‘പ്രതിസന്ധിയിലാണെങ്കില്‍ ബിജെപി പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് വരില്ല, രാഹുല്‍ ഈശ്വര്‍ വന്ന് ബാലന്‍സ് ചെയ്ത് മെഴുകും’; എസ് ലാല്‍കുമാര്‍
ബിജെപിയുടെ പ്രതിനിധികളാരും ഒന്നും ചെയ്തിട്ടില്ലെങ്കില്‍ കൃത്യമായി വിശദീകരിക്കാന്‍ എന്താണ് ബുദ്ധിമുട്ട്.
3 Jun 2021 4:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ബിജെപി പ്രതിസന്ധിയിലാകുന്ന വിഷയങ്ങളിലൊന്നും പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം പ്രതിനിധി എന്‍ ലാല്‍കുമാര്‍. ഇത്തരം ചര്‍ച്ചകളില്‍ വലതുപക്ഷ വാദം ഉന്നയിക്കുന്നത് രാഹുല്‍ ഈശ്വറാണെന്നും അദ്ദേഹം ബാലന്‍സ് ചെയ്ത് മെഴുകിയ മട്ടിലങ്ങ് പോകുമെന്നും ലാല്‍ കുമാര്‍ വിമര്‍ശിച്ചു. മീഡിയാ വണ്‍ ചര്‍ച്ചയിലായിരുന്നു പരാമര്‍ശം. കൊടകര കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ അല്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
”ബിജെപി തെരഞ്ഞെടുപ്പ് തന്നെ ഹവാല പണം കൈമാറ്റത്തിനായുള്ള അവസരമായി ഉപയോഗിച്ചുവെന്നാണ് മനസിലാക്കേണ്ടത്. അല്ലെങ്കില്‍ 400, 500കോടികളൊക്കെ 140 മണ്ഡലത്തിലേക്കുള്ള പ്രചാരണത്തിന് എന്തിനാണ്? തൃശൂരില്‍ മുറിയെടുത്തു കൊടുക്കുന്നു. മണിക്കൂറുകളോളം സംസാരിക്കുന്നു. ചോദിക്കുമ്പോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്ന് പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ദൗത്യമൊന്നുമില്ലതാനും. ടോം ആന്റ് ജെറിയിലെ കഥ വല്ലതും പറഞ്ഞതായിരിക്കും. അത്തരത്തിലൊരു സാഹചര്യമാണ്.
ബിജെപിയുടെ പ്രതിനിധികളാരും ചര്‍ച്ചയ്ക്ക് വരുന്നില്ല. ഇവരാരും ഒന്നും ചെയ്തിട്ടില്ലെങ്കില്‍ കൃത്യമായി വിശദീകരിക്കാന്‍ എന്താണ് ബുദ്ധിമുട്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം വിശദീകരണം നല്‍കിയിട്ടുണ്ട്. ബിജെപിയുടെ ബുദ്ധിമുട്ട് എന്താണെന്ന് മനസിലാവുന്നില്ല. ബിജെപി പിന്നോക്കം നില്ക്കുന്ന ഒരു ചര്‍ച്ചയില്‍ പോലും അവരുടെ പ്രതിനിധികളെ കാണാറില്ല. പാവം രാഹുല്‍ ഈശ്വറാണ് ചര്‍ച്ചയിലെത്തുന്നത്. വലതുപക്ഷ ആശയം കൈയ്യിലിരിക്കുന്നത് കൊണ്ട് പറഞ്ഞുവിടും, ഒരു പാര്ട്ടിക്കാര് സങ്കടം തോന്നരുതെന്ന രീതിയില്‍ രാഹുല്‍ ഈശ്വര്‍ സംസാരിക്കും. അങ്ങനെ മെഴുകിയ മട്ടലങ്ങ് പോവും. അങ്ങെനെ കാണേണ്ട വിഷയമാണോ ഇതെന്ന് എനിക്ക് സംശയമുണ്ട്.’ എന്‍ ലാല്‍കുമാര്‍