Top

എസ് ഹരീഷിന്റെ വിവാദ ‘മീശ’യ്ക്ക് 25 ലക്ഷത്തിന്റെ ജെസിബി പുരസ്‌ക്കാരം; മീശയെ ‘മുസ്റ്റാഷ്’ ആക്കിയ ജയശ്രീക്കും 10 ലക്ഷം

ഈ വര്‍ഷത്തെ ജെസിബി പുരസ്‌ക്കാരത്തിന് അര്‍ഹനാക്കി എസ് ഹരീഷിന്റെ മീശ. ജെസിബി ലിറ്റ്ററി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന ഈ പുരസ്‌ക്കാരമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക സമ്മാനം നല്‍കുന്നത്. 25 ലക്ഷം രൂപയാണ് പുരസ്‌ക്കാരം ലഭിക്കുന്നവര്‍ക്ക് കിട്ടുക. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ ഇംഗ്ലീഷ് പരിഭാഷയായ മൂസ്റ്റാഷ് എന്ന നോവലിനാണ് പുരസ്‌ക്കാരം ലഭിച്ചത്. ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ ആയ നോവലുകളാണ് പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നത്. ജയശ്രീ കളത്തില്‍ എന്ന കോട്ടക്കല്‍ സ്വദേശിയാണ് ‘മീശ’ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ […]

7 Nov 2020 10:28 AM GMT

എസ് ഹരീഷിന്റെ വിവാദ ‘മീശ’യ്ക്ക് 25 ലക്ഷത്തിന്റെ  ജെസിബി പുരസ്‌ക്കാരം; മീശയെ ‘മുസ്റ്റാഷ്’ ആക്കിയ ജയശ്രീക്കും 10 ലക്ഷം
X

ഈ വര്‍ഷത്തെ ജെസിബി പുരസ്‌ക്കാരത്തിന് അര്‍ഹനാക്കി എസ് ഹരീഷിന്റെ മീശ. ജെസിബി ലിറ്റ്ററി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന ഈ പുരസ്‌ക്കാരമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക സമ്മാനം നല്‍കുന്നത്. 25 ലക്ഷം രൂപയാണ് പുരസ്‌ക്കാരം ലഭിക്കുന്നവര്‍ക്ക് കിട്ടുക. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ ഇംഗ്ലീഷ് പരിഭാഷയായ മൂസ്റ്റാഷ് എന്ന നോവലിനാണ് പുരസ്‌ക്കാരം ലഭിച്ചത്. ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ ആയ നോവലുകളാണ് പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നത്. ജയശ്രീ കളത്തില്‍ എന്ന കോട്ടക്കല്‍ സ്വദേശിയാണ് ‘മീശ’ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തത്. പരിഭാഷപ്പെടുത്തിയ വ്യക്തിക്കും പാരിതോഷികമായി 10 ലക്ഷം രൂപ ലഭിക്കും. 2018 ല്‍ ഷഹനാസ് ഹബീബ് വിവര്‍ത്തനം ചെയ്ത ബെന്യാമിന്റെ ജാസ്മിന്‍ ഡെയ്സിന് ശേഷം മലയാളത്തില്‍ ജെസിബി പുരസ്‌ക്കാരം നേടിയ രണ്ടാമത്തെ നോവലാണ് മീശ.

ഹരീഷിന്റെ മീശ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരവേ, ക്ഷേത്ര വിശ്വാസികളുടെയും ചില ഹിന്ദു സംഘടനകളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ അതേ നോവലിനാണ് പുരസ്‌ക്കാരമായി 25ലക്ഷം രൂപ സമ്മാനം ലഭിച്ചിരിക്കുന്നത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ചിലഭാഗങ്ങള്‍ ചിലര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബിജെപി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്നാണ് അന്ന് ഹരീഷ് നോവല്‍ പിന്‍വലിച്ചത്.

പിന്നീട് ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരണം നിര്‍ത്തിയ നോവല്‍ കോട്ടയം ഡിസി ബുക്സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. പുസ്തകമായി പ്രസിദ്ധീകരിച്ചതിനെതിരെയും ഹിന്ദു വര്‍ഗ്ഗീയസംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഹരീഷിനെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, എഴുത്തുമായി മുന്നോട്ട് പോവണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഒരു പുസ്തകം അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വിവര്‍ത്തനത്തിന്റെ മികവ് കൂടിയാണ്. പ്രാദേശിക ഭാഷയും നാടന്‍കഥകളും സംഭാഷണങ്ങളുമുള്ള ഒരു നോവലാകുമ്പോള്‍ അത് ടാന്‍സ്ലേഷന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഏറും. അതുകൊണ്ട് ജെസിബി ലിറ്ററേച്ചര്‍ പ്രൈസിന് താന്‍ ജയശ്രീയോട് കടപ്പെട്ടിരിക്കുന്നു എന്ന് എസ് ഹരീഷ് തന്റെ ഫേസ്ബക്കില്‍ കുറിച്ചു.മീശ എന്റെ നോവലാണെങ്കില്‍ മുസ്റ്റാഷ് ഞങ്ങള്‍ രണ്ടുപേരുടേതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ജെസിബി പ്രൈസ് ആഗ്രഹിച്ചിരുന്നു എന്നും കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. കൂടാതെ ഹാര്‍പര്‍ കോളിന്‍സിനും എഡിറ്റര്‍ രാഹുല്‍ സോണിക്കും ഉദയന്‍ മിത്രയ്ക്കും ഡിസി ബുക്സിനും സച്ചിദാനന്ദന്‍ മാഷിനും എസ് ഹരീഷ് നന്ദി അറിയിച്ചു. പ്രതിസന്ധി സമയത്ത് തന്റെ കൂടെനിന്ന് ചേര്‍ത്ത് പിടിച്ചവരെയും ഒപ്പം നിന്നതുകൊണ്ട് അവര്‍ക്കുണ്ടായ പ്രതിസന്ധികളേയും ഓര്‍ക്കുന്നു ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റും എസ് ഹരീഷിന് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം എസ് ഹരീഷിന്റെ ‘ആദം’ എന്ന പുസ്തകത്തിന് ലഭിച്ചിരുന്നു. കൂടാതെ ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’ മലയാളിയുടെ ജാതിചിന്തയിലേക്ക് വിരല്‍ ചൂണ്ടുന്ന ചെറുകഥയാണ്. മഹാകവിയായ കുമാരനാശാന്റെ വരികളാണ് ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’ എന്നത്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചാണ്‌ കുമാരനാശാന്‍ ഇങ്ങനെയെഴുതിയത്.

കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം, കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ്, സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വിപി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങളും എസ് ഹരീഷിന് ലഭിച്ചിട്ടുണ്ട്.

2018ല്‍ ആദ്യമായി ജെസിബി സാഹിത്യ പുരസ്‌കാരം ലഭിക്കുന്നത് പ്രശസ്ത മലയാളി എഴുത്തുകാരന്‍ ബെന്യാമിനാണ്. ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ‘ജാസ്മിന്‍ ഡേയ്‌സ്’ എന്ന കൃതിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. 25 ലക്ഷം രൂപയാണ് അദ്ദേഹത്തിനും പുരസ്‌കാരമായി ലഭിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌ക്കാരമാണ് ജെസിബി ലിറ്റററി ഫൗണ്ടേഷന്‍ നല്‍കുന്നത്.

Next Story