ആര്‍എസ്എസ് സ്‌കൂളുകള്‍ പാക് തീവ്രവാദ മദ്രസകള്‍ പോലെയെന്ന പരാമര്‍ശം; രാഹുലിനെ കടന്നാക്രമിച്ച് ആര്‍എസ്എസ്
രാജ്യത്തെ ആധുനിക സ്ഥാപനങ്ങളെയെല്ലാം ആര്‍എസ്എസ് കടന്നാക്രമിക്കുന്നുവെന്നും തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ വിദ്യാഭ്യാസമേഖലയില്‍ ഇടപെടല്‍ നടത്തുന്നുവെന്നും രാഹുല്‍ ഗാന്ധി കൗഷിക് ബാസുവുമായുള്ള അഭിമുഖത്തിനിടയില്‍ പറഞ്ഞതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.

ആര്‍എസ്എസ് നടത്തുന്ന സ്‌കൂളുകള്‍ പാക്കിസ്ഥാനില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ നടത്തുന്ന മദ്രസകള്‍ പോലെയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്. രാഹുല്‍ ഗാന്ധി തെറ്റിദ്ധാരണയും വെറുപ്പും പരത്തുകയാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നുണ പ്രചരിപ്പിക്കുന്നുവെന്നുമാണ് സംഘ്പരിവാര്‍ ചായ്‌വുള്ള മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശിക്കുന്നത്. രാഹുല്‍ പ്രസ്താവന പിന്‍വലിക്കണെമെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ ആധുനിക സ്ഥാപനങ്ങളെയെല്ലാം ആര്‍എസ്എസ് കടന്നാക്രമിക്കുന്നുവെന്നും തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ വിദ്യാഭ്യാസമേഖലയില്‍ ഇടപെടല്‍ നടത്തുന്നുവെന്നും രാഹുല്‍ ഗാന്ധി കൗഷിക് ബാസുവുമായുള്ള അഭിമുഖത്തിനിടയില്‍ പറഞ്ഞതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.
‘ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെയാണ് അവര്‍ ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്. ചരിത്രപാഠങ്ങള്‍ തിരുത്തുന്നു, മൂല്യങ്ങളെ മാറ്റിയെഴുതുന്നു, തുല്യതയെന്ന സങ്കല്‍പ്പത്തെ അവര്‍ കടന്നാക്രമിക്കുന്നു. ഒരു ആധുനിക സമൂഹത്തിന് ആവശ്യമുള്ള മൂല്യങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും നേരെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്. തുല്യതയെ ഏതുവിധേനെയും തകര്‍ക്കാനാണ് ഇവരുടെ ശ്രമം. അതിനിടയില്‍ ആര്‍എസ്എസ് സ്‌കൂളുകള്‍ ആരംഭിക്കുകയുണ്ടായി. പാക്കിസ്ഥാനിലെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ മദ്രസകളെ ഉപയോഗിക്കുന്നതുപോലെ ഒരു പ്രത്യേകതരം ലോകവീക്ഷണമുണ്ടാക്കാന്‍ ആര്‍എസ്എസ് ഈ സ്‌കൂളുകളെ ഉപയോഗിക്കുന്നു’. രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ.
അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനയ്ക്കുനേരെയും ബിജെപി ആര്‍എസ്എസ് നേതാക്കള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. അടിയന്തിരാവസ്ഥ തെറ്റായിരുന്നു എങ്കില്‍ കൂടിയും അന്ന് ജനാധിപത്യസ്ഥാപനങ്ങള്‍ ഇന്നത്തെ ആര്‍എസ്എസ് ഭരണത്തിന്‍ കീഴിലേതുപോലെ ഈ വിധം ദുര്‍ബലപ്പെട്ടിരുന്നില്ല എന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് നേരെയാണ് പരിഹാസം. രാഹുല്‍ പറയുന്നതെല്ലാം കേട്ട് ചിരിയാണ് വരുന്നതെന്നും രാഹുല്‍ ഇനിയും ആര്‍എസ്എസിനെ മനസിലാക്കാനുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. രാജ്യസ്‌നേഹം പഠിക്കാനുള്ള ഏറ്റവും നല്ല പാഠശാലയാണ് ആര്‍എസ്എസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസിലെ കോണ്‍വെല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൗഷിക് ബാസുവുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലായിരുന്നു അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട രാഹുലിന്റെ പരാമര്‍ശം. അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതെല്ലാം തെറ്റായിരുന്നു, എന്നാല്‍ സാഹചര്യങ്ങളില്‍ ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്നും രാജ്യത്തിന്റെ സ്ഥാപന ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും ശ്രമിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഞാന്‍ കരുതുന്നത് അതൊരു അബദ്ധമായിരുന്നുവെന്നാണ്. തീര്‍ച്ചയായും അതൊരു അബദ്ധമായിരുന്നു. ഇന്ദിരാഗാന്ധിയും അത് സമ്മതിച്ചിരുന്നു.’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ആര്‍എസ്എസിനെ കടന്നാക്രമിച്ചുകൊണ്ട് അവര്‍ രാാജ്യത്ത് അവരുടെ ആളുകളെ തിരുകി കയറ്റാനുള്ള ശ്രമം നനടത്തുകയാണെന്ന് രാഹുല്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെങ്കില്‍ കൂടി അവരുടെ ആളുകളെ പുറത്താക്കുകയെന്നത് അസംഭവ്യമായ കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയതിന്റെ പേരിലും താന്‍ ക്രൂശിക്കപ്പെട്ടിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിലും എന്‍എസ്‌യുവിലും തെരഞ്ഞെടുപ്പ് നടത്തിയത് താനാണ്, എന്നാല്‍ അതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടു. പാര്‍ട്ടിയില്‍ ഉള്ളവര്‍ പോലും തന്നെ ആക്രമിച്ചു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് വാദിക്കുന്നയാളാണ് താനെന്നും രാഹുല്‍ ഗാന്ധി കൂട്ടി ചേര്‍ത്തു.