
കൊവിഡ് രോഗം സ്ഥിരീകരിച്ച് പത്താം ദിവസമാകുമ്പോള്‍ തനിക്ക് വളരെ സുഖം തോന്നുന്നുവെന്നും കൊവിഡ് പ്രശ്‌നമില്ലാത്തതിനാല്‍ പ്രചാരണത്തിനിറങ്ങാന്‍ തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഫ്‌ലോറിഡയില്‍ ഉടന്‍ റാലി നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കൊവിഡ് ചികിത്സയോട് ട്രംപ് വളരെ വേഗം പ്രതികരിക്കുന്നുണ്ടെന്നും പൊതുപരിപാടികള്‍ക്ക് പങ്കെടുക്കുന്നതിന് മറ്റ് തടസങ്ങളില്ലെന്നും വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിരീക്ഷണകാലാവധി പോലും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഫ്‌ലോറിഡ പ്രചരണറാലി പ്രഖ്യാപനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളുയരുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഒരു ആന്‌റി ബോഡി മിശ്രിതം തുണച്ചതിനാല്‍ ഇപ്പോള്‍ താന്‍ ആരോഗ്യവാനാണെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. നിങ്ങളുടെ പ്രസിഡന്റ് ചെയ്ത അതേ ചികിത്സ തന്നെ കൊവിഡിനെതിരെ ഓരോ അമേരിക്കക്കാരനും സ്വീകരിക്കണെമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടണ്‍ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന ട്രംപ് ചികിത്സയ്ക്ക്‌ശേഷം കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിലേക്ക് മടങ്ങിയിരുന്നു. ട്രംപിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. ആന്റിബോഡി മിശ്രിതത്തിന് കൊവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം ഡെമോക്രാറ്റിക് വൈറ്റ്പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാഹാരിസിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച് ട്രംപ് പരസ്യമായി രംഗത്തെത്തി. കമല ഒരു സോഷ്യലിസ്റ്റല്ലെന്നും കമ്മ്യൂണിസ്റ്റ് ആണെന്നും ട്രംപ് ആക്ഷേപിച്ചു. നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കൊലപാതകര്‍ക്കും ബലാത്സംഗകര്‍ക്കും കൊടുംകുറ്റവാളികള്‍ക്കും വേണ്ടി തുറന്നുകൊടുക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കമ്മ്യൂണിസ്റ്റാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും ട്രംപ് കമല ഹാരിസിനെതിരെ ആഞ്ഞടിച്ചു.