‘കമ്മ്യൂണിസ്റ്റ് ആശയത്തിലെ തുല്യതയാണ് ലക്ഷ്യം വെച്ചത്’; വിജയ് നടത്തിയ സൈക്കിൾ യാത്രയെക്കുറിച്ച് പിതാവ് എസ് ചന്ദ്രശേഖർ

തമിഴ് സൂപ്പര്‍ താരം വിജയ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സൈക്കിളിൽ എത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. താരത്തിന്റെ യാത്ര കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധം ആണെന്ന് പോലും വാർത്തകൾ പരന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പിതാവ് എസ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സാധാരണക്കാര്‍ക്കായാണ് വിജയ് സൈക്കിള്‍ യാത്ര നടത്തിയത്. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൊതു തെരഞ്ഞെടുപ്പാണ്. അതില്‍ വോട്ട് ചെയ്യാനായി വിജയ് സൈക്കിളില്‍ പോയത് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. നമ്മളെ മറ്റുള്ളവര്‍ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതിലാണ് കാര്യം. ഒരു വലിയ നടന് എന്ന നിലയ്ക്കോ അല്ലെങ്കില്‍ ഒരു വിഐപി എന്ന നിലയ്ക്കോ പോയി വോട്ട് ചെയ്യാതെ എല്ലാവരും തുല്യരാണ് എന്ന് കരുതി ഒരു പൗരന് എന്ന നിലയ്ക്ക് സാധാരണ ജനങ്ങളില്‍ ഒരാളായി പോയി എന്ന് ഞാന്‍ കരുതുന്നു. എല്ലാവരും തുല്യരാണ് എന്ന കമ്മ്യൂണിസ്റ്റ് ആശയം പോലെ..
എസ് ചന്ദ്രശേഖർ
വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിലേക്ക് ആർക്ക് വേണമെകിലും ഇറങ്ങാം, അതിൽ ജയ പരാജയം ജനങ്ങളുടെ കൈയിൽ ആണെന്ന് അദ്ദേഹം മറുപടി നൽകി. വിജയ്- എംജിആർ താരതമ്യത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ്യുടെ സൈക്കിള്‍ യാത്രയും ഇന്ധന വില വര്‍ദ്ധനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് താരത്തിന്റെ പബ്ലിസിറ്റി വിഭാഗം പറയുന്നത്. മാധ്യമങ്ങള്‍ക്ക് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതിനായി പബ്ലിസിറ്റി വിഭാഗം ട്വീറ്റ് ചെയ്യുകയായിരുന്നു. ‘വോട്ടിങ്ങ് ബുത്ത് വീടിനടുത്ത് ആയതിനാലും, പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാലുമാണ് വിജയ് സൈക്കള് ഉപയോഗിച്ചത്. അല്ലാതെ അതിന് പിന്നില്‍ മറ്റൊരു ഉദ്ദേശവുമില്ല.’ ട്വിറ്ററിൽ കുറിച്ചു.
നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. താരത്തിന്റെ സൈക്കിള്‍ യാത്ര ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലായിക്കഴിഞ്ഞു. വിജയ് സൈക്കിള്‍ നിരവധി വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ നിറഞ്ഞിരിക്കുകയാണ്. അതിന് പുറമെ വിജയ് വോട്ട് ചെയ്ത് തിരിച്ച് പോകുന്ന വിഡിയോയും വൈറലായിരുന്നു. സൈക്കിളില്‍ വന്ന താരം സ്കൂട്ടറിലാണ് വോട്ട് ചെയ്ത ശേഷം തിരിച്ച് പോയത്.