
താന്‍ മാധ്യസ്ഥം വഹിച്ച പണമിടപാട് ചര്‍ച്ചയ്ക്കിടെ ആദായ നികുതി വന്നപ്പോള്‍ ഓടിയെന്ന പ്രചാരണം തെറ്റാണെന്ന് പി ടി തോമസ് എംഎല്‍എ. ഓടേണ്ടി വന്നാലും ഓടുന്നയാളല്ല താന്‍ എന്ന് എംഎല്‍എ പറഞ്ഞു. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനും ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണിയ്ക്കും ഓടി നല്ല പരിചയമാണ്. അവര്‍ക്കാണ് ഓടി ശീലമുള്ളത്. സമൂഹമാധ്യമങ്ങളില്‍ മാതാപിതാക്കളില്ലാതെ നടത്തുന്ന അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കാനില്ലെന്നും തൃക്കാക്കര എംഎല്‍എ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിക്കിടെയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
ഞാന്‍ ഓടുന്നയാളല്ല. ഒരിക്കലും ഓടില്ല. സംഘട്ടനരംഗത്തു പോലും ഓടിയിട്ടില്ല. കട്ടപ്പനയില്‍ വെച്ച് 350 സിപിഐഎമ്മുകാര്‍ വന്ന് എന്റെ തല തല്ലിപ്പൊളിച്ചപ്പോള്‍ പോലും ഓടിയിട്ടില്ല.
പി ടി തോമസ്
അയാളുടെ (കുപ്പി രാമകൃഷ്ണന്) കൈയ്യില്‍ രണ്ട് ബാഗുകളുണ്ടായിരുന്നു. ഒരു ബാഗ് അമ്മയുടെ കൈയില്‍ കൊടുത്തു. ഒരു സാരിയും കൊടുത്തു. സാറിന് ഒരു ചായയെങ്കിലും കൊടുക്കണമെന്ന് വീട്ടിലെ അമ്മ പറഞ്ഞു. ഒരു കവിള് ചായ കുടിച്ചു. അഞ്ചുമന ദേവീക്ഷേത്രത്തിലെ കമ്മിറ്റിക്കാര് മുറ്റത്തുണ്ടായിരുന്നു. അവരോട് സംസാരിച്ച് പുറത്തേക്കിറങ്ങി. റോഡിലേക്ക് നടക്കാന്‍ 25 മീറ്റര്‍ ദൂരം മാത്രമാണുള്ളത്. എതിരെ നാല്-അഞ്ച് ആളുകള്‍ നടന്നുവരുന്നത് കണ്ടപ്പോള്‍ നിങ്ങളുടെ കൂടെയുള്ളവര്‍ ആണോയെന്ന് അമ്പലക്കമ്മിറ്റിക്കാരോട് ചോദിച്ചു. അവര്‍ അല്ലെന്ന് പറഞ്ഞപ്പോള്‍ വന്നവരോട് ചോദിച്ചു. അക്കൂട്ടത്തില്‍ ഒരാള്‍ ഇന്‍കം ടാക്സുകാരാണെന്ന് പറഞ്ഞു. ഞങ്ങള്‍ മുന്പോട്ട് നടന്നുപോയി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആദായന നികുതി വകുപ്പിനെ കണ്ടപ്പോള്‍ ചാടി ഓടിയെന്നാണ് കേട്ടത്. അയാളോട് വ്യക്തി വൈരാഗ്യമുള്ള ആരെങ്കിലും പറഞ്ഞുണ്ടാക്കിയതാണോയെന്ന് അറിയില്ല. കുപ്പി രാമകൃഷ്ണന് ഓടാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ വട്ടമിട്ട് തടഞ്ഞുനിര്‍ത്തിയെന്ന് കേട്ടു. അക്കൗണ്ടബിള്‍ പണമാണെങ്കില്‍ തിരികെ തരുമെന്ന് ആദായനികുതി വകുപ്പ് കുപ്പി രാമകൃഷ്ണനോട് പറഞ്ഞിട്ടുണ്ട്.
ഞാന്‍ തലയില്‍ മുണ്ടിട്ട് നടക്കുന്നയാളല്ല. ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോകും.
പി ടി തോമസ്
വീട്ടുകാരും കുപ്പി രാമകൃഷ്ണനും അയാളുടെ മാനേജരും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഗിരീഷും ഞാനുമാണ് ഉണ്ടായിരുന്നത്. ഒറ്റിയത് ആരാണെന്ന് അറിയില്ല. എട്ടാം തീയതി പണം കൈമാറുന്ന വിവരം അറിയാവുന്ന, ഞാനും കൂടി പങ്കെടുത്ത ചര്‍ച്ചയില്‍ ഉണ്ടായിരുന്ന സിപിഐഎമ്മിന്റെ ആളുകള്‍ ആണോയെന്നും അറിയില്ല. ഒരു സഖാവിന്റെ മക്കള്‍ക്ക് നീതി നേടിക്കൊടുക്കാനാണ് ശ്രമിച്ചത്. അതൊരു തെറ്റാണെങ്കില്‍ വീണ്ടും ആവര്‍ത്തിക്കുമെന്നും പിടി തോമസ് കൂട്ടിച്ചേര്‍ത്തു.