Top

ഒടുവില്‍ സംഘ്പരിവാറിലെ കിസാന്‍ സംഘ് മൗനം ഭഞ്ജിച്ചു; താങ്ങുവില, പ്രാദേശിക വിപണി മുതലായ ആവശ്യങ്ങളുമായി കേന്ദ്രത്തിന് മുന്നിലേക്ക്

കാര്‍ഷിക പരിഷ്‌ക്കരണം ലക്ഷ്യമാക്കിയുള്ള നിമയങ്ങള്‍ക്കായി കര്‍ഷകര്‍ ദീര്‍ഘകാലങ്ങളായി കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിനുമുന്നില്‍ ഭരതീയ കിസാന്‍ സംഘിന്റെ നിര്‍ദ്ദേശം.

5 Dec 2020 12:57 AM GMT

ഒടുവില്‍ സംഘ്പരിവാറിലെ കിസാന്‍ സംഘ് മൗനം ഭഞ്ജിച്ചു; താങ്ങുവില, പ്രാദേശിക വിപണി മുതലായ ആവശ്യങ്ങളുമായി കേന്ദ്രത്തിന് മുന്നിലേക്ക്
X

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പത്താം ദിവസവും പ്രതിഷേധം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ തങ്ങളുടെ ആവശ്യങ്ങളറിയിച്ച് സംഘ്പരിവാറില്‍ ഉള്‍പ്പെട്ട കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍ സംഘ്. വിവാദനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ചപ്പോഴെല്ലാം മൗനത്തിലായിരുന്ന കിസാന്‍ സംഘ് പുതിയ കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളില്‍ നാല് ഭേദഗതികള്‍ വേണമെന്ന ആവശ്യവുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളെ കര്‍ഷകസൗഹൃദമാക്കി മാറ്റുന്നതിന് ഈ ഭേഗഗതികള്‍ അത്യന്താപേക്ഷിതമാണെന്നും കിസാന്‍ സംഘ് അറിയിച്ചു.


കാര്‍ഷിക പരിഷ്‌ക്കരണം ലക്ഷ്യമാക്കിയുള്ള നിമയങ്ങള്‍ക്കായി കര്‍ഷകര്‍ ദീര്‍ഘകാലങ്ങളായി കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിനുമുന്നില്‍ ഭരതീയ കിസാന്‍ സംഘിന്റെ നിര്‍ദ്ദേശം. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്നാണ് തങ്ങളുടെയും ആവശ്യമെന്ന് കിസാന്‍ സംഘ് നിലപാടറിയിച്ചു. താങ്ങുവിലയിലും താഴെ വിളകള്‍ക്ക് നല്‍കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും സംഘ്പരിവാറിനുള്ളിലെ കര്‍ഷകസംഘടന ആവശ്യപ്പെട്ടു.

പ്രാദേശികവിപണി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും ഇവര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.കര്‍ഷകരും കാര്‍ഷികരംഗത്തെ സ്വകാര്യ ഇടപാടുകാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക കാര്‍ഷിക കോടതികള്‍ രാജ്യമെമ്പാടും പ്രവര്‍ത്തനസജ്ജമാക്കണമെന്നും കിസാന്‍ സംഘ് ആവശ്യപ്പെട്ടു. അതേസമയം തെരുവില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകസംഘടനകളും കേന്ദ്രവും തമ്മിലുള്ള നിര്‍ണ്ണായക ചര്‍ച്ച ഇന്ന് ഉച്ചയ്ക്കുശേഷം നടക്കും.

താങ്ങുവില മാറ്റമില്ലാതെ തുടരും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ വെച്ചിരുന്നു. കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളില്‍ രണ്ടുവ്യവസ്ഥകള്‍ ഭേദഗതി ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തുടര്‍ ചര്‍ച്ചകളാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് നടക്കുക. ഈ നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച്ച നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ അംഗീകരിച്ചിരുന്നില്ല. സമവായം തേടി കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വിജ്ഞാന്‍ ഭവനിലാണ് കര്‍ഷകസംഘടനാ പ്രതിനിധികളെ ഇന്ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

Next Story