
പ്രചരണത്തിനെത്താന്‍ ദേശീയ നേതാക്കളും പ്രചരണ പരിപാടികള്‍ക്ക് മികച്ച ടീമും പണവും എല്ലാമുണ്ടായിട്ടും കേരളത്തില്‍ ഒരു സീറ്റുപോലും നേടാന്‍ സാധിക്കാതിരുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് രൂക്ഷ വിമര്‍ശനം. കൈയ്യിലിരുന്ന സീറ്റ് പോലും നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രനും വി മുരളീധരനും എതിരെയാണ് പാര്‍ട്ടിയ്ക്കുള്ളില്‍ പടയൊരുക്കം നടക്കുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത നടപടി വേണമെന്ന് ആര്‍എസ്എസ് ഉള്‍പ്പെടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രി മുരളീധരനും ചേര്‍ന്നെടുക്കുന്ന ഏകപക്ഷീയമായ ചില നിലപാടുകളാണ് പരാജയത്തിന് കാരണമായതെന്ന് ആര്‍എസ്എസും ബിജെപിയിെല ഒരു വിഭാഗവും ആരോപിക്കുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ കേന്ദ്രനിരീക്ഷകരായി എത്തിയവര്‍ തിരുത്താത്തതിലും ആര്‍എസ്എസിന് അതൃപ്തിയുണ്ട്. കേന്ദ്രനേതൃത്വം അടിയന്തിര ഇടപെടല്‍ നടത്തിയിലെങ്കില്‍ ഒരു വിഭാഗം പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഉടന്‍ തിരുത്തല്‍ നടപടികള്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കൊവിഡ് കാലം കഴിഞ്ഞാല്‍ നടപടിയെടുക്കാമെന്ന നിലപാടിലാണ് ബിജെപി കേന്ദ്രനേതൃത്വം.
സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ തെരഞ്ഞെടുപ്പില്‍ തങ്ങളെ തിരിഞ്ഞുകുത്തിയെന്ന് ഒരു വിഭാഗം വിലയിരുത്തിയിരുന്നു.കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്താതെ പോയത് സംസ്ഥാനസര്‍ക്കാരിന് ഗുണകരമായെന്നാണ് ഭാരവാഹി യോഗത്തില്‍ ചില നേതാക്കളുടെ വിമര്‍ശനം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു. ഓണ്‍ലൈനായി നടന്ന ഭാരവാഹി യോഗത്തിലായിരുന്നു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനുനേരെ വിമര്‍ശനമുയര്‍ന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കേരളത്തിലെ ഇടപെടലുകള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന് പരക്കെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരായ ജനവികാരം തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടിയായെന്നാണ് ചില ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലുണ്ടായ പാളിച്ചയും നാമനിര്‍ദ്ദേശ പത്രികയിലുണ്ടായ പിഴവുകളും വലിയ രീതിയില്‍ പാര്‍ട്ടിയ്ക്ക് ദോഷം ചെയ്തെന്നാണ് വിലയിരുത്തല്‍.