ശ്രീശാന്തിന് കളം ഒരുങ്ങുന്നു; സെയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള സാധ്യത ടീമില്‍

കൊവിഡ് ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനങ്ങളെ നിശ്ബദമാക്കിയിരുന്നു. അഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പതിയെ തുടങ്ങാനുള്ള പദ്ധതിയിലാണ് ബിസിസിഐ. സെയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശ്രീശാന്തിന്റെ സാന്നിധ്യവും ഉണ്ടാകും. ടൂര്‍ണമെന്റിനുള്ള കേരളത്തിന്റെ സാധ്യതാ ടീമില്‍ വലം കയ്യന്‍ ഫാസ്റ്റ് ബൗളറേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് എത്തുന്നത്. 2013ല്‍ ഐപിഎല്ലിനിടെ ഒത്തുകളി വിവാദത്തില്‍ പെടുകയും പിന്നീട് ബിസിസിഐ താരത്തെ ആജീവനാന്തം വിലക്കി. കോടതി കുറ്റവിമുക്തനാക്കിയിട്ടും കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് ശ്രീശാന്തിന്റെ വിലക്ക് മാറിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മോഡലില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നടത്താനിരുന്ന പ്രെസിഡന്സ് കപ്പിലായിരുന്നു ശ്രീശാന്ത് ആദ്യം കളിക്കുമെന്ന് കരുതിയത്. കൊവിഡ് സാഹചര്യം പരിഗണിച്ച് ടൂര്‍ണമെന്റ് നീട്ടി വച്ചു. രഞ്ജി ട്രോഫിയിലേക്കുള്ള ടീമില്‍ ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കെസിഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി രണ്ടാം വാരത്തോടെയാകും സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങുക.
നിലവില്‍ 26 അംഗ ടീമിനെയാണ് കെസിഎ പ്രഖ്യാപിച്ചിട്ടുള്ളത്. ശ്രീശാന്തിനെ കൂടാതെ സഞ്ജു സാംസണ്, റോബിന് ഉത്തപ്പ, ബേസില്‍ തമ്പി, സച്ചിന് ബേബി, ജലജ് സക്സേന എന്നിവരും ടീമിലുണ്ട്.