Top

യുഎന്നിലെ പാലസ്തീൻ അനുകൂല നിലപാട്; ആർഎസ്എസിൽ നിന്ന് ബിജെപിക്ക് ശക്തമായ താക്കീത് ലഭിച്ചേക്കും

തീവ്രവലതുപക്ഷ നിലപാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ആർഎസ്എസിന്റെ നിർദേശപ്രകാരമാണ് മോദി സർക്കാർ ഇസ്രായേലുമായി സൗഹൃദം സ്ഥാപിച്ചതെന്ന് അക്കാലത്ത് തന്നെ വിമർശനം ഉയർന്നിരുന്നു.

17 May 2021 5:03 AM GMT

യുഎന്നിലെ പാലസ്തീൻ അനുകൂല നിലപാട്; ആർഎസ്എസിൽ നിന്ന് ബിജെപിക്ക് ശക്തമായ താക്കീത് ലഭിച്ചേക്കും
X

ന്യൂഡൽഹി: യുഎന്നിൽ പാലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച സംഭവത്തിൽ ബിജെപിക്കെതിരെ ആർഎസ്എസിൽ നിന്ന് വിമർശനങ്ങൾ ഉയരാൻ സാധ്യത. ലോകത്ത് നടക്കുന്ന എല്ലാ അക്രമങ്ങളെയും യുദ്ധങ്ങളെയും എതിർത്തുകൊണ്ടുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെങ്കിലും പ്രത്യക്ഷമായി ഇത് പാലസ്തീനിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ്. ഇന്ത്യ ഏറെ വർഷങ്ങൾക്ക് മുൻപ് തന്നെ പാലസ്തീൻ അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒന്നാം മോദി സർക്കാരിന്റെ കാലഘട്ടം മുതൽ ഇസ്രായേലുമായി ഏറെ അടുപ്പം കാണിച്ച ഭരണകൂടം പരസ്യമായി പാലസ്തീനിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ രം​ഗത്തുവന്നില്ല.

തീവ്രവലതുപക്ഷ നിലപാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ആർഎസ്എസിന്റെ നിർദേശപ്രകാരമാണ് മോദി സർക്കാർ ഇസ്രായേലുമായി സൗഹൃദം സ്ഥാപിച്ചതെന്ന് അക്കാലത്ത് തന്നെ വിമർശനം ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ പാലസ്തീൻ അനുകൂല നിലപാടിലേക്ക് ഇന്ത്യ മാറുന്നത് ആർഎസ്എസിൽ നിന്നും വിമർശനങ്ങളുയരാൻ കാരണമാകും. പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സംഘപരിവാർ അനുകൂലികൾ വലിയ വിമർശനവും ഉയർത്തിട്ടുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും വിഷയത്തിൽ പരസ്യ പ്രഖ്യാപനങ്ങളൊന്നും നടത്താതിരിക്കുന്നത് ആർഎസ്എസ് സ്വാധീനം ചെലുത്തിയതാണെന്നും അഭ്യൂഹങ്ങളുണ്ട്.

”ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഗാസയിലേക്കുള്ള പ്രതികാര ആക്രമണങ്ങൾ എന്നിവ വൻദുരിതങ്ങൾക്ക് കാരണമാകുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മരിക്കുന്നുണ്ട്. ഇസ്രായേൽ പലസ്തീന് മേലുള്ള ആക്രമണവും ഗാസയിൽ നിന്ന് റോക്കറ്റാക്രമണവും അവസാനിപ്പിക്കണം. ഇരുവിഭാഗവും ആത്മനിയന്ത്രണം പാലിച്ച് ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കണം.” ജറുസലേമിൽ തത്സ്ഥിതി തുടരണമെന്നും തിരുമൂർത്തി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആഴ്ചകൾ നീണ്ടതോടെയാണ് ഇന്ത്യൻ പ്രതിനിധിയുടെ പ്രസ്താവന.

വെടിനിർത്തലിന് തയ്യാറല്ലെന്നാണ് ഇസ്രായേലും ഹമാസും നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നും ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. മരണനിരക്ക് 200 കവിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ​ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണത്തിൽ ​ഗണ്യമായ വർദ്ധനവുണ്ട്.

Next Story