Top

‘ബിജെപിയെ പരാജയപ്പെടുത്താന്‍ ആരുമായും ഒരുമിച്ച് നീങ്ങും’; സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് എസ്ആര്‍പി

ബംഗാളിലും അസമിലും കോണ്‍ഗ്രസുമായിച്ചേര്‍ന്ന് തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കുമെന്നും ബിജെപിയുമായി കോണ്‍ഗ്രസിന് കേരളത്തില്‍ സഖ്യമുള്ളതിനാലാണ് ഇവിടെ അവരെ പരാജയപ്പെടുത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിച്ചു.

31 Oct 2020 10:18 AM GMT

‘ബിജെപിയെ പരാജയപ്പെടുത്താന്‍ ആരുമായും ഒരുമിച്ച് നീങ്ങും’; സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് എസ്ആര്‍പി
X

ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്നോട്ടുവരുന്ന ഏത് പാര്‍ട്ടിയുമായും ഒരുമിച്ച് നീങ്ങുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. രാജ്യം കണ്ടതില്‍വെച്ചേറ്റവും അപകടകരമായ ഭരണമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. ഇതിനെ മതനിരപേക്ഷപാര്‍ട്ടികളുമായിച്ചേര്‍ന്ന് പരാജയപ്പെടുത്തുമെന്ന് എസ്ആര്‍പി മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗാളിലും അസമിലും കോണ്‍ഗ്രസുമായിച്ചേര്‍ന്ന് തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കുമെന്നും ബിജെപിയുമായി കോണ്‍ഗ്രസിന് കേരളത്തില്‍ സഖ്യമുള്ളതിനാലാണ് ഇവിടെ അവരെ പരാജയപ്പെടുത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിച്ചു. ബിജെപി കേന്ദ്രഅന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എസ്ആര്‍പിയുടെ വാക്കുകള്‍ ഇങ്ങനെ:

സിപിഐഎമ്മിന്റെ പോളിറ്റ്ബ്യൂറോ 25നും കേന്ദ്രകമ്മിറ്റി യോഗം ഇന്നലെയും ഇന്നുമായി ഇന്റര്‍നെറ്റ് സൗകര്യമുപയോഗിച്ച് ചേരുകയുണ്ടായി. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രക്ഷോഭങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് അടവുകളെപ്പറ്റിയും ചര്‍ച്ചകള്‍ നടന്നു. പൊതുവായി രാഷ്ട്രീയസ്ഥിതിഗതികള്‍ അപകടകരമായ ഘട്ടത്തിലാണ് രാജ്യം ഇപ്പോളുള്ളത്. കൊവിഡിനെ മറയാക്കി ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നവഉദാരസാമ്പത്തിക നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയത അടിച്ചേല്‍പ്പിക്കുന്നു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കുമേല്‍ ശക്തമായ കടന്നാക്രമണം നടത്തുന്നു. ഭരണഘടനയ്ക്ക് പോലും എതിരായ കാര്യങ്ങളാണ് ബിജെപി ചെയ്യുന്നത്.ഇന്ത്യയെ അമേരിക്കന്‍ സാമ്രാജത്യത്വത്തിന്റെ ഒരു കീഴാളസഖിയായി മാറ്റിത്തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അപകടകരമായ ഈ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകും. അതിന്റെ ഭാഗമായി നവംബര്‍ 26ന് അഖിലേന്ത്യ അടിസ്ഥാന്തതില്‍ പൊതുപണിമുടക്ക് നടത്തും. കാര്‍ഷികനിയമങ്ങള്‍ക്കെതിരായി കൃഷിക്കാരുടെ വലിയ സമരങ്ങള്‍ 26,27 തീയതികളില്‍ നടത്തും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന തരത്തില്‍ യുഡിഎഫിനും ബിജെപി സഖ്യത്തിനെതിരായി മത്സരിക്കും. തമിഴ്‌നാട്ടില്‍ ഡിഎംകെയും മറ്റ് മതനിരപേക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കിക്കൊണ്ട് ബിജെപി സഖ്യത്തെ നേരിടും. അസമില്‍ മതനിരപേക്ഷ കക്ഷികളും ഇടതുപക്ഷകക്ഷികളും ഒരുമിച്ചായിരിക്കും ബിജെപി സഖ്യത്തെ നേരിടുന്നത്. പടിഞ്ഞാറന്‍ ബംഗാളില്‍ ടിഎംസി, ബിജെപി കക്ഷികള്‍ക്കെതിരായി കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികള്‍, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരുമായി ധാരണയുണ്ടാക്കണമെന്നാണ് ഞങ്ങള്‍ കാണുന്നത്. ബംഗാളില്‍ കോണ്‍ഗ്രസുമായിച്ചേര്‍ന്ന് തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കും. അസമിലും അത്തരം സഖ്യമുണ്ടാകും. തമിഴ്‌നാട്ടില്‍ ഞങ്ങള്‍ക്ക് ഡിഎംകെയുമായി സഖ്യമുണ്ട്. അവര്‍ക്ക് കോണ്‍ഗ്രസുമായി സഖ്യമുള്ളതിനാല്‍ കോണ്‍ഗ്രസുമായി അത്തരം ധാരണയുമുണ്ട്.

കേരളത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വളരെ ബോധപൂര്‍വ്വമായ ശ്രമമാണ് കേന്ദ്രം നടത്തുന്നത്. കേന്ദ്രഅന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രം ചെയ്യുന്നത്. എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ്, സിബിഐ എന്നിവയെല്ലാം നിയമാനുസൃതമായി രൂപം കൊണ്ടവയാണ്. അവ സ്വതന്ത്രമായും നിഷ്പക്ഷമായും നീതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതാണ്. കേന്ദ്രം ഇവരെക്കൊണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഏജന്‍സികള്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കുന്നു. ആര്‍ക്കെതിരെ കേസെടുക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ ഇവര്‍ ചോര്‍ത്തി നല്‍കുന്നുമുണ്ട്. ഇത് അപകടകരമായ സ്ഥിതിയാണ്. ഈ ഏജന്‍സികളെ പരാജയപ്പെടുത്താന്‍ ജനങ്ങളെ അണിനിരത്തണം. അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തട്ടെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ്.

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെക്കുറിച്ച്:
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റുചെയ്ത ആരേയും സംരക്ഷിക്കുകയില്ല. ബിനീഷ് തെറ്റ്‌ചെയ്താല്‍ അയാള്‍ അതിന് മറുപടി പറയണം. തെളിവുകള്‍ ഹാജരാക്കട്ടെ. കുറ്റം ചെയ്‌തെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടേ. ഓരോ മണിക്കൂറും വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കുകയാണ് കേന്ദ്രഏജന്‍സി ചെയ്യുന്നത്. അത്തരത്തില്‍ ഇത് രാഷ്ട്രീയമാണ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റം മാത്രമാണ് ബിനീഷിനെതിരെ ഇപ്പോള്‍ ചാര്‍ത്തിയിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന്റെ അടിസ്താനത്തില്‍ ഞങ്ങളുടെ മക്കള്‍ തെറ്റ്‌ചെയ്തു എന്നുവരും. തെറ്റ് ചെയ്ത ആരെയെങ്കിലും സംരക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് പ്രധാനം. സിപിഐഎം സംസ്ഥാനസെക്രട്ടറിയ്‌ക്കെതിരായി ഒരു ആക്ഷേപവുമില്ല. അദ്ദേഹത്തിന്റെ മകനെതിരെയാണ് ആരോപണം. സമൂഹത്തിന്റെ സ്വാധീനശക്തി ഏറിയും കുറഞ്ഞും ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കുമുണ്ടാകാം. അത് ശ്രദ്ധയില്‍പ്പെടുമ്പോള്‍ തിരുത്താന്‍ ശ്രമിക്കും.

ശിവശങ്കറിന്റെ അറസ്റ്റിനെക്കുറിച്ച്:
ആളുകളെ ചൂഴ്ന്നുനോക്കാന്‍ ആകില്ലല്ലോ. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ത്തന്നെ ഞങ്ങള്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ശിവശങ്കര്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്കുള്ളത്‌പോലെ തന്നെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമുണ്ട്.

കേരളത്തില്‍ എന്തുകൊണ്ട് കോണ്‍ഗ്രസുമായി സഖ്യമില്ല? കേരളത്തില്‍മാത്രം അവരെ എന്തുകൊണ്ട് പരാജയപ്പെടുത്തണം? എസ്ആര്‍പിയുടെ മറുപടി

കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും സഖ്യത്തിലാണ്. ബിജെപി ഭരണം അത്യാപത്തായിരിക്കുന്നു. ഇതുപോലെ ആപത്തുള്ളഭരണം നമ്മുടെ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ല. അതിനെ പരാജയപ്പെടുകത്താന്‍ ആരെല്ലാം മുന്നോട്ടുവരുന്നോ അവരുമായി ഒരുമിച്ച് നീങ്ങാനാണ് ഞങ്ങളുടെ നീക്കം. ഇവിടെ കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും സഖ്യത്തിലാണ്. അതിനെ ഞങ്ങള്‍ പരാജയപ്പെടുത്തും. സിവശങ്കറുമായി ബന്ധപ്പെട്ടതോ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ പോളിറ്റ് ബ്യൂറോ ചര്‍ച്ചയ്ക്ക് വരാറില്ല. അത് ഇവിടെ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ടതാണ്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല. കോടതി തീരുമാനിക്കട്ടെ.

Next Story