; ഡൽഹിയിലെ കൊവിഡ് അനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ എ.എസ്​. സുരേഷ്​കുമാർ
X

ന്യൂഡൽഹി: തലസ്ഥാന ന​ഗരിയിലെ നിസഹായമായ കൊവിഡ് സാഹചര്യത്തെക്കുറിച്ച് ഭീതി ജനിപ്പിക്കുന്ന അനുഭവ കുറിപ്പുമായി മാധ്യമം ഡൽഹി ബ്യൂറോ ചീഫായ സുരേഷ്​കുമാറിൻറെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു രാജ്യതലസ്ഥാനത്ത്, അധികാരത്തിൻറെ മൂക്കിനു താഴെ, ഇത്രയും ഭീതിദമായ ദുഃസ്ഥിതി ഉണ്ടാകുമെന്ന് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നു. പക്ഷെ, ഭരിക്കുന്നവരെത്തന്നെ കാണാനില്ലാതെ, ഭരണയന്ത്രം നിലച്ച സ്ഥിതിയായിരുന്നു സുരേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം,

ഡോ. അനിലിൻറെ പാതിരാ ഇടപെടൽ അല്ലായിരുന്നെങ്കിൽ ഇതു കുറിക്കാനുള്ള യോഗം എനിക്കോ ജയശ്രീക്കോ ഉണ്ടാവുമായിരുന്നോ? ചരമപ്പേജിലെ ഒറ്റക്കോളത്തിലേക്ക് പൊടുന്നനെ ഒട്ടിച്ചു പോകുമായിരുന്നോ? അറിയില്ല. തോറ്റു പിന്മാറിയ കോവിഡ് വൈറസുകൾക്ക് അറിയാമായിരിക്കും. അടുപ്പവും പരിചയവുമുള്ള ഒരുപാട് പേരെ അവറ്റ ഇതിനകം കൊന്നു കളഞ്ഞിട്ടുണ്ട്.

ഡൽഹിയിൽ വൈറസിനു വെറുതെ കീഴടങ്ങേണ്ടി വന്നേക്കാമായിരുന്ന ദിവസങ്ങളായിരുന്നു അത്. ആ ദിവസങ്ങളിൽ വാർത്ത ശേഖരിക്കുന്ന മാധ്യമ പ്രവർത്തകർക്കു മാത്രമല്ല, എല്ലാ കണ്ണുകൾക്കും ഡൽഹിയിൽ രണ്ടിടത്തേക്ക് മാത്രമേ ഞെട്ടലോടെ നോക്കാനുണ്ടായിരുന്നുള്ളൂ. മരണത്തോട് മല്ലടിച്ച് പതിനായിരക്കണക്കായ കോവിഡ് ബാധിതർ നരകിക്കുന്ന ആശുപത്രികൾ. പ്രാണവായു കിട്ടാതെ മരിച്ചവരെ സംസ്കരിക്കാനുള്ള ഊഴത്തിനായി ഉറ്റവർക്ക് ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്ന ശ്മശാനങ്ങൾ. കൊടുങ്കാറ്റു പോലെ കോവിഡ് വീശിയടിച്ച രണ്ടാം തരംഗത്തിൻറെ ഉൾക്കിടിലം നിറഞ്ഞ നാളുകൾ. ചെറിയൊരു കുളിരും പനിയുമായി ജയശ്രീ കട്ടിൽ പിടിച്ചപ്പോൾ, സാരമില്ലായിരിക്കുമെന്ന് ആശ്വസിക്കാൻ ശ്രമിച്ചു. കോവിഡിൽ നിന്ന് രക്ഷപെടാനുള്ള പതിവു സൂത്രവിദ്യകളൊന്നും തെറ്റിച്ചിട്ടില്ലല്ലോ.

അല്ലെങ്കിൽ തന്നെ, ആശുപത്രികളെക്കുറിച്ച് ഓർക്കാൻ വയ്യ. അങ്ങോട്ടു ചെന്നിട്ട് എന്തു കാര്യം? ജീവനോടെ പോയാൽ ഡെഡ് ബോഡിയായി തിരിച്ചെടുക്കേണ്ടി വരാമെന്ന ഭീതിയിൽ ആളുകൾ കഴിവതും വീടുകളിൽ തന്നെ കഴിച്ചു കൂട്ടിയ ദിനങ്ങൾ. അതും കഴിയാതെ, ശ്വാസം കിട്ടാതെ വന്നവരാണ് നിവൃത്തിയൊന്നുമില്ലാതെ ആശുപത്രികളിലേക്ക് പോയത്. അവരിൽ പലരും കാത്തുകെട്ടി കിടന്നും, ഓക്സിജൻ ക്ഷാമം മൂലം ശ്വാസം മുട്ടിയും മരിച്ചത് ഇന്ന് നടുക്കുന്ന ചരിത്രം. ഒരു രാജ്യതലസ്ഥാനത്ത്, അധികാരത്തിൻറെ മൂക്കിനു താഴെ, ഇത്രയും ഭീതിദമായ ദുഃസ്ഥിതി ഉണ്ടാകുമെന്ന് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നു. പക്ഷെ, ഭരിക്കുന്നവരെത്തന്നെ കാണാനില്ലാതെ, ഭരണയന്ത്രം നിലച്ച സ്ഥിതി.

ഇതിനെല്ലാമിടയിൽ കോവിഡിനെ വെട്ടിച്ച് സൂത്രത്തിൽ രക്ഷപെടാമെന്ന പ്രതീക്ഷ വെറുതെയായി. രാത്രി ജയശ്രീക്ക് ചുമയും പനിയും തളർച്ചയും കൂടിയത് പെട്ടെന്നാണ്. പത്തു മണി കഴിഞ്ഞ നേരത്ത് എങ്ങോട്ടു പോകാനാണ്? എന്തു ചെയ്യാനാണ്? പെട്ടെന്ന് ഓർത്തത് സുഹൃത്തായ ഡോ. കെ. അനിലിനെയാണ്. ഡൽഹി ഡോ. ബി.ആർ സൂർ ഹോമിയോപ്പതി മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസർ. കാര്യങ്ങളെല്ലാം അനിൽ ചോദിച്ചു മനസിലാക്കി. ഡൽഹിയിൽ ഇത്രയും ഗുരുതരമായ സ്ഥിതിയായിട്ടും വിളിക്കാൻ വൈകിയതിന് അർഹിക്കുന്ന വഴക്ക് പറഞ്ഞു. അനിൽ ലീവിന് നാട്ടിൽ, കോഴിക്കോട്ടായിരുന്നു. ഞൊടിയിട വേഗത്തിൽ അദ്ദേഹം തൻറെ സഹപ്രവർത്തകനായ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രമോദിനെ വിളിച്ചു. അനിൽ നിർദേശിച്ച മരുന്നും ഓക്സിമീറ്ററുമായി, പാതിരാത്രി ഞാൻ എത്താൻ പ്രമോദ് പെരുവഴിയിൽ കാത്തു നിന്നു.

ഓക്സിജൻ സാന്ദ്രത കുറഞ്ഞു പോയതിൻറെ ബീപ് ശബ്ദങ്ങൾക്കും രണ്ടു ഡോക്ടർമാരുടെയും തുടരന്വേഷണങ്ങൾക്കുമിടയിൽ, കിട്ടിയ മരുന്നുമായി ഒരു വിധം നേരം വെളുപ്പിച്ചു. അതിനും മുമ്പേ അനിലിൻറെ നിർദേശമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് ചെയ്യണം. അതിൻറെ റിസൾട്ടിന് കാത്തുനിൽക്കാൻ നേരമില്ല. സി.ടി സ്കാൻ എടുക്കണം. ബ്ലഡ് ടെസ്റ്റ് നടത്തണം. പോകുന്ന ആശുപത്രിയിലെ ഡോക്ടറെ അതൊക്കെ കാണിക്കണം. ആൻറിബയോട്ടിക് മരുന്ന് കഴിക്കേണ്ടി വരും. അഡ്മിറ്റാകേണ്ടി വന്നാൽ, അതിനുള്ള വഴിയും നോക്കണം. ആശുപത്രി വരാന്തയിൽ പോലും ഇടമില്ലാത്ത ദിവസങ്ങൾ. മന്ത്രി ബന്ധുക്കൾ പോലും ഒരു ബെഡിനും ഓക്സിജനും ചികിത്സക്കും വേണ്ടി പരക്കം പാഞ്ഞ, പണത്തിനോ പദവിക്കോ ഒരു വിലയുമില്ലാതെ പോയ ദിവസങ്ങൾ. എന്തു ചെയ്യും?

മനസിൽ മിന്നിയ ഒറ്റ ഉത്തരമായിരുന്നു ഓഖ്ല അൽഷിഫ ആശുപത്രി. ഈയിടെ അന്തരിച്ച അസാധാരണനായ മനുഷ്യസ്നേഹി പ്രഫ. കെ.എ സിദ്ദീഖ് ഹസൻറെ ദർശനവും മുൻകൈയും കൊണ്ട് ഉയർന്നു വന്ന സ്ഥാപനം. ആശുപത്രി അഡ്മിനിസ്ട്രേറ്റർ നാസർ സാഹിബിനെ വിളിച്ചു. ഏറ്റവും പെട്ടെന്ന് വരാനായിരുന്നു അദ്ദേഹത്തിൻറെ നിർദേശം. ഒട്ടും സമയം പാഴാക്കാതെ ടെസ്റ്റുകൾ മുതൽ ഡോക്ടറെ കാണുന്നതു വരെ എല്ലാം നടന്നു. കോവിഡ് ന്യൂമോണിയയായി ശ്വാസകോശത്തിൽ പടർന്നത് സി.ടി സ്കാനിൽ വ്യക്തമായിരുന്നു.

ആൻറിബയോട്ടിക്കും പാരസറ്റാമോളും വൈറ്റമിൻ ഗുളികകളുമൊക്കെയായി പലവിധ മരുന്നുകൾ. അതിനിടയിൽ ജയശ്രീയുടെ ക്ഷീണവും പനിയും മറ്റു ലക്ഷണങ്ങളുമെല്ലാം എന്നിലേക്കും ഗായത്രിയിലേക്കും പടർന്നു കയറുന്നുണ്ടായിരുന്നു. ആ ദിവസങ്ങൾ എങ്ങനെയാണ് തള്ളി നീക്കിയത്? ലോക്ക്ഡൗണാണ്. വീട്ടിലുള്ള മൂന്നു പേരും കോവിഡ് ബാധിതരാണ്. മകൻ ആദിത്യൻ നാട്ടിൽ. പാലും പച്ചക്കറിയും പോലും പുറത്തു പോയി വാങ്ങാൻ പറ്റാത്ത അവസ്ഥ. ഏന്തിയും വലിഞ്ഞും പാചകം. രുചിയില്ലാക്കഞ്ഞി. പേരില്ലാ കറികൾ. തളർന്നു പോയ ദിവസങ്ങൾ.

അതിനെല്ലാമിടയിൽ, സമാശ്വാസം പകർന്ന് സഹപ്രവർത്തകരുടെ, വീട്ടിലേക്ക് വരാൻ പറ്റാത്ത സുഹൃത്തുക്കളുടെ തുടർച്ചയായ അന്വേഷണങ്ങൾ. ജയശ്രീക്ക് നിവൃത്തിയില്ലാതെ ഡോക്ടർ കുറിച്ച സ്റ്റെറോയിഡ് ഗുളികകൾ അന്വേഷിച്ചു മടുത്തപ്പോൾ ബൽറാം നെടുങ്ങാടി തേടിപ്പിടിച്ച് എത്തിച്ചു തന്നു. മറ്റൊരു മാധ്യമ സുഹൃത്തായ സാബു സ്കറിയ കരിക്കും പഴങ്ങളുമൊക്കെ വീടിനു താഴെ കൊണ്ടുവന്നു വെച്ചു വിളിച്ചു.

അങ്ങനെയെല്ലാം പല ദിവസങ്ങൾ. പാരസറ്റാമോൾ വാരിക്കഴിച്ച് മകൾ പി.ജിയുടെ ഓൺലൈൻ പരീക്ഷകൾ ഒരുവിധം എഴുതി. അവൾക്ക് പനിയും ക്ഷീണവുമെല്ലാം പെട്ടെന്നു മാറിയെങ്കിലും, എൻറെ പനി കുറഞ്ഞില്ല. ഓക്സിജൻ സാന്ദ്രതയുടെ പ്രശ്നങ്ങൾ, കഫക്കെട്ട്, നെഞ്ചുഭാരം… വീണ്ടും ഡോ. അനിലിൻറെ ഇടപെടൽ; ശാസന. നേരെ അൽഷിഫ. സി.ടി സ്കാൻ. ബ്ലഡ് ടെസ്റ്റുകൾ. ജയശ്രീക്കെന്ന പോലെ എനിക്കും കോവിഡ് ന്യൂമോണിയ. അൽഷിഫയിലെ ഡോ. അജിത് താക്കൂർ കൂടുതൽ കടുപ്പമുള്ള മരുന്നു കുറിച്ചു.

എസ്. ഗോപാലകൃഷ്ണനും റീനയുമായി എന്നേക്കാൾ കൂടുതൽ അടുപ്പമുള്ളവർ ഇതു വായിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാവുമെന്ന് ഉറപ്പ്. റീനയും മകൻ നിരഞ്ജനും കോവിഡ് ദുരവസ്ഥകളിൽ നിന്ന് രക്ഷപെടാൻ ഞങ്ങൾക്കു മുമ്പേ പാടുപെട്ടവരാണ്. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സുഹൃത്ത് ഡോ. ഹരികൃഷ്ണൻ അവർക്ക് ആ ദിനങ്ങളിൽ അത്താണിയായിരുന്നു. എൻറെ കിതപ്പും ക്ഷീണവുമെല്ലാം ശബ്ദത്തിലൂടെ വായിച്ചെടുത്ത അവർ മുഖേന, ഡോ. ഹരികൃഷ്ണൻറെ ഉപദേശ നിർദേശങ്ങൾ.

അവകാശവാദങ്ങൾ എന്തായാലും, ഡൽഹിയിലെ ആശുപത്രികൾ വിശ്വാസപൂർവം കയറിച്ചെല്ലാവുന്ന ഇടങ്ങളായി ഇനിയും ജനത്തിന് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. സർക്കാറിൻറെ കോവിഡ് കണക്കുകൾ സത്യസന്ധവുമല്ല. ഗുരുതരാവസ്ഥയുള്ള രോഗികളുടെ നല്ല പങ്കും വിഹ്വലതയോടെ വീടുകളിൽ തന്നെ. കോവിഡാനന്തര കിതപ്പും ക്ഷീണവുമെല്ലാമുണ്ടെങ്കിലും, അതിനെല്ലാമിടയിൽ, ആഴ്ചകൾ പിന്നിട്ട്, പഠിച്ച കുറെ പുതിയ പാഠങ്ങളുമായി, ഞങ്ങൾ മൂന്നു പേരും ഒെട്ടാക്കെ സുഖമായിരിക്കുന്നു. ഡോ. അനിൽ, ഡോ. പ്രമോദ്, നാസർ സാഹിബ്, ഡോ. ഹരികൃഷ്ണൻ, ഡോ. അജിത് താക്കൂർ… അവരുടെയൊക്കെ കൈപിടിച്ച് ഭാഗ്യത്തിെൻറ നൂൽപാലത്തിലൂടെ മറുകര താണ്ടിയ ആഴ്ചകൾ. കൈ പിടിച്ചവരോട്, നിരന്തരം അന്വേഷിച്ചവരോട്, നന്ദി പറയാനില്ല. ആ രണ്ടക്ഷരം പോരാത്തിടത്ത്, അതു പ്രയോഗിക്കുന്നത് ചീപ്പാണ്.

Next Story