മന്ത്രിമാരെ മറികടന്ന് മുഖ്യമന്ത്രിക്കും സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം; ഭേദഗതിയെ എതിര്‍ത്ത് മന്ത്രിമാര്‍, വിയോജിപ്പുകള്‍ ഇങ്ങനെ
മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയില്‍ മന്ത്രിമാര്‍ക്ക് എതിര്‍പ്പ്. മന്ത്രിമാരായ ഇ ചന്ദ്രശേഖരനും കെ കൃഷ്ണന്കുട്ടിമാണ് ഭേദഗതിയെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതാണ് ഭേദഗതിയെന്നാണ് പ്രധാന വിമര്‍ശനം. ഭേദഗതിയുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് മന്ത്രിമാര്‍ വിയോജിച്ചത്. 15 വര്‍ഷത്തിന് ശേഷമാണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്നു എന്നതാണ് റൂള്‍സ് […]

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയില്‍ മന്ത്രിമാര്‍ക്ക് എതിര്‍പ്പ്. മന്ത്രിമാരായ ഇ ചന്ദ്രശേഖരനും കെ കൃഷ്ണന്കുട്ടിമാണ് ഭേദഗതിയെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതാണ് ഭേദഗതിയെന്നാണ് പ്രധാന വിമര്‍ശനം. ഭേദഗതിയുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് മന്ത്രിമാര്‍ വിയോജിച്ചത്.
15 വര്‍ഷത്തിന് ശേഷമാണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്നു എന്നതാണ് റൂള്‍സ് ഓഫ് ഭേദഗതിയിലെ പ്രധാന മാറ്റം.
മന്ത്രിമാര്‍ അവധിയില്‍ പ്രവേശിക്കുകയോ വിദേശ യാത്ര നടത്തുകയോ ചെയ്യുന്ന സാഹചര്യത്തില്‍ മറ്റാര്‍ക്കെങ്കിലും ചുമതലകൊടുക്കാമുള്ള അതിനുള്ള അധികാരം നിലവിലെ റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് ഗവര്‍ണര്‍ക്കാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ആ അധികാരം നല്‍കുന്നതാണ് മറ്റൊരു ഭേദഗതി. മുഖ്യമന്ത്രിയിലേക്കും വകുപ്പ് സെക്രട്ടറിമാരിലേക്കും കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്നു എന്നതാണ് ഈ പുതിയ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയോടുള്ള പ്രധാനപ്പെട്ട വിമര്‍ശനം.
നിലവില്‍ ഒരു വകുപ്പിന്റെ ചുമതല ആ വകുപ്പിന്റെ മന്ത്രിക്കാണ്. മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെക്കൂടി ഉള്‍പ്പെടുത്താനാണ് പുതിയ ശുപാര്‍ശ. സെക്രട്ടറിക്ക് ഇങ്ങനെ ലഭിക്കുന്ന അധികാരത്തിലൂടെ വേണമെങ്കില്‍ ബന്ധപ്പെട്ട മന്ത്രിയറിയാതെയും ഫയല്‍ തീര്‍പ്പാക്കാന്‍ കഴിയും. വകുപ്പ് മന്ത്രി മുഖേനയാണ് നിലവില്‍ ഫയലുകള്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തുക. പുതിയ ശുപാര്‍ശയില്‍ മുഖ്യമന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു വകുപ്പിലെയും ഫയലും വിളിച്ചുവരുത്തി തീരുമാനമെടുക്കാം. വകുപ്പ് മന്ത്രിയുടെ അഭിപ്രായം അറിയുകയോ, കൂടിയാലോചിക്കുകയോ വേണമെന്നില്ല.
മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സെക്രട്ടറി തലത്തിലാണ് തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള അധികാരവും സെക്രട്ടറിക്കാണ്. വിദഗ്ധരെ നിയമിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറി തസ്തികയും സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.