Top

‘ശോഭയേയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാല്‍ മതി’; സുരേന്ദ്രന്‍ യുവമോര്‍ച്ച അദ്ധ്യക്ഷനേപ്പോലെ പെരുമാറുന്നെന്ന് ആര്‍എസ്എസ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ആര്‍എസ്എസ് നേതൃയോഗത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. കെ സുരേന്ദ്രന്റെ പ്രവര്‍ത്തനശൈലിയിലും തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടനത്തിലും കടുത്ത അതൃപ്തിയാണ് ആര്‍എസ്എസ് പ്രകടിപ്പിച്ചത്. ബിജെപി അദ്ധ്യക്ഷന്‍ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനെ പോലെ പെരുമാറുകയാണെന്ന് ആര്‍എസ്എസ് വിമര്‍ശിച്ചു. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടുവേണം മുന്നോട്ടുപോകാനെന്നും ആര്‍എസ്എസ് നേതൃത്വം കെ സുരേന്ദ്രന് നിര്‍ദ്ദേശം നല്‍കി. കൊച്ചിയില്‍ ആര്‍എസ്എസ് വിളിച്ചുചേര്‍ത്ത സംഘപരിവാര്‍ ഭാരവാഹികളുടെ യോഗത്തില്‍ കേന്ദ്ര വിദേശ […]

19 Dec 2020 6:48 AM GMT

‘ശോഭയേയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാല്‍ മതി’; സുരേന്ദ്രന്‍ യുവമോര്‍ച്ച അദ്ധ്യക്ഷനേപ്പോലെ പെരുമാറുന്നെന്ന് ആര്‍എസ്എസ്
X

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ആര്‍എസ്എസ് നേതൃയോഗത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. കെ സുരേന്ദ്രന്റെ പ്രവര്‍ത്തനശൈലിയിലും തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടനത്തിലും കടുത്ത അതൃപ്തിയാണ് ആര്‍എസ്എസ് പ്രകടിപ്പിച്ചത്. ബിജെപി അദ്ധ്യക്ഷന്‍ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനെ പോലെ പെരുമാറുകയാണെന്ന് ആര്‍എസ്എസ് വിമര്‍ശിച്ചു. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടുവേണം മുന്നോട്ടുപോകാനെന്നും ആര്‍എസ്എസ് നേതൃത്വം കെ സുരേന്ദ്രന് നിര്‍ദ്ദേശം നല്‍കി.

കൊച്ചിയില്‍ ആര്‍എസ്എസ് വിളിച്ചുചേര്‍ത്ത സംഘപരിവാര്‍ ഭാരവാഹികളുടെ യോഗത്തില്‍ കേന്ദ്ര വിദേശ കാര്യസഹമന്ത്രി വി മുരളീധരന്‍, ഒ രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തദ്ദേശ ഫലത്തേക്കുറിച്ച് ബിജെപി നേതൃത്വം ആര്‍എസ്എസിന് മുന്നില്‍ വിശദീകരണം നല്‍കി.

തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച രീതിയില്‍ നേട്ടം ഉണ്ടാക്കാനായില്ല. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് കാരണം.

ആര്‍എസ്എസ്

ശോഭാ സുരേന്ദ്രനേ പോലുള്ള നേതാക്കളുടെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇടപെട്ട് പരിഹരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അതിന് പകരം പരസ്യപ്രസ്താവനങ്ങള്‍ നടത്തി വിവാദങ്ങള്‍ക്ക് ചൂട് പകരുകയാണ് നേതാക്കള്‍ ചെയ്തതെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന് മുന്‍പ് താക്കീത് നല്‍കിയിരുന്നു.

ബിജെപിക്ക് വോട്ട് ശതമാനവില്‍ കുറവുണ്ടായെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. പ്രാഥമിക വിലയിരുത്തലില്‍ 14.52 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി നേടിയ വോട്ട് ശതമാനത്തിലും കുറവാണിത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 15.64 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 14.96 ശതമാനവും. നാല് വര്‍ഷം മുമ്പ് നേടിയ വോട്ടുകളിലും താഴെ പോയത് ബിജെപി കേന്ദ്ര നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ചു.

സിറ്റിങ് സീറ്റായ നേമത്ത് ഒന്നാം സ്ഥാനത്താണ്. പക്ഷെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തിയത് ഇപ്രാവശ്യം നാലായി ചുരുങ്ങി. മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനത്തായി.

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം ബിജെപി നിലനിര്‍ത്തി. ഭരണം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ച പഞ്ചായത്തുകളുടെ നാലിലൊന്നു പോലും തികയ്ക്കാനായില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്വന്തമാക്കാന്‍ കഴിയാഞ്ഞതും ക്ഷീണമായി.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ വീണ്ടും പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടിയെന്ന സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ശോഭാ സുരേന്ദ്രന്‍ പക്ഷവും കൃഷ്ണദാസ് പക്ഷവും രംഗത്തെത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.

Next Story