‘മതി, സൗജന്യത്തിനായി ഇനി കാത്തിരിക്കുന്നില്ല’; പെന്ഷന് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയ്ക്ക് എസ് ജയചന്ദ്രന് നായരുടെ കത്ത്
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ക്ഷേമപെന്‍ഷനുവേണ്ടി താന്‍ നല്കിയ അപേക്ഷ അദ്ദേഹം ചവറ്റുകുട്ടയില്‍ എറിഞ്ഞതായാണ് മനസിലാക്കുന്നതെന്നും ജയചന്ദ്രന് നായര്‍ പറഞ്ഞു.

പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്ഷന് നാളിതുവരെയായിട്ടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ് ജയചന്ദ്രന് നായരുടെ തുറന്ന കത്ത്. ക്ഷേമനിധി പെന്‍ഷനുവേണ്ടി എട്ടുവര്‍ഷം താന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്നും ഇനിയും സൗജന്യത്തിനായി കാത്തിരിക്കില്ലെന്നും സമകാലിക മലയാളം വാരിക മുന്‍ പത്രാധിപര്‍ എസ് ജയചന്ദ്രന് നായര്‍ കത്തില്‍ കുറിച്ചു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ക്ഷേമപെന്‍ഷനുവേണ്ടി താന്‍ നല്കിയ അപേക്ഷ അദ്ദേഹം ചവറ്റുകുട്ടയില്‍ എറിഞ്ഞതായാണ് മനസിലാക്കുന്നതെന്നും ജയചന്ദ്രന് നായര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത് ലാല്‍സലാം സഖാവേ എന്ന അഭിവാദ്യത്തോടെയാണ് അവസാനിക്കുന്നത്.
ജയചന്ദ്രന് നായരുടെ കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
മുഖ്യമന്ത്രിക്ക് ഒരു കത്ത്
ശ്രീ. പിണറായി വിജയന്
മുഖ്യമന്ത്രി, കേരളം
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
ബാലറ്റിലൂടെ കമ്യൂണിസം നടപ്പാക്കാന്‍ ഇഎംഎസും പാര്‍ട്ടിയും കഠിനമായി ശ്രമിക്കുന്ന കാലത്താണ് അന്‍പത്തിയേഴില്‍ എന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 2012 ല്‍ അതവസാനിപ്പിക്കുമ്പോള്‍ അന്പതില്പരം കൊല്ലങ്ങള്‍ പിന്നിട്ടിരുന്നുവെങ്കിലും സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. ആ സാഹചര്യത്തിലാണ്, പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്ഷന് എനിക്കൊരു സഹായമാകുമെന്ന് പ്രതീക്ഷിച്ചത്. അതും കാത്ത് ഏതാണ്ട് എട്ടു കൊല്ലം പിന്നിട്ടു. ഇടയ്ക്കുവെച്ച് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടി എന്റെ അപേക്ഷ ചവറ്റുകുട്ടയില്‍ കളഞ്ഞതായി അറിഞ്ഞു. അപ്പോഴും എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ശ്രീ പിണറായി മുഖ്യമന്ത്രിയാകുന്നതോടെ പെന്ഷന് അനുവദിക്കുമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല. താങ്കളുടെ സൗജന്യത്തിനായി മതി, ഇനി കാത്തിരിക്കുന്നില്ല.
സഖാവേ, ലാല്‍സലാം.
വിധേയന്
എസ്. ജയചന്ദ്രന് നായര്‍