Top

‘ബല്‍റാമിന്റെ വായില്‍ പച്ചരി, പച്ചക്കള്ളം പറഞ്ഞത് എകെജി അല്ലാത്തതിനാല്‍ മിണ്ടിയിട്ടില്ല’; ഇരുവരും ഇതുവരെ പറഞ്ഞതിന്റെ നിജസ്ഥിതി ഊഹിക്കാമെന്ന് സുദീപ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമും ഹോട്ടലിലിരുന്ന സംഭവത്തില്‍ പ്രതികരണവുമായി മുന്‍ പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ്. രമ്യയും ബൽറാമും സംഘവും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഹോട്ടലിൽ ഇരുന്നത്. ആ നിയമലംഘനത്തെ മാന്യമായാണ് ആ യുവാവ് ചോദ്യം ചെയ്തത്. തുടർന്ന് രമ്യ-ബൽറാം സംഘത്തിൻ്റെ കൂട്ടാളികൾ ആ യുവാവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതെല്ലാം വീഡിയോയിൽ നിന്ന് പകൽ പോലെ വ്യക്തമാണെന്നിരിക്കെ രമ്യ ഹരിദാസ് പച്ചക്കള്ളം പറയുകയാണെന്നും അതിന് വിടി […]

26 July 2021 9:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബല്‍റാമിന്റെ വായില്‍ പച്ചരി, പച്ചക്കള്ളം പറഞ്ഞത് എകെജി അല്ലാത്തതിനാല്‍ മിണ്ടിയിട്ടില്ല’; ഇരുവരും ഇതുവരെ പറഞ്ഞതിന്റെ നിജസ്ഥിതി ഊഹിക്കാമെന്ന് സുദീപ്
X

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമും ഹോട്ടലിലിരുന്ന സംഭവത്തില്‍ പ്രതികരണവുമായി മുന്‍ പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ്.

രമ്യയും ബൽറാമും സംഘവും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഹോട്ടലിൽ ഇരുന്നത്. ആ നിയമലംഘനത്തെ മാന്യമായാണ് ആ യുവാവ് ചോദ്യം ചെയ്തത്. തുടർന്ന് രമ്യ-ബൽറാം സംഘത്തിൻ്റെ കൂട്ടാളികൾ ആ യുവാവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതെല്ലാം വീഡിയോയിൽ നിന്ന് പകൽ പോലെ വ്യക്തമാണെന്നിരിക്കെ രമ്യ ഹരിദാസ് പച്ചക്കള്ളം പറയുകയാണെന്നും അതിന് വിടി ബല്‍റാം കൂട്ടുനില്‍ക്കുകയാണെന്നും എസ് സുദീപ് പറഞ്ഞു.

നിയമലംഘനം ചോദ്യം ചെയ്ത യുവാവിനെതിരെ രമ്യ ഹരിദാസ് ഉയർത്തുന്ന ആരോപണങ്ങള്‍ക്കെതിരെയും സുദീപ് വിമർശനമുന്നയിച്ചു. നാട്ടിലെ പച്ചക്കള്ളമായ സ്ത്രീപീഡന പരാതികള്‍ക്ക് ഇത്തരത്തിലുള്ള ‘രമ്യ-ബൽറാം മാതൃകകൾ‘ ഊർജമാകുമെന്നായിരുന്നു വിമർശനം.

കുറിപ്പിന്‍റെ പൂർണ്ണരൂപം:

രമ്യ-ബൽറാം മാതൃകകൾ ശേഷിക്കുന്നിടത്തോളം പച്ചക്കള്ളമായ സ്ത്രീപീഡന പരാതികൾ ഉണ്ടാകുക തന്നെ ചെയ്യും.

ഏതു കാര്യത്തിനും നാഴികയ്ക്കു നാല്പതു വട്ടം പരാതിപ്പെടുന്ന ആളാണ് രമ്യ. ബൽറാം പ്രപഞ്ചത്തിലെ സകല അനീതികൾക്കും എതിരെ പ്രതികരിക്കുന്നയാളും.

അവർ ഇരുവരും ശിങ്കിടികളും ഹോട്ടലിൽ ചെല്ലുന്നു. പാഴ്സൽ വാങ്ങാനാണത്രെ സംഘം അകത്ത് തീൻമേശയിൽ ഇരുന്നത്! ബാക്കിയുള്ളവരൊക്കെ ക്യൂ നിൽക്കുമ്പോഴാണ് എന്നോർക്കണം.

പോട്ടെ, ക്ഷമിച്ചേക്ക്.

ചുറ്റുമുള്ള മേശകളിൽ ആൾക്കാർ ഇരുന്നു കഴിക്കുന്നതു കാണാം. എല്ലാക്കാര്യത്തിനും പരാതിപ്പെടുന്ന ബഹുമാന്യയായ ആലത്തൂർ എം പി രമ്യ ഹരിദാസും പ്രപഞ്ചത്തിലെ എല്ലാ അനീതികൾക്കുമെതിരെ പ്രതികരിക്കുന്ന ബഹുമാനപ്പെട്ട മുൻ തൃത്താല അംഗം വി ടി ബൽറാമും എന്തേ പ്രതികരിച്ചില്ല? പരാതിപ്പെട്ടില്ല?

ഹോട്ടൽ സി പി എം ലോക്കൽ കമ്മറ്റി മെംബറുടെ കുഞ്ഞമ്മേടെ നാത്തൂൻ്റെ അമ്മായിയമ്മേടെ മരുമോൻ്റെയല്ലാത്തതുകൊണ്ടാണോ?

അതോ ഹോട്ടലിൽ പച്ചരിച്ചോറില്ലാതിരുന്നതുകൊണ്ടോ?

രമ്യ-ബൽറാം സംഘത്തെ പൗരബോധമുള്ള ഒരു യുവാവ് ചോദ്യം ചെയ്തപ്പോൾ അതിനെ മാനിച്ച് പുറത്തിറങ്ങേണ്ടതിനു പകരം, അയാളെക്കൂടി റസ്റ്റോറൻ്റിൽ പിടിച്ചിരുത്താൻ ശ്രമിക്കുകയാണോ ഒരു ജനപ്രതിനിധി ചെയ്യേണ്ടത്?

അയാൾ ചോദിച്ച ന്യായമായ ചോദ്യങ്ങളെ മാനിച്ച് പുറത്തിറങ്ങാൻ രമ്യക്കും ബൽറാമിനും എന്തായിരുന്നു തടസം? പകരം അവരുടെ കൂട്ടാളികൾ അയാളെ കയ്യേറ്റം ചെയ്യുന്നു.

ഒരു വ്ളോഗർ തൻ്റെ വീഡിയോ എടുത്തെന്നും തന്നെ കയറിപ്പിടിച്ചെന്നും പിന്നീട് രമ്യ ആരോപിക്കുന്നു.

ഒരു വനിതാ ജനപ്രതിനിധിയെ പൊതു ഇടത്തിൽ ഒരു യുവാവ് സ്വയം വീഡിയോ എടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന്!

പരസ്യമായി വീഡിയോ പകർത്തിയ ഒരു സംഗതിയിൽ രമ്യ ഇത്രമേൽ പച്ചക്കള്ളം പറയുകയും ബൽറാം അതിനു കൂട്ടുനിൽക്കുകയും ചെയ്തെങ്കിൽ അവർ ഇത്രനാളും പറഞ്ഞതിൻ്റെയും ചെയ്തതിൻ്റെയും ഇനി പറയുന്നതിൻ്റെയുമൊക്കെ നിജസ്ഥിതി ഊഹിക്കാവുന്നതേയുള്ളു.

ഇതൊക്കെ പച്ചക്കള്ളമാണെന്നും, ഹോട്ടലിൽ ഇരുന്നു കഴിക്കാൻ വിലക്കുള്ളപ്പോൾ രമ്യയും ബൽറാമും സംഘവും ഹോട്ടലിൽ തീൻമേശയ്ക്കു ചുറ്റും ഇരിക്കുകയായിരുന്നെന്നും, അതേസമയം തന്നെ ചുറ്റുമുള്ള മേശകളിൽ ആൾക്കാർ ഇരുന്നു കഴിക്കുകയായിരുന്നെന്നും യുവാവ്, രമ്യയെ മാഡം എന്ന് അഭിസംബോധന ചെയ്ത്, തനിക്ക് മാഡത്തിൻ്റെ മകനാകാനുള്ള പ്രായമേ ഉള്ളു എന്നു പറഞ്ഞ് പൗരധർമ്മമെന്ന നിലയിൽ നിയമലംഘനത്തെ മാന്യമായി ചോദ്യം ചെയ്തതാണെന്നും, തുടർന്ന് രമ്യ-ബൽറാം സംഘത്തിൻ്റെ കൂട്ടാളികൾ ആ യുവാവിനെ കൈയേറ്റം ചെയ്യുകയായിരുന്നെന്നും വീഡിയോയിൽ നിന്നു പകൽ പോലെ വ്യക്തം.

രമ്യ പച്ചക്കള്ളം ആരോപിക്കുമ്പോൾ, വായിൽ പച്ചരി ഇരിക്കുന്നതിനാൽ ബൽറാം മിണ്ടിയിട്ടില്ല. എ കെ ജി ആയിരുന്നെങ്കിൽ ബൽറാം ചാടി വീഴുമായിരുന്നു.

ഈ നാട്ടിലെ പല പീഡന പരാതികളുടെയും അവസ്ഥ ഇതാണ്. പല പീഡനക്കേസുകളും രജിസ്റ്റർ ചെയ്യാൻ പൊലീസ് മടിക്കുന്നതിനു കാരണവും ഇതുതന്നെ. രജിസ്റ്റർ ചെയ്യുന്ന പല കേസുകളിലും പ്രതിയെ വെറുതെ വിടുന്നതും അതുകൊണ്ടാണ്. പ്രതിക്ക് പീഡന വീരൻ എന്ന പേര് ബാക്കിയാകും.

രമ്യയും ബൽറാമും ഒന്നോർക്കുക. ആലത്തൂരുകാരെയും തൃത്താലക്കാരെയും ഒരു തവണ പറ്റിക്കാൻ കഴിഞ്ഞേക്കും. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ കഴിയില്ല.

രമ്യ ഹരിദാസിൻ്റെ ധാരണ താൻ ഇന്ദിരാഗാന്ധിയാണെന്നും ഇത് 1975 ആണെന്നുമാണ്. അങ്ങനെയല്ലെന്ന് രമ്യയും താൻ സഞ്ജയ് ഗാന്ധിയല്ലെന്ന് വി ടി ബൽറാമും ഓർത്താൽ അവർക്കു നന്ന്.

Also Read: ‘എല്ലാം വീഡിയോയില്‍ വ്യക്തം; എന്നിട്ടും കയറി പിടിച്ചെന്ന വാദം’; പ്രതികരിച്ച യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന രമ്യ ഹരിദാസിനെതിരെ സോഷ്യല്‍മീഡിയ

Next Story