Top

‘സ്ഥാനമാനം ലഭിച്ചില്ലെങ്കില്‍ അവഗണിച്ചെന്ന തോന്നല്‍ പാര്‍ട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരം’; മന്ത്രിസഭാ രൂപീകരണത്തില്‍ എസ്ആര്‍പി

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഐഎം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ നയമാണ് മന്ത്രിസഭാ രൂപീകരണത്തിലും തുടര്‍ന്നതെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ ഏകകണ്‌ഠേനയുള്ള തീരുമാനം ആയിരുന്നെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. ഒരാളെ മാത്രം പ്രവര്‍ത്തന മികവിന്റെ പേരില്‍ വേര്‍തിരിച്ച് പരിഗണിക്കാനാകില്ല. സ്ഥാനമാനം ലഭിച്ചില്ലെങ്കില്‍ അവഗണിച്ചെന്ന തോന്നല്‍ പാര്‍ട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരമാണെന്നും എസ്ആര്‍പി പറയുന്നു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിശദീകരണം. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതില്‍ വിവാദം ഉടലെടുത്ത […]

27 May 2021 1:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സ്ഥാനമാനം ലഭിച്ചില്ലെങ്കില്‍ അവഗണിച്ചെന്ന തോന്നല്‍ പാര്‍ട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരം’; മന്ത്രിസഭാ രൂപീകരണത്തില്‍ എസ്ആര്‍പി
X

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഐഎം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ നയമാണ് മന്ത്രിസഭാ രൂപീകരണത്തിലും തുടര്‍ന്നതെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ ഏകകണ്‌ഠേനയുള്ള തീരുമാനം ആയിരുന്നെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. ഒരാളെ മാത്രം പ്രവര്‍ത്തന മികവിന്റെ പേരില്‍ വേര്‍തിരിച്ച് പരിഗണിക്കാനാകില്ല. സ്ഥാനമാനം ലഭിച്ചില്ലെങ്കില്‍ അവഗണിച്ചെന്ന തോന്നല്‍ പാര്‍ട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരമാണെന്നും എസ്ആര്‍പി പറയുന്നു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിശദീകരണം.

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതില്‍ വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ വിശദീകരണം. 59 എംഎല്‍എമാരില്‍ 26 പേരെ രണ്ട് തവണ മാനദണ്ഡപ്രകാരം ഒഴിവാക്കിയതിന്റെ തുടര്‍ച്ചയാണ് മന്ത്രിസഭാ രൂപീകരണനയത്തിലും കണ്ടതെന്ന് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ എസ്ആര്‍പി വ്യക്തമാക്കുന്നു. ഒഴിവാക്കിയ എംഎല്‍എമാരും മന്ത്രിമാരും എല്ലാം ചുമതലകള്‍ അതിസമര്‍ത്ഥമായി നിര്‍വ്വഹിച്ചവരാണ്. കേന്ദ്രകമ്മറ്റി അംഗങ്ങള്‍ മുതല്‍ സംസ്ഥാന കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് വരെ ഇതിലുണ്ട്. പ്രവര്‍ത്തന മികവിന്റെ പേരില്‍ ഒരാളെയും വേര്‍തിരിച്ച് പരിഗണിക്കാനാകുമായിരുന്നില്ല. എല്ലാവരും ഒരുപോലെ സമര്‍ത്ഥമായി പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ അത് പാര്‍ട്ടിക്കുള്ളിലും ജനങ്ങളിലും തെറ്റിദ്ധാരണയും അനൈക്യവും സൃഷ്ടിക്കും. പാര്‍ലമെന്ററി സ്ഥാനങ്ങള്‍ ലഭിക്കുമ്പോള്‍ പരിഗണിച്ചെന്നും മറിച്ചായാല്‍ അവഗണിച്ചെന്നും ഏതെങ്കിലും പ്രവര്‍ത്തകന്‍ കരുതുന്നത് പാര്‍ട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരമാണെന്നും ലേഖനത്തില്‍ പറയുന്നു.

പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് കൊണ്ടാണിതെന്നാണ് വിശദീകരണം. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വളരുന്നതിന് ഈ വ്യാമോഹം കാരണമാകുന്നെന്നും ലേഖനത്തില്‍ പറയുന്നു. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള കട്ടിപിടിച്ച പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിക്കുള്ളില്‍ വ്യാപകമാണ്. ഇത് പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്ക്കും ഉള്ള ഉറവിടം കൂടിയാണ്. ഒരേസ്ഥാനത്ത് ഒരാള്‍ തന്നെ തുടരുന്നത് പാര്‍ട്ടിക്കുള്ളില്‍ ആരോഗ്യകരമായ കൂട്ടായ്മയ്ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും 1995 ലെ ഛണ്ഡീഗഡ് പാര്‍ട്ടി കോണ്‍ഗ്രസിലെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് എസ്ആര്‍പി ചൂണ്ടിക്കാട്ടുന്നു.

മന്ത്രിസഭാ രൂപീകരണത്തില്‍ വനിതകളെ അവഗണിച്ചെന്നത് ബൂര്‍ഷ്വാ മാധ്യമങ്ങളുടെ പ്രചരണമാണ്. വ്യക്തിപരമായി ആരെയെങ്കിലും പരിഗണിച്ചോ എന്നതല്ല, പൊതുവായ പാര്‍ട്ടി നയം നടപ്പാക്കിയതാണ് വിലയിരുത്തേണ്ടത്. ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടിയും മറ്റുചിലരെ ഇകഴ്ത്തിയും ആശയക്കുഴപ്പം ഉണ്ടാക്കുന്നത് ബൂര്‍ഷ്വാ മാധ്യമങ്ങളാണ്. പ്രധാനപ്പെട്ട പാര്‍ട്ടിപാര്‍ലമെന്ററി സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങള്‍ വരുന്നത് പാര്‍ട്ടി തുടര്‍ച്ചയായി പുതുക്കപ്പെടാന്‍ സഹായിക്കും. ബംഗാളിലെയും ത്രിപുരയിലേയും അനുഭവങ്ങള്‍ പാര്‍ട്ടിക്ക് മുന്നിലുള്ളതും ഇത്തരം തീരുമാനങ്ങളെടുക്കാന്‍ കാരണമായെന്നും ലേഖനത്തില്‍ എസ്ആര്‍പി വ്യക്തമാക്കുന്നു

Next Story